''പ്രധാനമന്ത്രി മോദി മഹാനായ ഒരു വ്യക്തിയാണ്. മോദി ട്രംപിനെ സ്‌നേഹിക്കുന്നതായി സെര്‍ജിയോ ഗോര്‍ എന്നോട് പറഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ ഇന്ത്യയെ കാണുന്നു. ഇത് അത്ഭുതകരമായ രാജ്യമാണ്. ഓരോ വര്‍ഷവും നിങ്ങള്‍ക്ക് ഒരു പുതിയ നേതാവുണ്ടാകുമായിരുന്നു. ചിലര്‍ ഏതാനും മാസത്തേക്ക് ഉണ്ടാകും. ഇപ്പോള്‍ എന്റെ സുഹൃത്ത് വളരെക്കാലമായി അവിടെയുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല. അദ്ദേഹത്തിന് ഉടനടി അത് ചെയ്യാന്‍ കഴിയില്ല,'' ട്രംപ് പറഞ്ഞു. യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ട്രംപ്.
advertisement
''ഇത് ഒരു ചെറിയ പ്രക്രിയയാണ്. എന്നാല്‍ ഇത് വളരെ വൈകാതെ അവസാനിക്കും. പ്രസിഡന്റ് പുടിനില്‍ നിന്ന് നമുക്ക് വേണ്ടത് ഉക്രേനിയക്കാരെ കൊല്ലുന്നത് നിര്‍ത്തുക, റഷ്യക്കാരെ കൊല്ലുന്നത് നിര്‍ത്തുക എന്നതാണ്. വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും വ്‌ളാഡിമിര്‍ പുടിനുമിടയില്‍ വലിയ തർക്കമുണ്ട്. അത് ഒരു തടസ്സമാണ്. എന്നാല്‍ നമുക്ക് അവരെ ലഭിക്കുമെന്ന് കരുതുന്നു. ഇന്ത്യ എണ്ണ വാങ്ങുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കും. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങില്ല,'' ട്രംപ് പറഞ്ഞു.
സെര്‍ജിയോ ഗോര്‍ ന്യൂഡല്‍ഹിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ''ഇന്ന് ഇവിടെയായിരിക്കുന്നത് ഒരു ബഹുമതിയും പദവിയുമാണ്. വിദേശകാര്യ സെക്രട്ടറി മിശ്രിയുമായും വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞങ്ങള്‍ അവിശ്വസനീയമായ കൂടിക്കാഴ്ച പൂര്‍ത്തിയാക്കി. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു,'' ഗോര്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യ പ്രതികരിച്ചട്ടില്ല. മുമ്പും ട്രംപ് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അവ നിഷേധിച്ചിരുന്നു.
റഷ്യന്‍ എണ്ണ വാങ്ങിയതിന് ട്രംപ് ഇന്ത്യയ്‌ക്കെതിരേ ഓഗസ്റ്റില്‍ 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 25 ശതമാനം കൂടി തീരുവ കൂടി ചുമത്തി. ഇത് ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊര്‍ജബന്ധത്തിലെ പ്രശ്‌നം പരിഹരിക്കുന്നത് വരെ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിറുത്തിവയ്ക്കുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.
യുക്രൈനുമായി ചര്‍ച്ച നടത്താന്‍ റഷ്യയെ നിര്‍ബന്ധിക്കാനുള്ള നീക്കമായാണ് വാഷിംഗ്ടണ്‍ ഈ തന്ത്രത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ദേശീയ താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണ്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.