മുന്‍ ഫാഷന്‍ ഫോട്ടോഗ്രഫറായ ആല്‍ബെര്‍ട്ടോ ഡിയാസ് ഗുട്ടിറസ് എന്ന കോർഡ ആണ് ഈ ചിത്രം പകര്‍ത്തിയത്. ചെഗുവേര എന്നറിയപ്പെടുന്ന ഏണസ്റ്റോ ഗുവേര ഡി ലാ സെര്‍നയെ ഈ ഒരൊറ്റ ചിത്രത്തിലൂടെ അദ്ദേഹം അനശ്വരനാക്കി. തന്റെ ലെയ്ക്ക എം2 കാമറയിലെ 90 എംഎം ലെന്‍സ് ഉപയോഗിച്ചാണ് കോര്‍ഡ ഈ ചിത്രം പകര്‍ത്തിയത്.
വിപ്ലവ നേതാവ്, വൈദ്യന്‍, മാര്‍ക്‌സിസ്റ്റ്‌സ്, ഗറില്ല നേതാവ്, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം ചെഗുവേര പ്രശസ്തനാണ്. 'ചെ' എന്നും അറിയപ്പെടുന്ന ചെഗുവേരയുടെ ജീവിതത്തെക്കുറിച്ചോ നേരിട്ട ചൂഷണങ്ങളെക്കുറിച്ചോ അധികമൊന്നും അറിയാത്തവര്‍ക്ക് പോലും കോര്‍ഡയുടെ ഈ ഐക്കണിക് ഫോട്ടോ കണ്ടാല്‍ അദ്ദേഹത്തെ തിരിച്ചറിയും.
advertisement
1960 മാര്‍ച്ചില്‍ ഹവാന നഗരമധ്യത്തില്‍, ടണ്‍ കണക്കിന് ഗ്രനേഡുകളും വെടിക്കോപ്പുകളും വഹിച്ചിരുന്ന ഫ്രഞ്ച് കപ്പലായ ലാ കൂബ്രെ പൊട്ടിത്തെറിച്ചിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാ നാവികരുടെയും സ്റ്റീവ്‌ഡോര്‍മാരുടെയും സ്മരണയ്ക്കായി ഒരു ശവസംസ്‌കാര മാര്‍ച്ച് നടത്തി. ഇതില്‍ തത്വചിന്തകരായ ജീന്‍ പോള്‍ സാര്‍ത്രും സിമോണ്‍ ഡി ബ്യൂവോയറും പങ്കെടുത്തിരുന്നു. ആ ചടങ്ങില്‍ റവല്യൂഷണറി യൂണിയന്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'റെവലൂഷൻ' എന്ന പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായ കോര്‍ഡയും ഉണ്ടായിരുന്നു.
''ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ഞാന്‍ മാര്‍ച്ച് കണ്ടത്. അതിനിടെ മീഡിയം ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ച് എന്റെ ലെയ്കയിലാണ് ചിത്രം പകര്‍ത്തി കൊണ്ടിരുന്നത്. ഞാന്‍ പോഡിയം പാന്‍ ചെയ്തു. പെട്ടെന്നാണ് ചെ എന്റെ കാമറയിലേക്ക് വന്നത്. ഉടൻ തന്നെ ഞാന്‍ ചിത്രം പകര്‍ത്തി. അപ്പോഴാണ് ഞങ്ങളുടെ പത്രത്തിന്റെ കവര്‍ ചിത്രത്തെക്കുറിച്ച് ഞാൻ ഓർത്തത്. അപ്പോള്‍ തന്നെ ഞാന്‍ കാമറ ലംബമായി വെച്ചു. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രവും പകര്‍ത്തി,'' പിന്നീട് ടൈംസ് ഓഫ് ലണ്ടന് നല്‍കിയ അഭിമുഖത്തില്‍ കോര്‍ഡ പറഞ്ഞു.
പിന്നീട് ഗറില്ലെറോ ഹീറോയിക്കോ('Guerillero Heroico) എന്ന് പേരിട്ട ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടില്ല. അത് കോര്‍ഡയുടെ സ്വകാര്യ ശേഖരത്തിലേക്ക് നീക്കി വെച്ചു. 1967ലാണ് ചെഗുവേരയുടെ ഛായാചിത്രം തേടി ഇറ്റാലിയന്‍ പ്രസാധകനും വ്യവസായിയുമായ ജിയാന്‍ഗിയാകോമോ ഫെല്‍ട്രിനെല്ലി കോര്‍ഡയുടെ അടുത്ത് എത്തുന്നത്. രണ്ട് കോപ്പികള്‍ കോര്‍ഡ അദ്ദേഹത്തിന് നല്‍കി. 1967 ഒക്ടോബര്‍ 8ന് ബൊളീവിയന്‍ സൈന്യം ചെ ഗുവേരയെ വധിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി പ്രമോഷണല്‍ പോസ്റ്ററുകളായി ഫെല്‍ട്രിനെല്ലി അച്ചടിച്ചത് ഇതേ പ്രിന്റായിരുന്നു. 1968ല്‍ പുറത്തിറക്കിയ ചെഗുവേരാസ് ബോളീവിയന്‍ ഡയറീസ് എന്ന പുസ്തകത്തിന്റെ കവറായാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്.
കോര്‍ഡ ഈ ചിത്രം പകര്‍ത്തി എട്ട് വര്‍ഷത്തിന് ശേഷം, ചെയുടെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷവും ഐറിഷ് കലാകാരനായ ജിം ഫിറ്റ്സ്‌പാട്രിക് ചിത്രത്തിന് കറുപ്പും ചുവപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ത്ത് കുറച്ചുകൂടി ആകര്‍ഷകമാക്കി. ചിത്രത്തിന് ഗറില്ലേറോ ഹീറോയ്‌ക്കോ എന്ന പേരും നല്‍കി.
അപ്പോഴേക്കും ചെഗുവേര വിപ്ലവത്തിന്റെ മുഖമായും സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതീകവുമായി മാറിയിരുന്നു. ചിത്രത്തിലൂടെ ഫെല്‍ട്രിനെല്ലിയും പ്രശസ്തനായി. എന്നാല്‍, ചിത്രം പകര്‍ത്തിയ കോര്‍ഡയ്ക്ക് ചിത്രത്തിന്റെ റോയല്‍റ്റിയൊന്നും ലഭിച്ചില്ല. ചിത്രത്തിന്റെ ജനപ്രീതിയില്‍ നിന്ന് തന്റെ പിതാവിന് കാര്യമായ നേട്ടമൊന്നും ലഭിച്ചില്ലെന്നും ലാഭം ഉണ്ടാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ലെന്നും കോര്‍ഡയുടെ മകള്‍ ഡയാന ഡയസ് സിജിടിഎന്‍ അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ചിത്രം ചെഗുവേരയെ പ്രശസ്തനാക്കാന്‍ സഹായിച്ചുവെന്നത് മാത്രമാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ജീവിച്ചിരുന്ന സമയത്ത് തന്റെ ജോലിയുടെ ഭാഗമായി ഒരു ചിത്രം അവശേഷിപ്പിച്ചുവെന്നും എന്നാല്‍ അതില്‍ നിന്ന് നേട്ടമൊന്നും ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നും മരിക്കുന്നതിന് മുമ്പ് ഒരു ഡോക്യുമെന്ററിക്ക് നല്‍കിയ അഭിമുഖത്തില്‍ കോര്‍ഡ പറഞ്ഞിരുന്നു.