എച്ച്-1ബി വിസകള്‍ക്ക് വൈറ്റ് ഹൗസ് പുതിയ ഒരു ലക്ഷം ഡോളറിന്റെ ഫീസ് പ്രഖ്യാപിച്ചപ്പോള്‍ ദേശീയ താത്പര്യമനുസരിച്ച് ഓരോ കേസിനും ഇളവുകള്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഫീസില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെട്ടേക്കാമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലര്‍ റോജേഴ്‌സിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ടര്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 21നാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ പുതുക്കിയ ഫീസ് നിശ്ചയിച്ചത്. ഇത് പുതിയ അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകമെന്നും ഒറ്റത്തവണ പേയ്‌മെന്റാണെന്നും നിലവിലുള്ള വിസ ഉടമകള്‍ക്ക് ഇത് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യുഎസില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.
advertisement
ട്രംപിന്റെ പുതിയ എച്ച്-1ബി വിസ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്ത പുതിയ അപേക്ഷകര്‍ക്ക് മാത്രമെ ബാധകമാകൂ എന്ന് യുഎസ് സിറ്റിസൺഷിപ്പ് ഇമിഗ്രേഷന്‍ സര്‍വീസസ് ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്ന സെപ്റ്റംബര്‍ 21ന് മുമ്പ് സമര്‍പ്പിച്ച എച്ച്-1ബി അപേക്ഷകളെ ഇത് ബാധിക്കില്ല. നിലവില്‍ യുഎസിന് പുറത്തുള്ള വിസക ഉടമകള്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല.
എച്ച്-1ബി വിസകള്‍ക്ക് ഫീസ് ചുമത്താനുള്ള ട്രംപിന്റെ ഉത്തരവ് വന്നതിന് പിന്നാലെ യുഎസിലെ ഇന്ത്യക്കാര്‍ ആശങ്കയിലായിരുന്നു. ഇന്ത്യയിലേക്ക് വരാനായി വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുന്നതിനിടെ അവസാന നിമിഷം പലരും യാത്രാ റദ്ദാക്കുകയും ഇന്ത്യയിലുണ്ടായിരുന്ന നിരവധി പേര്‍ മടങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇമിഗ്രേഷന്‍ അറ്റോര്‍ണികളും കമ്പനികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്താണ് എച്ച്-1ബി വിസ?
സാങ്കേതികതയിലും വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിലും വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്-1ബി വിസ.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കാന്‍ ടെക് കമ്പനികള്‍ ഈ വിസയെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ടെക് പ്രൊഫഷണലുകള്‍ക്കിടയില്‍ ഈ വിസ വളരെ ജനപ്രിയമാണ്. ഈ വിസ മൂന്ന് വര്‍ഷ കാലാവധിയുള്ളതും അതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്.
ഒരു വര്‍ഷം പരമാവധി 65,000 എച്ച്-1 ബി വിസകളും യുഎസില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഉയര്‍ന്ന ബിരുദവും നേടിയവര്‍ക്ക് 20,000 വിസകളും നല്‍കാന്‍ കഴിയും. നിലവില്‍ എച്ച്-1ബി വിസ ഫീസ് ഏകദേശം 2000 യുഎസ് ഡോളര്‍ (1.76 ലക്ഷം രൂപ) മുതല്‍ 5000 യുഎസ് ഡോളര്‍ (44.29 ലക്ഷം രൂപ) വരെയാണ്.