TRENDING:

Turkey Syria Earthquake| മരണ സംഖ്യ 5,000 കടന്നു; തുര്‍ക്കിയിൽ വീണ്ടും ഭൂചലനം

Last Updated:

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,000 ആയി ഉയർന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. തുര്‍ക്കിയിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തി. അ‍ഞ്ചാമത്തെ വലിയ ഭൂചനമാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.  എട്ടു മടങ്ങായി മരണസംഖ്യ ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.
advertisement

തുർക്കിയിൽ 3,381 മരിക്കുകയും 14,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിൽ  1,444 പേര്‍ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്.

advertisement

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

advertisement

അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

advertisement

തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. സിറിയില്‍ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇതെന്ന് സിറിയന്‍ ദേശീയ ഭൂചലന നിരീക്ഷണ ഏജന്‍സി പറഞ്ഞു.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

advertisement

ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്.

തുര്‍ക്കിയിലെയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളും. ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എമര്‍ജന്‍സി മെഡിക്കല്‍ ടീം നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തന നിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചു. നൂറു രക്ഷാ പ്രവര്‍ത്തകരുമായി തങ്ങളുടെ ഐഎല്‍ 76 എയര്‍ക്രാഫ്റ്റ് ഉടന്‍ സിറിയയില്‍ എത്തുമെന്ന് റഷ്യ അറിയിച്ചു. തുര്‍ക്കിയിലേക്കും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തകരെ വിടാന്‍ സന്നദ്ധമാണെന്നും റഷ്യ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
Turkey Syria Earthquake| മരണ സംഖ്യ 5,000 കടന്നു; തുര്‍ക്കിയിൽ വീണ്ടും ഭൂചലനം
Open in App
Home
Video
Impact Shorts
Web Stories