റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം വരെ തീരുവ ചുമത്തിയതിൽ ഇന്ത്യ രോഷം പ്രകടിപ്പിച്ചിരുന്നു. കൂടാതെ രാജ്യത്ത് യുഎസ് വിരുദ്ധ വികാരം വര്‍ധിക്കുകയും ചെയ്തിരുന്നു.
"അത് വലിയൊരു വിഷയമാണ്. അത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി," ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് പ്രോഗ്രാമില്‍ ട്രംപ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും യുക്രെയ്ൻ യുദ്ധത്തെ ചൊല്ലി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ട്രംപ് ഇതേ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, പുടിനുമായി വളരെക്കാലമായി നല്ല ബന്ധമുണ്ടെന്ന് പറഞ്ഞ ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ നമ്മള്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ട്രംപിന്റെ വ്യാപാര യുദ്ധം യുഎസ്-ഇന്ത്യ ബന്ധത്തെ വഷളാക്കി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ തങ്ങളുടെ വിശാലമായ കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് താരിഫ് നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഏകദേശം 16.77 ലക്ഷം കോടിയിലധികം രൂപയുടെ (190 ബില്ല്യണ്‍ ഡോളര്‍) ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും യുഎസും തമ്മില്‍ പ്രതിവര്‍ഷം നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ആദ്യം 25 ശതമാനം അധിക തീരുവയായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് വര്‍ധിച്ചതോടെ അതിനുള്ള ശിക്ഷയായി ഓഗസ്റ്റ് 27 മുതല്‍ അത് 50 ശതമാനമാക്കി ഉയര്‍ത്തി.
ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ തന്റെ ഭരണകൂടം തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യയുടെ വാണിജ്യ മന്ത്രി അടുത്തയാഴ്ച വാഷിംഗ്‌ടണ്‍ സന്ദര്‍ശിക്കുമ്പോള്‍ ബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ അംബാസഡറായി ട്രംപ് നാമനിര്‍ദേശം ചെയ്ത സെര്‍ജിയോ ഗോര്‍ പറഞ്ഞു. ഇന്ത്യ തങ്ങളില്‍ നിന്ന് അകലുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കുമെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപ് പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.