ട്രൂത്ത് സോഷ്യലില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ചൈനയ്ക്കുമേല്‍ കൂടുതല്‍ കടുത്ത കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ട്രംപ് അറിയിച്ചത്.
യുഎസ് കപ്പലുകളുടെ ഓരോ സമുദ്രയാത്രയ്ക്കും അധിക തുറമുഖ ഫീസ് ചുമത്തുന്ന ചൈനയുടെ നടപടിക്കുള്ള പ്രതികാര നടപടിയായിട്ടാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനം. യുഎസ് സംരംഭങ്ങളുടെയോ വ്യക്തികളുടെയോ ഉമടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കപ്പലുകള്‍ക്കും യുഎസില്‍ നിര്‍മ്മിച്ചതോ യുഎസ് പതാകയുള്ളതോ ആയ കപ്പലുകള്‍ക്കും അധിക തുറമുഖ ഫീസ് ഈടാക്കുമെന്നായിരുന്നു ചൈനയുടെ പ്രഖ്യാപനം.
ചൈന വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അസാധാരണമാംവിധം ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച ട്രംപ് അമേരിക്കയും അതേ രീതിയില്‍ തന്നെ പ്രതികരിക്കുകയാണെന്ന് പോസ്റ്റില്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ വലിയ തരത്തിലുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി.
advertisement
നിലവില്‍ ചൈനയ്ക്കുമേല്‍ ചുമത്തുന്ന എല്ലാ തീരുവകള്‍ക്കും പുറമെയാണ് അധിക തീരുവ ഏര്‍പ്പെടുത്തുന്നതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ചൈന ആക്രമണാത്മകമായ വ്യാപാര നടപടി ആരംഭിച്ചതായി ആരോപിച്ച് ട്രംപ് നേരത്തെ തന്നെ തീരുവ ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ട്രംപിന്റെ പ്രതികാര നടപടി വിവേചനപരമാണെന്നും ചൈനയുടെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ താല്‍പ്പര്യങ്ങളെ ബാധിക്കുന്നതും അന്താരാഷ്ട്ര വ്യാപാര ക്രമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ചൈനീസ് മന്ത്രാലയം അറിയിച്ചു. ന്യായമായ സ്വയം പ്രതിരോധ നടപടികളാണ് ചൈനയുടേതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയുടെ കാര്യത്തിലും ട്രംപ് മലക്കംമറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഷീ ജിന്‍പിംഗിനെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാലിപ്പോള്‍ കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും അതേസമയം അത് നടക്കുമോയെന്ന് തനിക്ക് ഉറപ്പില്ലെന്നുമാണ് ട്രംപ് പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ദക്ഷിണകൊറിയയിലെ അപെക് (എപിഇസി) ആസ്ഥാനത്ത് ചൈനീസ് പ്രസിഡന്റിനെ കണേണ്ടതായിരുന്നുവെന്നും എന്നാല്‍ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.