സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് മംദാനിക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ എറ്റവും കുറഞ്ഞ തുക മാത്രമായിരിക്കും ന്യൂയോര്‍ക്കിന് ഫെഡറല്‍ ഫണ്ട് അനുവദിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റി സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് ആരോപിച്ചു.
മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റി വിജയിക്കാനോ അതിജീവിക്കാനോ സാധ്യതയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. "ഒരു കമ്മ്യൂണിസ്റ്റ് ന്യൂയോര്‍ക്ക് തലപ്പത്ത് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേ ഉള്ളൂ. പ്രസിഡന്റ് എന്ന നിലയില്‍ മോശം കാര്യത്തിനുശേഷം നല്ല പണം അയക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യം ഭരിക്കേണ്ടത് എന്റെ കടമയാണ്. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി സമ്പൂര്‍ണ്ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നത് എന്റെ ഉറച്ച ബോധ്യമാണ്", ട്രംപ് കുറിച്ചു.
advertisement
അനുഭവ പരിചയമില്ലാത്ത സമ്പൂര്‍ണ്ണ പരാജയത്തിന്റെ റെക്കോര്‍ഡുള്ള രാഷ്ട്രീയക്കാരന്‍ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ തത്വങ്ങള്‍ ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഒരിക്കലും വിജയിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ഇന്ത്യന്‍ വംശജനായ മംദാനിയുടെ നേതൃത്വത്തിനെതിരെ ട്രംപ് ആഞ്ഞടിച്ചത്. മുമ്പും മംദാനിക്കെതിരെ വംശീയവും വ്യക്തിപരവുമായ ആക്രമണം ട്രംപ് നടത്തിയിരുന്നു. തീവ്ര ഇടതുപക്ഷ വാദിയായി മംദാനിയെ ചിത്രീകരിച്ച ട്രംപ് അദ്ദേഹത്തെ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് പോലും വിളിക്കുകയുണ്ടായി.
മംദാനിയെ വിമര്‍ശിക്കുമ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്ക്ക് ട്രംപ് പിന്തുണ അറിയിച്ചിട്ടുണ്ട്. അനുഭവപരിചയമില്ലാത്ത പരാജയത്തിന്റെ റെക്കോര്‍ഡുള്ള കമ്മ്യൂണിസ്റ്റിനേക്കാള്‍ വിജയത്തിന്റെ റെക്കോര്‍ഡുള്ള ഡെമോക്രാറ്റിനെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ മേയര്‍ ആരാകുമെന്ന് ഇന്നറിയാം. രാവിലെ ആറ് മണി മുതല്‍ 9 വരെ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ സൊഹ്‌റാന്‍ മംദാനിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നിലവിലെ മേയര്‍ എറിക് ആഡംസ് സെപ്റ്റംബറില്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയിരുന്നു.
പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ എടുത്തുകാരന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തില്‍ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി വിജയിച്ചത്.
