2022-ലെ ദീപാവലി ദിനത്തിലാണ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി ചാള്‍സ് മൂന്നാമന്‍ രാജാവ് അദ്ദേഹത്തെ നിയമിച്ചപ്പോള്‍ ബ്രിട്ടനില്‍ പുതുചരിത്രം പിറക്കുകയായിരുന്നു.
ഹിന്ദുമത വിശ്വാസിയും മുന്‍ ചാന്‍സ്‌ലര്‍ ഓഫ് എക്‌സ്‌ചെക്വറുമായ 43കാരനായ അദ്ദേഹം 210 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ്. താന്‍ സംസാരിക്കുമ്പോള്‍ ഉച്ചാരണപ്പിശക് ഇല്ലാതെ ശരിയായ രീതിയില്‍ സംസാരിക്കാന്‍ തന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നതിനെക്കുറിച്ചുമുള്ള ഓര്‍മകള്‍ അദ്ദേഹം ഐടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പങ്കിട്ടത്. വംശീയ അധിക്ഷേപം മനസിൽ തുളച്ചുകയറുന്നതാണെന്നും മറ്റ് കാര്യങ്ങളേക്കാള്‍ അധികമായി അത് വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താന്‍ അനുഭവിച്ചത് ഇപ്പോള്‍ തന്റെ മക്കള്‍ക്ക് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സഹോദരനും സഹോദരിയും താനും ഉള്‍പ്പെടുന്ന മക്കള്‍ ബ്രിട്ടനിലെ രീതികളുമായി പൊരുത്തപ്പെടാനും യാതൊരു രൂപത്തിലും തരത്തിലും അതിന് തടസ്സമുണ്ടാകാതിരിക്കാനും തന്റെ മാതാപിതാക്കള്‍ താത്പര്യപ്പെട്ടിരുന്നതായും ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ച് സംസാരിക്കവെ സുനക് പറഞ്ഞു.
"മക്കള്‍ എപ്രകാരമാണ് സംസാരിക്കുന്നത് എന്നത് സംബന്ധിച്ച് അമ്മയെപ്പോഴും ശ്രദ്ധിച്ചിരുന്നു. ഞങ്ങള്‍ ഉച്ചാരണപ്പിശകില്ലാതെയാണ് സംസാരിക്കുന്നതെന്നും ശരിയായ വിധത്തില്‍ സംസാരിക്കുന്നുണ്ടെന്നും അമ്മയെപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനായി അവര്‍ ഞങ്ങളെ നാടക ക്ലാസുകളില്‍ പങ്കെടുപ്പിക്കുമായിരുന്നു," എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തരത്തിലുമുള്ള വംശീയ അധിക്ഷേപവും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ലോകനേതാക്കളുമായി സംസാരിക്കുമ്പോള്‍ വംശീയ അധിക്ഷേപം എങ്ങനെ ഇല്ലാതാക്കാമെന്നതിന്റെ ഉദാഹരണമായി മിക്കയാളുകളും യുകെയെ ആണ് ചൂണ്ടിക്കാട്ടുന്നതെന്നും പറഞ്ഞു.
ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ള താന്‍ ബ്രിട്ടനിലെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് സുനക് പറഞ്ഞു. തനിക്ക് മുമ്പില്‍ അത്തരമൊരു മാതൃകയില്ലായിരുന്നുവെന്നും അതുവരെയും അത്തരമൊരുകാര്യം സംഭവിച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.