എന്നാൽ ഇപ്പോഴിതാ വർക്ക് ഫ്രം ഹോം സംവിധാനം ദുരുപയോഗം ചെയ്ത് ജോലിയിൽ കൃത്രിമം കാണിച്ച ജീവനക്കാരെ പിരിച്ചുവിട്ട വാർത്തയാണ് പുറത്തുവരുന്നത്. യുഎസിലെ മൂന്നാമത്തെ വലിയ ബാങ്കായ വെൽസ് ഫാർഗോ ആണ് തങ്ങളുടെ ഒരു ഡസനിലധികം ജീവനക്കാരെ പുറത്താക്കിയത്. സജീവമായി ജോലി ചെയ്യുന്നുണ്ടെന്ന പ്രതീതി വരുത്തി തീർക്കാൻ മൗസ് ജിഗ്ലറുകളും വ്യാജ കീബോർഡ് പ്രവർത്തനവും ജീവനക്കാർ അനുകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയാണ് (ഫിൻറ) ഇക്കാര്യം വെളിപ്പെടുത്തിയത്.
advertisement
" വെൽസ് ഫാർഗോ ജീവനക്കാരെ ഏറ്റവും മികച്ച രീതിയിൽ നിലനിർത്തും. എന്നാൽ ഇത്തരത്തിലുള്ള നീതിയുക്തമല്ലാത്ത പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ല," വെൽസ് ഫാർഗോ വക്താവ് ലോറി കൈറ്റ് പറഞ്ഞു. ഇത്തരം മോശം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.
നിലവിൽ വർക്ക് ഫ്രം ഹോം ജീവനക്കാരെ നിരീക്ഷിക്കുന്നതിനായി വൻകിട കമ്പനികൾ നൂതന നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്.
കമ്പ്യൂട്ടർ സ്ക്രീനിൽ ജോലി ചെയ്യുന്നുണ്ടെന്ന് കാണിക്കാന്‍ സഹായിക്കുന്നതിനാണ് "മൗസ് ജിഗ്ലറുകൾ" പോലെയുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്, കഴ്‌സർ ഓട്ടോമാറ്റിക്കായി ചലിപ്പിച്ചുകൊണ്ട് ജോലികൾ ചെയ്യുന്നു. ഇത്തരത്തിൽ 10 ഡോളറിൽ താഴെ വില വരുന്ന ആയിരക്കണക്കിന് ഉപകരണങ്ങൾ കഴിഞ്ഞ മാസം മാത്രം വിറ്റഴിക്കപ്പെട്ടതായി ആമസോൺ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വെൽസ് ഫാർഗോയിലെ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് ബ്ലൂംബെർഗ് ആണ്. ഈ ആരോപണം ഉയർന്നതിനെ തുടർന്ന് ബാങ്കിലെ ചില ജീവനക്കാർ സ്വയം രാജിവച്ച് പുറത്തു പോയതായും സൂചനയുണ്ട്. കൂടാതെ പിരിച്ചുവിട്ട ജീവനക്കാർ അഞ്ചുവർഷത്തിൽ താഴെ മാത്രമാണ് ബാങ്കിൽ പ്രവർത്തിച്ചിട്ടുള്ളത്. വീട്ടിൽ ജോലി തുടരുന്ന ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ വിപുലമായ നീക്കത്തിനിടയിലാണ് ഈ സംഭവം.