തിങ്കളാഴ്ച രാത്രി നർസിംഗ്ഡിയിൽ പലചരക്ക് കടയുടമയായ ശരത് ചക്രവർത്തി മണിയാണ്(40) കൊല്ലപ്പെട്ടത്. ഇതേദിവസം തന്നെ ജഷോറിലെ മണിരാംപൂരിൽ തലയിൽ വെടിയേറ്റ നിലയിൽ പത്രപ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു.
മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മണിയെ ആക്രമിച്ചത്. പലാഷ് ഉപാസിലയിലെ ചാർസിന്ദൂർ ബസാറിൽ പലചരക്ക് കട നടത്തുകയായിരുന്നു മണി. അജ്ഞാതരായ അക്രമികൾ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബംഗ്ലാദേശ് വാർത്താ ചാനലായ ബ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തു. അക്രമത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ വെച്ചാണ് മണി മരിക്കുന്നത്.
advertisement
ഷിബ്പൂർ ഉപാസിലയിൽ സദാർച്ചർ യൂണിയനിൽ താമസിക്കുന്ന മദൻ ഠാക്കൂറിന്റെ മകനാണ് ശരത് ചക്രവർത്തി മണി. ഭാര്യ അന്താര മുഖർജി വീട്ടമ്മയാണ്. 12 വയസ്സുള്ള ഒരു മകൻ ഉണ്ട് ഇദ്ദേഹത്തിന്.
മണി മുമ്പ് ദക്ഷിണ കൊറിയയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് നർസിംഗ്ഡി പട്ടണത്തിൽ സ്വന്തമായി വീട് പണിത് അവിടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. മണി സമാധാനപരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും അദ്ദേഹത്തിന് ആരുമായും തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. "എല്ലായിടത്തും അക്രമം വ്യാപിക്കുന്നു. എന്റെ ജന്മസ്ഥലം മരണത്തിന്റെ താഴ് വരയായി മാറിയിരിക്കുന്നു," ഡിസംബർ 19ന് മണി സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതായി ബ്ലിറ്റ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.
മണിയക്ക് ആരും ശത്രുക്കളില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അയൽക്കാരൻ കൊലപാതകത്തിന് ഏക കാരണം അദ്ദേഹം ഹിന്ദുവായിരുന്നുവെന്നതാണെന്ന് അഭിപ്രായപ്പെട്ടു.
ഹിന്ദുവായ പത്രപ്രവർത്തകനെ തലയിൽ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തി
ജാഷോറിലെ മണിരാംപൂരിൽ ഹിന്ദുവായ പത്രപ്രവർത്തകൻ റാണാ പ്രതാപ് ബൈരാഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. ബിഡി ഖോബോറിന്റെ ആക്ടിംഗ് എഡിറ്ററായ അദ്ദേഹം ഫാക്ടറി ഉടമ കൂടിയാണ്. തലയിൽ നിരവധി തവണ വെടിയേറ്റ അദ്ദേഹം കോപാലിയ ബസാർ പ്രദേശത്ത് കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് റാണയ്‌ക്കെതിരേ ആക്രമണമുണ്ടായതെന്ന് മോണിറാംപൂർ പോലീസ് സ്‌റ്റേഷൻ ഓഫീസർ ഇൻ ചാർജ് എംഡി റസുള്ള ഖാൻ പറഞ്ഞു. റാണയുടെ തലയിൽ മൂന്ന് തവണ വെടിയേറ്റിരുന്നു. കഴുത്ത് അറുത്ത നിലയിലായിരുന്നു. വിവരം അറിഞ്ഞയുടൻ ഞങ്ങൾ സംഭവസ്ഥലത്തേക്ക് പോയി. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു, അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ഏഴ് വെടിയുണ്ടകൾ പോലീസ് കണ്ടെത്തു.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ റാണയെ തന്റെ ഐസ് ഫാക്ടറിയിൽ നിന്ന് വിളിച്ചുവരുത്തി പലതവണ വെടിവച്ച ശേഷം ഉടൻ തന്നെ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷി പറഞ്ഞു. കേശബ്പൂർ ഉപാസിലയിലെ അരുവ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്‌കൂൾ അധ്യാപകന്റെ മകനാണ് റാണ. രണ്ട് വർഷമായി ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മൈമെൻസിങ് ജില്ലയിൽ, പ്രാദേശിക വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് എന്നയാളെ കഴിഞ്ഞ മാസം ജനക്കൂട്ടം മർദ്ദിച്ചുകൊല്ലുകയും ഇതിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച, കെഹെർബംഗ ബസാറിലെ കട അടച്ചുപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ഹിന്ദുവായ ഫാർമസി ഉടമയും ബികാഷ് മൊബൈൽ ബാങ്കിംഗ് ഏജന്റുമായ ഖോകോൺ ദാസ് (50) എന്നയാൾക്ക് നേരെ ആക്രമണം ഉണ്ടാകുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. തിലായ് പ്രദേശത്തിന് സമീപം മൂന്നോ നാലോ അക്രമികൾ ചേർന്നാണ് അദ്ദേഹത്തെ ആക്രമിച്ചത്.
കഴിഞ്ഞയാഴ്ച, മൈമെൻസിംഗിലെ ഒരു ഫാക്ടറിയിൽ ജോലിക്കിടെ ഹിന്ദുവായ വസ്ത്ര ഫാക്ടറി തൊഴിലാളിയായ ബജേന്ദ്ര ബിശ്വാസ് എന്നയാളും വെടിയേറ്റ് മരിച്ചിരുന്നു.
ഹിന്ദുസ്ത്രീകൾക്കെതിരേ ലൈംഗിക അതിക്രമം
കൊലപാതകങ്ങൾക്കൊപ്പം ഹിന്ദുക്കളായ സ്ത്രീകൾക്കെതിരേ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതും പ്രതിഷേധത്തിന് കാരണമായി.
ജെനൈദ ജില്ലയിൽ, 40 വയസ്സുള്ള ഒരു ഹിന്ദു വിധവയെ രണ്ട് നാട്ടുകാർ ചേർന്ന് പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിടുകയും മുടി മുറിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ തുടർച്ചയായി ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനു കീഴിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന നിരന്തരമായ അതിക്രമങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
