എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നറിയാമോ എന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. അവിടെ നിന്നും പുറത്തുപോകാനും ട്രംപ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. "ഖത്തര്‍ സമ്മാനമായി നല്‍കിയ ജെറ്റുമായി ഇതിന് എന്ത് ബന്ധമാണുള്ളത്? അവര്‍ യുഎസിന്റെ വ്യോമസേനയ്ക്ക് ഒരു ജെറ്റ് സമ്മാനമായി നല്‍കി. അതൊരു മികച്ച കാര്യമാണ്", ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കര്‍ഷകര്‍ക്കെതിരെയുള്ള അക്രമം, വംശീയ നിയമങ്ങള്‍ തുടങ്ങി കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് മാധ്യമപ്രവര്‍ത്തകന്റേതെന്നും ട്രംപ് ആരോപിച്ചു. മറ്റ് നിരവധി കാര്യങ്ങളെ കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് എന്‍ബിസിയുടേതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
advertisement
"നിങ്ങള്‍ ഒരു 'ഭയങ്കര റിപ്പോര്‍ട്ടറാണ്'. ഒന്നാമതായി ഒരു റിപ്പോര്‍ട്ടറാകാന്‍ ആവശ്യമായ കഴിവുകള്‍ നിങ്ങള്‍ക്കില്ല. നിങ്ങള്‍ വേണ്ടത്ര മിടുക്കനല്ല", ട്രംപ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. എന്‍ബിസിയെ കുറിച്ചും മാതൃ കമ്പനിയുടെ സിഇഒയും ചെയര്‍പേഴ്‌സണുമായ ബ്രിയാന്‍ റോബര്‍ട്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ട്രംപ് പറഞ്ഞു. ചാനലിനെ 'അധഃപതനം' എന്നും ട്രംപ് മുദ്രകുത്തി.
നിങ്ങള്‍ എന്‍ബിസിയിലെ സ്റ്റുഡിയോയിലേക്ക് മടങ്ങി പോകണമെന്ന് ട്രംപ് റിപ്പോര്‍ട്ടറോട് പറഞ്ഞു. ബ്രിയാന്‍ റോബര്‍ട്ടും അദ്ദേഹത്തിന്റെ ആളുകളുമാണ് ഇത് നടത്തുന്നത്. ഇത് അന്വേഷിക്കപ്പെടണമെന്നും ട്രംപ് വ്യക്തമാക്കി. വാര്‍ത്താചാനലിന്റെ നടത്തിപ്പിനെ കുറിച്ചും ട്രംപ് അധിക്ഷേപിച്ചു. ഇതൊരു 'അപമാനകര'മാണ് എന്നായിരുന്നു ട്രംപിന്റെ അധിക്ഷേപം. റിപ്പോര്‍ട്ടറില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഖത്തര്‍ ജെറ്റിനെ കുറിച്ചും ട്രംപ് പറഞ്ഞു. യുഎസ് വ്യോമസേനയ്ക്ക് ഖത്തര്‍ ജെറ്റ് നല്‍കിയത് വളരെ നല്ല കാര്യമാണെന്നും 5,10,000 കോടി ഡോളര്‍ നിക്ഷേപവും അവര്‍ ജെറ്റിനൊപ്പം നടത്തിയതായും ട്രംപ് പറഞ്ഞു. നേരത്തെ പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ ഇതേക്കുറിച്ച് സ്ഥിരീകരിച്ചിരുന്നു. ഈ കൈമാറ്റം എല്ലാ യുഎസ് നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണെന്നും പ്രസിഡന്‍ഷ്യല്‍ ട്രാന്‍സ്‌പോര്‍ട്ട് ചുമതലയിൽ പ്രവര്‍ത്തിക്കാന്‍ വിമാനം ശരിയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് ഉറപ്പാക്കുമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോയിംഗ് 747 ജെറ്റ് തനിക്കുള്ളതല്ലെന്നും മറിച്ച് യുഎസ് വ്യോമസേനയ്ക്കുള്ള ഒരു രാജ്യത്തിന്റെ സമ്മാനമാണെന്നുമാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നേരത്തെ പറഞ്ഞത്. വര്‍ഷങ്ങളായി യുഎസ് വിജയകരമായി പ്രതിരോധിച്ച ഒരു രാജ്യമായ ഖത്തറില്‍ നിന്നുള്ള സമ്മാനമാണിതെന്നും പുതിയ ബോയിങ് വിമാനങ്ങള്‍ എത്തുന്നതുവരെ യുഎസ് ഭരണകൂടം ഇത് ഒരു താല്‍ക്കാലിക എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.