സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടിച്ചുകൂടി പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുന്നതും ആളുകള്‍ പാതയുടെ ഇരുവശത്തേക്കും വേഗത്തില്‍ കുതറി മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ട്രക്കിനു പിന്നാലെ പ്രകടനക്കാര്‍ ഓടുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കുപറ്റിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ട്രക്കിനെ തടഞ്ഞുനിര്‍ത്തിയ പ്രകടനക്കാര്‍ ഡ്രൈവര്‍ക്കു നേരെ ആക്രോശിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ട്രക്കിന്റെ സൈഡ് മിററുകള്‍ തകര്‍ന്നിരിക്കുന്നതും കാണാം. പോലീസ് കാറുകളും അതിനെ വളഞ്ഞിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
advertisement
നൂറുകണക്കിനാളുകളാണ് ഇറാന്‍ പ്രതിഷേധക്കാരെ പിന്തുണച്ച് ലോസ് ഏഞ്ചല്‍സില്‍ ഒത്തുക്കൂടിയത്. ഇറാന്‍ ഭരണകൂടത്തിനെതിരെ 2022നുശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. പണപ്പെരുപ്പം കുതിച്ചുയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് അക്രമാസക്തമായി മാറുകയായിരുന്നു.
രാജ്യവ്യാപകമായുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 530-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 10,600-ലധികം പേരെ കസ്റ്റഡിയില്‍ എടുത്തതായും യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്റര്‍നെറ്റും ഫോണ്‍ കണക്ഷനുകളും വിച്ഛേദിക്കപ്പെട്ടു.
യുഎസും ഇസ്രായേലും ചേര്‍ന്ന് രാജ്യത്ത് അശാന്തി വളര്‍ത്തുവെന്ന് ഇറാന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഇതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇറാന്‍ റെഡ് ലൈന്‍ കടക്കുകയാണെന്ന് തോന്നുന്നതായി ട്രംപ് മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെടാന്‍ പാടില്ലാത്ത ചിലര്‍ കൊല്ലപ്പെട്ടതായും അവര്‍ നേതാക്കളാണോ അതോ അക്രമത്തിലൂടെ ഭരിക്കുന്നവരാണോ എന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു.
യുഎസ് സൈന്യം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ശക്തമായ ഓപ്ഷനുകള്‍ നോക്കുന്നതായും ഒരു തീരുമാനം ഉടന്‍ എടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി സംസാരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. "അത്തരം കാര്യങ്ങളില്‍ അദ്ദേഹം വളരെ മിടുക്കനാണ്, അദ്ദേഹത്തിന് വളരെ നല്ല ഒരു കമ്പനിയുണ്ട്", ഇറാനില്‍ 'സ്റ്റാര്‍ലിങ്ക്' എന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുമായി ഇടപഴകുമോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
