പ്രാദേശിക കമ്പനികളുമായാണ് താലിബാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ചൈന, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പങ്കാളികളുമായും ഈ കമ്പനികള്‍ക്ക് ബന്ധമുണ്ട്. ഇവ ഹെറാത്ത്, ഘോര്‍, ലോഗര്‍, തഖര്‍ എന്നീ പ്രവിശ്യകളില്‍ ഇരുമ്പയിര്, സിങ്ക്, സ്വര്‍ണ്ണം എന്നിവയുടെ സംസ്‌കരണവും വേര്‍തിരിച്ചെടുക്കലും നടത്തുന്നുണ്ട്.
കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളെപ്പറ്റി താലിബാന്‍ സര്‍ക്കാരിലെ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്‍ ഗനി ബരാദര്‍ അഖുണ്ട് ചില സൂചനകള്‍ നല്‍കി. ഇത് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഫ്ഗാന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also read-പഠിക്കാനായി ദുബായിലേക്ക് പോകാനൊരുങ്ങിയ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ യാത്ര താലിബാന്‍ തടഞ്ഞു
”അഫ്ഗാനിസ്ഥാനില്‍ ധാതുക്കളുണ്ടെന്ന് താലിബാന് അറിയാം. ഇത് വലിയൊരു സമ്പത്താണ്. എന്നാല്‍ അത്ര പെട്ടെന്ന് പണം കൊയ്യാനകില്ല. ധാതുഖനനം വളരെ ശ്രമകരമായ ജോലിയാണ്. കൃത്യമായ ചട്ടക്കൂടും സ്ട്രാറ്റജിയും അടിസ്ഥാനസൗകര്യവും അതിനാവശ്യമാണ്,” എന്ന് ഖനനമേഖലയിലെ വിദഗ്ധനായ ജാവേദ് നൂറാനി പറഞ്ഞു.
അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനായി താലിബാന്‍ വിദേശ നിക്ഷേപം തേടിയിരുന്നു.മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ ബജറ്റിന്റെ 80 ശതമാനവും ലഭിച്ചിരുന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നായിരുന്നു. ആ സാമ്പത്തിക സ്രോതസ് ഇപ്പോള്‍ പൂര്‍ണ്ണമായും അടഞ്ഞനിലയിലാണ്.
അഫ്ഗാനിലെ മുന്‍ സര്‍ക്കാരിനെ പോലെ രാജ്യത്തിന്റെ വിശാലമായ ധാതു സമ്പത്തിലാണ് താലിബാനും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ലോഗര്‍ പ്രവിശ്യ അഫ്ഗാനിസ്ഥാനിലാണെന്നതും ഈ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നു.
ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാനില്‍, ഒരു ട്രില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടി രൂപ) വിലമതിക്കുന്ന ധാതുക്കള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021ല്‍ താലിബാന്‍ രാജ്യം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാന്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായി. എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ഉള്‍പ്പെടെ ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ധാതു നിക്ഷേപമാണ് രാജ്യത്തുള്ളതെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ജിയോളജിസ്റ്റുകളും വെളിപ്പെടുത്തി. ലിഥിയം കൂടാതെ, ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, മറ്റ് അപൂര്‍വ ധാതുക്കള്‍ എന്നിവയും അഫ്ഗാനിസ്ഥാനിലുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് വിദഗ്ധര്‍ പറയുന്നു.
രണ്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയപ്പോള്‍ ടെസ്ലയോ ഐഫോണോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് ആധുനിക സാങ്കേതികവിദ്യകള്‍ ഇത്രയധികം വികാസം പ്രാപിക്കുകയോ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പലരും സങ്കല്‍പിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല.
എന്നാലിന്ന് സാഹചര്യങ്ങളാകെ മാറി. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രചാരം നേടാന്‍ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് വരെ ഭാവിയില്‍ വന്‍ തോതില്‍ ലിഥിയം വേണ്ടി വരും. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച്, 2020 നെ അപേക്ഷിച്ച്, 2040-ല്‍ ലിഥിയത്തിന്റെ ആവശ്യം 40 മടങ്ങ് ഉയരും.
അഫ്ഗാനിസ്ഥാനില്‍ ലിഥിയത്തിന്റെ വലിയൊരു കരുതല്‍ ശേഖരം ഉണ്ടെന്ന്, ‘ദ റെയര്‍ മെറ്റല്‍സ് വാര്‍’ (The Rare Metals War) എന്ന പുസ്തകത്തിന്റെ രചയിതാവ് ഗില്ലെം പിട്രോണ്‍ പറഞ്ഞു. ലിഥിയം ശേഖരത്തിന്റെ കാര്യത്തില്‍ ‘ലോകത്തിന്റെ സൗദി അറേബ്യ’ എന്നാണ് യുഎസ് അധികൃതര്‍ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചത്. രാജ്യത്ത് വലിയ തോതില്‍ ഇരുമ്പ്, ചെമ്പ്, കൊബാള്‍ട്ട്, സ്വര്‍ണം എന്നിവയുടെ നിക്ഷേപം ഉണ്ടെന്നും ഈ ദരിദ്ര രാജ്യത്തെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഖനന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാന്‍ ഈ ശേഖരത്തിന് കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.