”ശ്രീലങ്കയിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അമേരിക്കയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ധനസഹായം. ശ്രീലങ്ക രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വീണ്ടെടുക്കുന്നതിലൂടെ സ്വതന്ത്രവും സമ്പന്നവുമായ ഒരു ഇന്തോ-പസഫിക്കിനായി കാത്തിരിക്കുന്നുവെന്നും”ശ്രീലങ്കയിലെ യുഎസ് അംബാസഡർ ജൂലി ചുങ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് താഴ്ചയിലേക്ക് എത്തിയതിനെ തുടർന്ന് ശ്രീലങ്ക ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജ്യമിപ്പോൾ.
advertisement
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഗ്രൂപ്പിന് തുറമുഖത്തിന്റെ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനലിൽ 51% ഓഹരികളുണ്ട്. തുറമുഖത്ത് ചൈന മർച്ചന്റ്‌സ് പോർട്ട് ഹോൾഡിംഗ്സ് കോ ലിമിറ്റഡിന് കീഴിലും ടെർമിനൽ ഉള്ളതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വെറും നാല് വർഷത്തിനുള്ളിൽ ശ്രീലങ്കയിലുടനീളം അമേരിക്കയുടെ നിക്ഷേപം 20 മില്യൺ ഡോളറിൽ നിന്ന് ഏകദേശം 1 ബില്യൺ ഡോളറായി ഉയർന്നെന്ന് ഡിഎഫ്‌സി പറഞ്ഞു. വെസ്റ്റ് കണ്ടെയ്‌നർ ടെർമിനലിനായി (ഡബ്ല്യുസിടി) 553 മില്യൺ ഡോളർ സ്വകാര്യമേഖലാ വായ്പയാണ് ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്നത്. തുറമുഖത്തിന്റെ ഷിപ്പിംഗ് ശേഷി വികസിപ്പിക്കുന്നതിനും ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതിനും വേണ്ടിയാണിതെന്ന് ഡിഎഫ്സി സിഇഒ സ്കോട്ട് നഥാൻ പ്രസ്താവനയിൽ പറഞ്ഞു.
ശ്രീലങ്കയുടെ ഏറ്റവും മോശമായ പ്രതിസന്ധി സമയത്ത് ഇന്ധനം, മരുന്ന്, വളം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് നിർണായക പിന്തുണ നൽകി ഇന്ത്യ കഴിഞ്ഞ വർഷം ശ്രീലങ്കയിലേക്ക് 4 ബില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു. ശ്രീലങ്കൻ കമ്പനിയായ ജോൺ കീൽസ് ഹോൾഡിംഗ്‌സിന് ഡബ്ല്യുസിടിയുടെ 34 ശതമാനം ഉടമസ്ഥാവകാശം ഉണ്ടെന്നും ബാക്കി സർക്കാരിന് കീഴിലുള്ള ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുടെ (എസ്‌എൽപിഎ) കൈവശമാണെന്നും ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു. ടെർമിനലിനായുള്ള ഡ്രെഡ്ജിംഗ് കഴിഞ്ഞ നവംബറിൽ ആരംഭിച്ചതായും ആദ്യ ഘട്ടം 2024 മൂന്നാം പാദത്തിൽ പൂർത്തിയാകുമെന്നും 2025 അവസാനത്തോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്നുമാണ് റിപ്പോർട്ട്.