അമേരിക്കൻ സന്ദര്‍ശനത്തിനിടെ വിശിഷ്ടാതിഥികളെ താമസിപ്പിക്കുന്ന ഔദ്യോഗിക വസതിയായ ബ്ലെയര്‍ ഹൗസിലായിരിക്കും പ്രധാനമന്ത്രി മോദി താമസിക്കുക. വൈറ്റ് ഹൗസിന് എതിര്‍വശത്ത് 1651 പെന്‍സില്‍വാനിയ അവന്യൂവില്‍ സ്ഥിതി ചെയ്യുന്ന ബ്ലെയര്‍ ഹൗസ് ഒരു ഗസ്റ്റ് ഹൗസ് മാത്രമല്ല. വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍, രാജാക്കന്മാര്‍, ആഗോള നേതാക്കള്‍ എന്നിവരെ സ്വീകരിച്ച ബ്ലെയര്‍ ഹൗസ് 'ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലുസീവായ ഹോട്ടല്‍' എന്നാണ് അറിയപ്പെടുന്നത്.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ ഗോള്‍ഡ മെയര്‍, യിത്സാക്ക് റാബിന്‍, ഷിമോണ്‍ പെരസ്, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലെ, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയ നിരവധി ലോക നേതാക്കള്‍ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രസിഡന്‍ഷ്യല്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്.
advertisement
ഇത് വെറുമൊരു വസതിയല്ല. മറിച്ച് വൈറ്റ് ഹൗസിന്റെ വിപുലീകരണമാണ് ബ്ലെയര്‍ ഹൗസ്. 70,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണം. 119 മുറികളാണ് ഇതിലുള്ളത്. 14 ഗസ്റ്റ് റൂമുകള്‍, 35 ബാത്ത്‌റൂമുകള്‍, മൂന്ന് ഔദ്യോഗിക ഫോര്‍മല്‍ ഡൈനിംഗ് മുറികള്‍, പൂര്‍ണമായും സജ്ജീകരിച്ച ബ്യൂട്ടി സലൂണ്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരസ്പരം ബന്ധിപ്പിച്ച നാല് ടൗണ്‍ ഹൗസുകളുടെ ഒരു സമുച്ചയമാണിത്.
ഇന്ത്യൻ പതാകയുമേന്തി നിരവധി പ്രവാസികളാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി എത്തിയത്. "ക്രച്ചസില്‍ വരെ ആളുകള്‍ പ്രധാനമന്ത്രിയെ കാണാനായി എത്തിയിരുന്നു. കടുത്ത ശൈത്യകാലത്തെയും മഞ്ഞുവീഴ്ചയെയും അതിജീവിച്ചാണ് അവര്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്," ഇന്ത്യന്‍ പ്രവാസികളിലൊരാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സിലെ പാരീസില്‍ നടന്ന എഐ ഉച്ചകോടിക്ക് ശേഷമാണ് പ്രധാനമന്ത്രി മോദി വാഷിംഗ്ടണില്‍ എത്തിയിരിക്കുന്നത്. പാരീസില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും ഭാര്യ ഉഷ വാന്‍സിനെയും പ്രധാനമന്ത്രി കാണുകയും അവരുടെ മകന്‍ വിവേക് വാന്‍സിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വാന്‍സ് കുടുംബത്തിലെ കുട്ടികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, വാണിജ്യം, ഉഭയകക്ഷി ബന്ധം, ക്വാഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, താരിഫ് എന്നീ വിഷയങ്ങളിൽ ഇരുവരും ചര്‍ച്ചകള്‍ നടത്തും. ട്രംപിന്റെ സഖ്യകക്ഷിയും ടെക് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: Prime Minister Narendra Modi is staying in Blair House, the official guest residence of the US President during his two-day visit