പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി പോരാടുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 2019-ല്‍ യുഎസ് ബിഎല്‍എയെ സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയി പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം ഭീകരാക്രമണങ്ങള്‍ നടത്തിയതിനുപിന്നാലെയായിരുന്നു ഇത്. അതിനുശേഷം മജീദ് ബ്രിഗേഡ് നടത്തുന്നതിന്റെ ഉള്‍പ്പെടെ കൂടുതല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച്ച് ആര്‍മി ഏറ്റെടുത്തു.
2024-ല്‍ കറാച്ചി വിമാനത്താവളത്തിനടുത്തും ഗ്വാദര്‍ തുറമുഖ അതോറിറ്റി കോംപ്ലക്‌സിനു സമീപവും ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തവും സംഘം അവകാശപ്പെട്ടു. 2025 മാര്‍ച്ചില്‍ ക്വാറ്റയില്‍ നിന്ന് പെഷാവറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഹൈജാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തിരുന്നു. ഇതില്‍ 31 സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും 300-ലധികം യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ നടപടി.
advertisement
ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടി. ഈ ഭീഷണികള്‍ക്കെതിരായ അമേരിക്കയുടെ പോരാട്ടത്തില്‍ ഭീകരവാദ പദവികള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ കുറയ്ക്കുന്നതിനുള്ളഫലപ്രദമായ മാര്‍ഗമാണിത്. ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ നടപടി പ്രാബല്യത്തില്‍ വരും.