വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്ന സമയത്ത് ഔപചാരിക പത്രസമ്മേളനങ്ങളിലൂടെയല്ല, മറിച്ച് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ വഴി ജെന്‍-സികളെയും പുതുതലമുറയേയും സ്വാധീനിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ഇന്‍ഫ്‌ളൂവന്‍സര്‍മാരെ രാജ്യത്തിന്റെ അതിഥികളായി പരിഗണിക്കുകയും വിസ പ്രക്രിയയില്‍ പ്രത്യേകം ഇളവുകള്‍ നല്‍കുകയും ചെയ്യും. എന്നാല്‍, എല്ലാ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കും ക്ഷണമില്ല.
യുഎസില്‍ സ്ഥിര താമസം, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകരുത്, ചൈനീസ് സംസ്‌കാരത്തോട് ഇഷ്ടം പ്രകടിപ്പിക്കുന്ന ആള്‍ എന്നിവയെല്ലാമാണ് ഇതിലേക്ക് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ടത് അപേക്ഷകര്‍ക്ക് ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവ പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. കൂടാതെ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും സജീവമായിരിക്കണം.
advertisement
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സുഷൗ, ഷാങ്ഹായ്, ഷെന്‍ഷെന്‍, ഹാന്‍ഡാന്‍, ബെയ്ജിംഗ് എന്നീ അഞ്ച് നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അവിടെയുള്ള ഇ-കൊമേഴ്‌സ് ഹബ്ബുകള്‍ പര്യവേഷണം ചെയ്യാനും അവസരം ലഭിക്കും. സിയാവോഹോംഗ്ഷു, ബിവൈഡി പോലെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാരെ സന്ദര്‍ശിക്കാനും തായ്ചി പോലെയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അവസരം ലഭിക്കും. ചൈനയിലെ വന്‍മതിലില്‍ നിന്ന് തത്സമയം സംപ്രേക്ഷണം നടത്താനും അവസരമുണ്ടാകും.
ഒരു സാംസ്‌കാരിക വിനിമയ പരിപാടിയെന്നാണ് ചൈന പുറമെ പറയുന്നതെങ്കിലും ചൈനയെ ചുറ്റിപ്പറ്റിയുള്ള ആഗോളതലത്തിലെ നെഗറ്റീവായ ചിന്തകളെയും മനുഷ്യാവാകാശങ്ങളെയും കുറിച്ചുള്ള പ്രചാരണങ്ങളെ ചെറുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ സംരംഭത്തെ പൊതുവെ വിലയിരുത്തുന്നത്.
ഇത്തരത്തില്‍ 120ലധികം വിദേശ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അവരുടെ പ്രതിച്ഛായയ്ക്ക് അനുകൂലമായ ഉള്ളടക്കം നിര്‍മിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2023ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസിലെ യുവാക്കള്‍ക്കായി അഞ്ച് വര്‍ഷത്തെ പദ്ധതി
അഞ്ച് വര്‍ഷത്തേക്കാണ് ചൈനയുടെ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോഗ്രാം. നയതന്ത്രപരമായ എതിര്‍പ്പുകള്‍ക്കിടയിലും വിദ്യാഭ്യാസ, സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അര ലക്ഷം അമേരിക്കന്‍ വിദ്യാര്‍ഥികളെ ചൈനയിലേക്ക് ക്ഷണിക്കുമെന്ന പ്രസിഡന്റ് ഷി ജിന്‍പിങ് 2023ല്‍ നടത്തിയ വാഗ്ദാനത്തിന്റെ ഭാഗവുമാണ് ഈ പദ്ധതി.