ഉച്ചകോടിയിൽ തന്റെ പ്രസംഗത്തിന് ലഭിച്ച സ്വീകരണത്തെ കുറിച്ചും ട്രംപ് സംസാരിച്ചു. അസാധാരണമായി അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സ്വിസ് ആൽപൈൻ റിസോർട്ടിൽ സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.
നല്ല രീതിയിൽ സംസാരിക്കാൻ കഴിഞ്ഞുവെന്നും നല്ല പ്രതികരണങ്ങൾ ലഭിച്ചതായും അത് വിശ്വാസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി താനൊരു ഏകാധിപതിയാണെന്നാണ് എല്ലാവരും പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. "അതെ, ഞാനൊരു ഏകാധിപതിയാണ്, ചിലപ്പോൾ അത്തരത്തിൽ ഒരാളെ നിങ്ങൾക്ക് ആവശ്യമായി വരും", ട്രംപ് പറഞ്ഞു.
advertisement
തന്റെ ഭരണ നിലപാടുകളെ കുറിച്ചും ട്രംപ് സംസാരിച്ചു. തന്റെ തീരുമാനങ്ങൾ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്നതിനേക്കാൾ പ്രായോഗികത അടിസ്ഥാനമാക്കിയുള്ളതാണെന്നും ട്രംപ് വാദിച്ചു. ഇതെല്ലാം സാമാന്യബുദ്ധിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
"ഇത് യാഥാസ്ഥിതികമോ, ലിബറലോ അതോ മറ്റെന്തെങ്കിലുമോ അല്ല, 95 ശതമാനവും സാമാന്യബുദ്ധിയോടെയുള്ളതാണ്. അതാണ് നമുക്കുള്ളത്", ട്രംപ് പറഞ്ഞു.
തന്റെ പ്രസംഗം പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നതായും കഴിഞ്ഞ ദിവസം ദാവോസിൽ ട്രംപ് തുറന്നുസമ്മതിച്ചിരുന്നു. എന്നാൽ, തന്റെ ഉദ്ദേശ്യങ്ങൾ തെറ്റായി വ്യഖ്യാനിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. താൻ ബലം പ്രയോഗിക്കുമെന്ന് ആളുകൾ കരുതിയിരുന്നതായും പക്ഷേ തനിക്ക് ബലപ്രയോഗത്തിന്റെ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രീൻലൻഡിനെ സംബന്ധിച്ച വിവാദങ്ങളെ കുറിച്ചും ട്രംപ് ദാവോസിൽ സംസാരിച്ചു. ആഴ്ചകളോളം നാറ്റോ സഖ്യരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന കടുത്ത പ്രസ്താവനകൾ നടത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ദാവോസിൽ അതിൽ നിന്നെല്ലാം പിന്മാറുന്നതായി വ്യക്തമായ സൂചന നൽകി. സൈനിക നടപടികൾക്കുള്ള ആഹ്വാനവും ഗ്രീൻലൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ട്രംപ് തള്ളിക്കളഞ്ഞു.
പടിഞ്ഞാറൻ ആർട്ടിക് സഖ്യകക്ഷികളെ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു സഹകരണത്തിലേക്ക് നീങ്ങുന്നതായും ട്രംപ് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രൂപപ്പെട്ടുവന്നിട്ടുള്ള ധാരണയെ കുറിച്ചും ട്രംപ് വിവരിച്ചു.
എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ഇതൊരു ദീർഘകാല കരാറാണെന്നും സുരക്ഷയുടെയും ധാതുക്കളുടെയും കാര്യത്തിൽ ഇത് എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ പരിഗണന നൽകുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയും ചൈനയും ഒരിക്കലും ഗ്രീൻലൻഡിൽ സാമ്പത്തികമായോ സൈനികമായോ കാലുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഡെൻമാൻക്ക്, ഗ്രീൻലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടരുമെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലൻഡ് വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് പ്രഖ്യാപിച്ച തീരുവകൾ ചുമത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
