ചികിത്സാ ആവശ്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും കായിക, സാംസ്‌കാരിക പരിപാടികളിലും മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ ഇളവുകളുണ്ടായിരുന്നു. അതേസമയം, ഏതെങ്കിലും പ്രത്യേകമതത്തെയോ മതപരമായ വസ്ത്രത്തെയോ നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കസാക്കിസ്ഥാന്റെ വംശീയ സ്വത്വത്തെ ഈ നീക്കം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ടോകയേവ് നേരത്തെ പറഞ്ഞിരുന്നു.
''മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിനു പകരം ദേശീയ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്,'' അദ്ദേഹം പറഞ്ഞതായി കസാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് യെ്തു. നമ്മുടെ ദേശീയ വസ്ത്രങ്ങള്‍ നമ്മുടെ വംശീയ സ്വത്തെ വ്യക്തമായി ഊന്നിപ്പറയുന്നു. അതിനാല്‍ നമ്മള്‍ ആ വസ്ത്രങ്ങളെ ജനപ്രിയമാക്കേണ്ടതുണ്ട്, ടോകയേവ് കൂട്ടിച്ചേര്‍ത്തു.
advertisement
കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ചത് ഒരു പുരോഗമന നടപടിയായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, പൗരന്മാര്‍ ഇത്തരം വിലക്കുകളെ പിന്തുണയ്ക്കുന്നില്ലെന്നാണ് 2023ലെ ഒരു സംഭവം സൂചിപ്പിക്കുന്നത്. 2023ല്‍ ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധിച്ച് അതിറാവു മേഖലയിലെ 150ലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതാപിതാക്കളുമായി നടത്തിയ കൂടിയാലോചനയില്‍ പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.
''വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ എല്ലാ മേഖലകളിലും ഈ തത്വം കര്‍ശനമായി പാലിക്കണം. സ്‌കൂള്‍ എന്നാല്‍ കുട്ടികള്‍ അറിവ് നേടുന്ന സ്ഥാപനമാണ്. മറുവശത്ത് മതവിശ്വാസങ്ങള്‍ ഓരോ പൗരന്റെയും തിരഞ്ഞെടുപ്പും സ്വകാര്യമായ കാര്യവുമാണ്,'' ടോകയേവ് അന്ന് കസാക്കിസ്ഥാന്റെ മതേതര സ്വത്വത്തെ എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു.
മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച മറ്റ് രാജ്യങ്ങള്‍ ഏതൊക്കെ?
മുസ്ലീം ഭൂരിപക്ഷമുള്ള നിരവധി മധ്യേഷ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞവർഷങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു. സുരക്ഷാ ആശങ്കകളും മതേതര ദേശീയ സ്വത്വങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖം മൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെല്ലാം നിഖാബ്, ബുര്‍ഖ, പരഞ്ജ തുടങ്ങിയ മുഖാവരണവസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാധകമാണ്. ഇത്തരം വസ്ത്രങ്ങള്‍ പ്രാദേശിക സാംസ്‌കാരിക പാരമ്പര്യത്തിന് എതിരാണെന്നും പൊതു സുരക്ഷയ്ക്കും മുഖം തിരിച്ചറിയലിനും തടസ്സമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.