സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മാറ്റ് ഫോർണി ഈ പരാമർശങ്ങൾ നടത്തിയത്. 2026-ഓടെ അമേരിക്കയിൽ ഇന്ത്യക്കാരോടുള്ള വിദ്വേഷം അതിന്റെ പരകോടിയിലെത്തുമെന്ന് ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റിൽ ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ വംശജർ, അവരുടെ വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഹിന്ദു ക്ഷേത്രങ്ങൾ എന്നിവ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു. ഇന്ത്യക്കാർക്കെതിരെ നടക്കാൻ പോകുന്ന ആക്രമണങ്ങൾ നടത്തുന്നത് വെള്ളക്കാരായ അമേരിക്കക്കാരായിരിക്കില്ലെന്നും, മറിച്ച് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കുമെന്നും ഫോർണി ആരോപിച്ചു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ ബോധപൂർവം മൂടിവെക്കുമെന്നും ഇയാൾ അവകാശപ്പെട്ടു. സാധാരണഗതിയിൽ ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കുറ്റപ്പെടുത്താൻ മാധ്യമങ്ങൾ ഉത്സാഹം കാണിക്കാറുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ അവർ മൗനം പാലിക്കുമെന്നുമാണ് ഇയാളുടെ വാദം.
advertisement
സമാധാനം ആഗ്രഹിക്കുന്ന ഒരാളായതിനാൽ താൻ എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുന്നുവെന്ന് അവകാശപ്പെട്ട ഫോർണി, ഈ അക്രമങ്ങൾ തടയാൻ ഒരേയൊരു വഴിയേ ഉള്ളൂ എന്നും പറഞ്ഞു. "ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി നമ്മൾ 'DEI' (Deport Every Indian - എല്ലാ ഇന്ത്യക്കാരെയും നാടുകടത്തുക) നടപ്പിലാക്കണം" എന്നാണ് ഇയാൾ കുറിച്ചത്. അക്രമങ്ങളിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനാണ് താൻ നാടുകടത്താൻ ആവശ്യപ്പെടുന്നത് എന്ന വിചിത്രമായ ന്യായീകരണമാണ് ഇയാൾ മുന്നോട്ട് വയ്ക്കുന്നത്.
ഈ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇത് അക്രമത്തെ അപലപിക്കലല്ലെന്നും മറിച്ച് ഇന്ത്യക്കാർക്കെതിരെയുള്ള പരോക്ഷമായ ഭീഷണിയാണെന്നും പലരും ചൂണ്ടിക്കാട്ടി. "ഇന്റർനെറ്റിൽ നിന്ന് ഒന്നും മാഞ്ഞുപോകില്ല" എന്ന് ഒരാൾ ഇയാളെ ഓർമ്മിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് വരുത്തിത്തീർത്ത് അവരെ നിർബന്ധിതമായി പുറത്താക്കാൻ ഇയാൾ ശ്രമിക്കുകയാണെന്നും വിമർശകർ പ്രതികരിച്ചു.
മാറ്റ് ഫോർണി മുൻപും ഇന്ത്യൻ വിരുദ്ധ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. വംശീയമായ അധിക്ഷേപങ്ങൾ പതിവാക്കിയ ഇയാൾക്ക് തന്റെ ജോലി പോലും ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയെക്കുറിച്ചും എച്ച്-1ബി (H-1B) വിസ പ്രോഗ്രാമിനെക്കുറിച്ചും റിപ്പോർട്ട് ചെയ്യാനാണ് അമേരിക്കൻ മാധ്യമ സ്ഥാപനമായ 'ദ ബ്ലേസ്' ഇയാളെ നിയമിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഇന്ത്യക്കാർക്കെതിരെ തുടർച്ചയായി വംശീയ അധിക്ഷേപങ്ങൾ നടത്തിയതിനെത്തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
അമേരിക്കൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ എറ്റ്സിയുടെ (Etsy) സിഇഒ ആയി കൃതി പട്ടേൽ ഗോയൽ നിയമിതയായപ്പോൾ മാറ്റ് ഫോർണി അവരെ പരസ്യമായി അപമാനിച്ചിരുന്നു. "യോഗ്യതയില്ലാത്ത മറ്റൊരു ഇന്ത്യക്കാരി കൂടി അമേരിക്കൻ കമ്പനിയുടെ തലപ്പത്ത് എത്തുന്നു" എന്നായിരുന്നു ഇയാളുടെ പരിഹാസം.
