വലിയ മുസ്ലീം ജനസംഖ്യയുള്ള ഇന്ത്യയും ഇപ്പോൾ നടക്കുന്ന യുദ്ധത്തെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, ഇസ്രയേലിനെ പിന്തുണയ്ക്കുന്നതും ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കുന്നതുമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. “ഈ ആക്രമണത്തെക്കുറിച്ച ഞങ്ങൾക്ക് വളരെ വ്യക്തമായി അറിയാം. ഹമാസ് ഒരു ഭീകരസംഘടനയാണ്. ഇസ്രായേലിനുള്ള ഞങ്ങളുടെ പിന്തുണ നിരുപാധികമായി തുടരും, ” സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.
ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പതിവായി അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. ഗാസയിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തെ അപലപിച്ചും പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. “ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിൽ നടന്ന ആക്രമണത്തിൽ ഇന്ത്യ നടുക്കം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങളോട് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
advertisement
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സാധാരണ പൗരൻമാർക്കു സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ്. സംഘർഷ സ്ഥിതി അയവില്ലാതെ തുടരുന്നത് ഏറെ ആശങ്കാജനകമാണ്”, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള ലോക നേതാക്കളും ഇസ്രായേലിലെത്തി. രാജ്യ തലസ്ഥാനമായ ടെൽ അവീവിലെത്തിയ ബൈഡൻ ബുധനാഴ്ച ഒരു പ്രസംഗം നടത്തിയിരുന്നു. 9/11 ആക്രമണ സമയത്ത് അമേരിക്ക ചെയ്ത അതേ തെറ്റുകൾ വരുത്തരുതെന്നും ഇസ്രായേലിന്
ബൈഡൻ മുന്നറിയിപ്പ് നൽകി. “ഞങ്ങൾ നീതി തേടുകയും അത് ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഞങ്ങൾക്കും തെറ്റുകൾ സംഭവിച്ചു”, ബൈഡൻ പറഞ്ഞു.
സംഘർഷത്തിൽ ഇതുവരെ 3,500 പലസ്തീനികൾ കൊല്ലപ്പെടുകയും 11,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,400 ഇസ്രായേലികൾ മരിക്കുകയും കുട്ടികളടക്കം 200 ഓളം പേരെ ഹമാസ് പിടികൂടി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ഇസ്രായേൽ അധികൃതരും അറിയിച്ചു.