2015 ലാണ് ഈ ക്ഷേത്രസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. മഹന്ത് സ്വാമിമഹാരാജും മറ്റ് വിശിഷ്ടാതിഥികളും ചേർന്നാകും ഒക്ടോബർ 8 ന് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.
വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള 12,500-ലധികം വരുന്ന തൊഴിലാളികളാണ് റോബിൻസ്‌വില്ലിലെ ബാപ്സ് സ്വാമിനാരായണ അക്ഷർധാമിന്റെ നിർമാണത്തിന്റെ ഭാഗമായത്. ഇവരുടെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ ക്ഷേത്രമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യയിലെ ബാപ്സ് സന്യാസികളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒരു സംഘമാണ് ഈ ക്ഷേത്രം രൂപകൽപന ചെയ്തത്. ഇതിനായുള്ള കല്ല് യൂറോപ്പിന്റെ പല ഭാഗങ്ങളിലും നിന്നും കണ്ടെത്തിയാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഇവിടെ വെച്ച് അവ പല രൂപങ്ങളിൽ, കലാമികവോടെ മുറിച്ചെടുത്തു. ഇത് പിന്നീട് അമേരിക്കയിലേക്ക് കയറ്റി അയച്ചു. ഇന്ത്യയിൽ നിന്നുള്ള സന്നദ്ധ കരകൗശല വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നിർമാണം നടന്നത്.
advertisement
ക്ഷേത്രത്തിന്റെ അവസാന വട്ട മിനുക്കു പണികൾ നടന്നു വരികയാണ്. ഈ കൊത്തുപണികൾ ചെയ്യാൻ വൈദഗ്ധ്യവും, ക്ഷമയും, മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരിശ്രമവും, സൂക്ഷ്മതയും ശ്രദ്ധയുമെല്ലാം ആവശ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.
“എന്റെ ഗുരുവിന്റെ പ്രചോദനവും അദ്ദേഹം എനിക്കായി ചെയ്‌ത കാര്യങ്ങളുമാണ് ഞാൻ എല്ലാം ഉപേക്ഷിച്ച് ഇവിടെ വരാൻ കാരണം. അദ്ദേഹം ഏറെ പ്രചോദനാത്മകമായ ജീവിതമാണ് നയിച്ചത്. അത് ചരിത്രമാണ്. നമ്മുടെ ഇന്ത്യൻ സംസ്കാരം ഇവിടെ പ്രചരിപ്പിക്കുന്നതിനായി ഞങ്ങൾ ഇവിടെ ഒരു സ്മാരകം, അല്ലെങ്കിൽ ഒരു മഹാമന്ദിരം തന്നെ പണിതു. ഇത് എന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. വലിയ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ എനിക്കു സാധിച്ചു. വരും തലമുറകളിലേക്കു കൂടി സ്വാധീനം ചെലുത്തുന്നതിനുള്ള ഒരു ചെറിയ മാർഗമാണിത്”, സന്നദ്ധപ്രവർത്തകരിലൊരാളായ ജെന പട്ടേൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടക്കുക. നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങളും സെനറ്റർമാരും ബൈഡൻ സർക്കാരിലെ ഉദ്യോഗസ്ഥരും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും ചടങ്ങിൽ പങ്കെടുക്കാനെത്തും.
ഇന്ത്യ, യുകെ, യുഎസ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ഏകദേശം 1,400 ക്ഷേത്രങ്ങൾ ബാപ്സ് സ്വാമിനാരായൺ സൻസ്ത (BAPS Swaminarayan Sanstha) നിർമിച്ചിട്ടുണ്ട്.