എല്ലാ താരിഫുകളും ഇപ്പോളും പ്രാബല്യത്തിലുണ്ടെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. വ്യാപാരത്തെക്കുറിച്ചുള്ള തന്റെ ഭരണത്തിന്റെ കര്‍ശന നിലപാട് വീണ്ടും ഉറപ്പിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. ''യുഎസ് ഇനി വലിയ വ്യാപാര കമ്മികളും അന്യായമയ താരിഫുകളും ശത്രു രാജ്യമോ സുഹൃത്തുക്കളോ മറ്റ് രാജ്യങ്ങളോ ചുമത്തുന്ന താരിഫ് ഇതര വ്യാപാര തടസ്സങ്ങളും സഹിക്കില്ലെന്നും താരിഫ് നീക്കം ചെയ്യുന്നത് യുഎസിനുമേല്‍ ദുരന്തമായി മാറുമെന്നും അത് രാജ്യത്തെ സാമ്പത്തികമായി ദുര്‍ബലമാക്കുമെന്നും'' ട്രംപ് വാദിച്ചു.
അമേരിക്കയിലെ തൊഴിലാളികളെയും ഉത്പാദനത്തെയും പിന്തുണയ്ക്കുന്നതില്‍ താരിഫുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ചു. ''നമ്മുടെ കരുതലില്ലാത്തവരും വിവേകശൂന്യരുമായ രാഷ്ട്രീയക്കാര്‍ നമുക്കെതിരേ വര്‍ഷങ്ങളായി താരിഫുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്ന്'' ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ തൊഴിലാളികളുടെ ചെലവില്‍ വിദേശ രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ അനുവദിച്ച മുന്‍ ഭരണകൂടങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. താരിഫ് നയങ്ങളടെ സാമ്പത്തിക നേട്ടങ്ങള്‍ കോടതി ഒരു ദിവസം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ട്രംപ് അധികാരപരിധി കടന്നതായി കണ്ടെത്തിയെങ്കിലും നിയമനടപടികള്‍ പൂർത്തിയാകുന്നത് വരെ താരിഫുകള്‍ പ്രാബല്യത്തില്‍ തുടരാന്‍ പാനല്‍ അനുവദിച്ചു. ട്രംപ് നടപ്പിലാക്കിയ രണ്ട് സെറ്റ് താരിഫുകളെയാണ് വിധിയില്‍ പ്രത്യേകമായി ചോദ്യം ചെയ്തിരിക്കുന്നത്. ആദ്യത്തേത് ഓരോ രാജ്യത്തിനും ബാധകമായ പകരച്ചുങ്കമാണ്. രണ്ടാമത്തേത് ചൈന, കാനഡ, മെക്‌സിക്കോ എന്നിവടങ്ങളില്‍ നിന്നുള്ള ചില സാധനങ്ങളെ ലക്ഷ്യമിട്ടുള്ള താരിഫുകളുമാണ്. യുഎസിലേക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക് തടയുന്നതില്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടതായും അതിനാല്‍ താരിഫുകള്‍ ആവശ്യമാണെന്നും ട്രംപ് ഭരണകൂടം അവകാശപ്പെട്ടു.
വെള്ളിയാഴ്ചത്തെ കോടതി വിധി വ്യത്യസ്ത നിയമ ചട്ടക്കൂടുകള്‍ക്ക് കീഴില്‍ നടപ്പിലാക്കിയ മറ്റ് താരിഫുകളെ ബാധിക്കില്ല. 1974ലെ വ്യാപാരനിയമത്തിലെയും 1962ലെ വ്യാപാര വിപുലീകരണ നിയമത്തിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് ഇത് നടപ്പിലാക്കിയത്.
വിദേശ ഭീഷണികളില്‍ നിന്ന് നമ്മുടെ ദേശീയവും സാമ്പത്തികവുമായ സുരക്ഷയെ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് നല്‍കിയ താരിഫ് അധികാരങ്ങള്‍ പ്രസിഡന്റ് ട്രംപ് നിയമാനുസൃതമായാണ് വിനിയോഗിച്ചതെന്ന് കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് നടപ്പിലാക്കിയ താരിഫുകള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ഈ വിഷയത്തില്‍ അന്തിമ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഡറല്‍ കോടതി വിധിക്കെതിരേ യുഎസ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് കരുതുന്നത്. കോടതിയിലെ നിലവിലെ ഘടനയില്‍ ആറ് കണ്‍സര്‍വേറ്റീവ് ജസ്റ്റിസുമാരും മൂന്ന് റിബല്‍ ജസ്റ്റിസുമാരുമാണ് ഉള്‍പ്പെടുന്നത്. അത് ഭരണകൂടത്തിന് അനുകൂലമായ ഫലം നല്‍കുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു.