യുഎസ്-മെക്‌സിക്കോ-കാനഡ കരാറില്‍ (യുഎസ്എംസിഎ) ഉള്‍പ്പെടാത്ത കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തികൊണ്ടുള്ള ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ഇതോടെ യുഎസും കാനഡയും തമ്മിലുള്ള തീരുവയുദ്ധം വീണ്ടും ശക്തിപ്രാപിച്ചു. കാനഡയുടെ പ്രതികാര നടപടിക്കുള്ള തിരിച്ചടിയാണ് ട്രംപിന്റെ നയം.
പുതിയ തീരുവ ഒഴിവാക്കാന്‍ മറ്റ് രാജ്യങ്ങളിലൂടെ തിരിച്ചുവിടുന്ന ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം ട്രാന്‍സ്ഷിപ്പ് നികുതി നേരിടേണ്ടിവരുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
പാലസ്തീനോടുള്ള കാനഡയുടെ നിലപാടാണ് യുഎസ് തീരുവ ഉയര്‍ത്താനുള്ളതിന്റെ പിന്നിലെ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാനഡയുടെ തുടര്‍ച്ചയായ നിഷ്‌ക്രിയത്വത്തിന്റെയും പ്രതികാര നടപടിയുടെയും ഭാഗമാണ് തീരുവ വര്‍ദ്ധനയെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
advertisement
പ്രത്യേകിച്ച് അമേരിക്കയിലേക്കുള്ള ഫെന്റനൈല്‍ കള്ളക്കടത്ത് തടയുന്നതില്‍ സംഭവിച്ച പരാജയവും പാലസ്തീനെ പ്രത്യേക രാജ്യമായി അംഗീകരിച്ച കാനഡയുടെ നിലപാടുമാണ് ഇതിനു കാരണമെന്നും വൈറ്റ്ഹൗസ് പറയുന്നു.
യുഎസിലേക്കെത്തെുന്ന ഫെന്റാനൈലിന്റെ ചെറിയ ഭാഗം മാത്രമാണ് കാനഡയില്‍ നിന്നുവരുന്നതെന്നും അതിര്‍ത്തിയില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും കനേഡിയന്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നുണ്ടെങ്കിലും ട്രംപ് കൂടുതല്‍ ആക്രമണാത്മകമായ നടപടികള്‍ തുടരുകയാണ്.
ഓഗസ്റ്റ് ഒന്നുമുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെതന്നെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമയപരിധി തീരുംമുമ്പ് യുഎസുമായി ചര്‍ച്ച നടത്തുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.
ഇതിനിടയിലാണ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ കാനേഡിയന്‍ പ്രധാനമന്ത്രിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
യുഎസുമായുള്ള ചർച്ചകൾ ക്രിയാത്മകമാണെന്നും എന്നാല്‍ ഓഗസ്റ്റ് ഒന്ന് എന്ന സമയപരിധിക്കുള്ളില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ലെന്നും കാര്‍ണി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചില പ്രവിശ്യകളില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇതില്‍ ഭിന്നാഭിപ്രായമാണ് ഉള്ളതെന്നും കാര്‍ണി പറഞ്ഞു.
യുഎസിന്റെ തീരുവയ്ക്കുള്ള പ്രതികാര നടപടിയായി സ്റ്റീല്‍, അലൂമിനിയം എന്നവിയുടെ ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തണമെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ആവശ്യപ്പെട്ടു. ശരിയായ കരാറില്‍ കുറഞ്ഞ ഒന്നിനും കാനഡ വഴങ്ങരുതെന്നും നമ്മുടെ നിലപാടില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, താന്‍ കാനഡയെ സ്‌നേഹിക്കുന്നുവെന്ന് പറയുമ്പോള്‍ രാജ്യം വര്‍ഷങ്ങളായി വളരെ മോശമായാണ് യുഎസിനോട് പെരുമാറുന്നതെന്നാണ് ട്രംപിന്റെ ആരോപണം. കാര്‍ണി പ്രതികാരം അവസാനിപ്പിക്കുകയും സൗഹൃദം പുനഃസ്ഥാപിക്കാനും ശ്രമിച്ചാല്‍ തീരുവ വര്‍ദ്ധന പുനഃപരിശോധിക്കാമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കും കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ കയറ്റുമതിയുടെ 75 ശതമാനവും യുഎസിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ തീരുവ വര്‍ദ്ധന കാനഡയുടെ ഉരുക്ക്, അലുമിനിയം, ഓട്ടോ മാനുഫാക്ച്ചറിംഗ് തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കും. 2024 മേയ് മുതല്‍ 2025 മേയ് വരെ കനേഡിയന്‍ കയറ്റുമതിയിലെ യുഎസ് വിഹിതം 78 ശതമാനത്തില്‍ നിന്നും നിന്ന് 68 ശതമാനമായി ആയി കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.