പഠിക്കാനായി ദുബായിലേക്ക് പോകാനൊരുങ്ങിയ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ യാത്ര താലിബാന്‍ തടഞ്ഞു
- Published by:Vishnupriya S
- news18-malayalam
Last Updated:
വിദ്യാര്‍ഥികളുടെ യാത്ര താലിബാന്‍ തടഞ്ഞെന്ന കാര്യം യൂണിവേഴ്‌സിറ്റി ഓഫ് ദുബായും അല്‍ ഹബ്തൂറും സ്ഥിരീകരിച്ചു
പഠിക്കാനായി ദുബായിലേക്ക് പോകാനൊരുങ്ങിയ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ യാത്ര താലിബാന്‍ തടഞ്ഞു. സ്ത്രീകള്‍ക്ക് സര്‍വകലാശാലയില്‍ താലിബാന്‍ പ്രവേശനം നിഷേധിച്ചതോടെ, തന്റെ ആകെയുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കുകയെന്നതായിരുന്നു എന്നും എന്നാൽ താലിബാൻ തടഞ്ഞതോടെ വിമാനത്താവളത്തില്‍ നിന്ന് തിരികെ പോകേണ്ടി വന്നെന്നും വിദ്യാർത്ഥികളിലൊരാൾ ബിബിസിയോട് പറഞ്ഞു. തങ്ങളെ എതിര്‍ക്കുന്ന സ്ത്രീകളെ താലിബാന്‍ ശക്തമായി അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്നും 20 കാരിയയായ അഫ്ഗാന്‍ വിദ്യാര്‍ഥി നാത്കായ് (യഥാർത്ഥ പേരല്ല) കൂട്ടിച്ചേർത്തു.
യുഎഇയിലെ യൂണിവേഴ്‌സിറ്റി ഓഫ് ദുബായില്‍ നിന്ന് നാത്കായിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ശതകോടീശ്വരനും വ്യവസായിയുമായ ഷെയ്ഖ് ഖലാഫ് അഹമ്മദ് അല്‍ ഹബ്തൂര്‍ ഏര്‍പ്പെടുത്തിയ ആണ് സ്‌കോളര്‍ഷിപ്പ് ആണിത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് 2022 ഡിസംബറിലാണ് അഫ്ഗാനിലെ സ്ത്രീകള്‍ക്കുവേണ്ടി ഈ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. അഫ്ഗാനിലെ 100-ല്‍ പരം വിദ്യാര്‍ഥിനികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചെന്നും ബിബിസി റിപ്പോര്‍ട്ടിൽ പറയുന്നു.
advertisement
വിദേശത്തുള്ള കുറച്ച് അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ ഇതിനോടകം തന്നെ ദുബായിലേക്ക് തിരിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 23 നാമ് നാത്കായ് കുടുംബാംഗങ്ങളോട് യാത്രപറഞ്ഞ് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, അവളുടെ പ്രതീക്ഷ വൈകാതെ തന്നെ അസ്തമിച്ചു. ”വിമാനടിക്കറ്റും സ്റ്റുഡന്റ് വിസയും താലിബാന്‍ കണ്ടെടുത്തു. സ്റ്റുഡന്റ് വിസയില്‍ രാജ്യം വിടാന്‍ പെണ്‍കുട്ടികളെ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു”, നാത്കായി പറഞ്ഞു. ഇത്തരത്തില്‍ വിമാനത്താവളത്തില്‍ നിന്ന് തിരികെപോയ അറുപതോളം പെണ്‍കുട്ടികളിലൊരാളാണ് നാത്കായി.
ഭര്‍ത്താവോ ബന്ധുവായ പുരുഷന്മാരിലൊരാളോ ഒപ്പമില്ലാതെ സ്ത്രീകളെ വിദേശത്തേക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് സ്ത്രീകളെ താലിബാന്‍ വിലക്കുന്നുണ്ട്. ഇത്തരത്തില്‍ പുരുഷന്മാരുടെ അകമ്പടിയോടെ പുറത്തുപോകുന്നത് മഹ്‌റാം എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ പുരുഷന്മാര്‍ കൂടെയുണ്ടായിട്ടും മൂന്ന് വിദ്യാര്‍ഥികളെ താലിബാന്‍ വിമാനത്തില്‍നിന്ന് പുറത്താക്കിയതായി നാത്കായി പറഞ്ഞു. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഭയപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു.
advertisement
സഹോദരിയെ അനുഗമിച്ച ഷാംസ് അഹമ്മദ് എന്നയാളും വിമാനത്താവളത്തിലുണ്ടായ സംഭവം ബിബിസിയോട് വിവരിച്ചു. ”ഇവിടെയുള്ള യൂണിവേഴ്‌സിറ്റികള്‍ അടച്ചതോടെ സ്‌കോളര്‍ഷിപ്പ് എന്റെ സഹോദരിക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വലിയ പ്രതീക്ഷയോടെ വീട് വിട്ട സഹോദരി കണ്ണീരോടെയാണ് മടങ്ങിയെത്തിയത്. അവരുടെ എല്ലാ അവകാശങ്ങളും ഇല്ലാതായിരിക്കുന്നു”, ഷാംസ് അഹമ്മദ് പറഞ്ഞു. പണം കടം മേടിച്ചിട്ടാണ് ഒട്ടേറെ വിദ്യാര്‍ഥിനികള്‍ തങ്ങളോടൊപ്പം വരുന്ന പുരുഷന്മാര്‍ക്ക് വിസ എടുത്തത്. എന്നാല്‍ അവരുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഷാംസ് കൂട്ടിച്ചേര്‍ത്തു. സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ പലരും ആരും സഹായിക്കാന്‍ ഇല്ലാത്തവരും പാവപ്പെട്ടവരുമാണ്.
advertisement
രേഖകളുടെ പരിശോധനയ്ക്കായി വിദേശകാര്യമന്ത്രാലയത്തിന് അടയ്‌ക്കേണ്ട തുക പോലും നല്‍കാന്‍ അവരില്‍ പലര്‍ക്കും കഴിയുമായിരുന്നില്ല. വിദ്യാര്‍ഥികളുടെ യാത്ര താലിബാന്‍ തടഞ്ഞെന്ന കാര്യം യൂണിവേഴ്‌സിറ്റി ഓഫ് ദുബായും അല്‍ ഹബ്തൂറും സ്ഥിരീകരിച്ചു. ഇസ്ലാംമതത്തില്‍ പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അല്‍ ഹബ്തൂര്‍ വ്യക്തമാക്കി. താലിബാന്‍ ഉദ്യോഗസ്ഥരെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അതേസമയം, ഇക്കാര്യത്തില്‍ താലിബാന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ഇത്തരം ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വൈസ് ആന്‍ഡ് വിര്‍ച്യു മന്ത്രാലയ വക്താവ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 29, 2023 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പഠിക്കാനായി ദുബായിലേക്ക് പോകാനൊരുങ്ങിയ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ യാത്ര താലിബാന്‍ തടഞ്ഞു