ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കണമെന്ന് യുഎസ് ജനപ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വാഷിംഗ്ടണില്‍ പാക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഹാം ആക്രമണത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാടും അറിയിക്കുന്നതിനുമായി യുഎസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനൊപ്പമാണ് ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യുഎസിലെത്തിയത്.
ഭീകരയെ ചെറുക്കേണ്ടതിന്റെ പ്രധാന്യം, പ്രത്യേകിച്ച് 2002ല്‍ എന്റെ മണ്ഡലത്തിലെ അംഗമായ ഡാനിയേള്‍ പേളിന്റെ കൊലപാതകത്തിന് കാരണക്കാരായ ജെയ്‌ഷെ മുഹമ്മദിനെ ചെറുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും പാക് പ്രതിനിധി സംഘത്തോട് ഞാന്‍ ഊന്നിപ്പറഞ്ഞു, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
advertisement
പാകിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാള്‍ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകനായ പേളിനെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ പരാമര്‍ശിച്ചത്. കൊലപാതകം ആസൂത്രണം ചെയ്ത ഒമര്‍ സയീദ് ഷെയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പേളിന്റെ കുടുംബം തന്റെ ജില്ലയില്‍ ഇപ്പോഴും താമസിക്കുന്നുണ്ടെന്നും ഈ നീച സംഘത്തെ ഇല്ലാതാക്കാനും മേഖലയിലെ ഭീകരതയെ ചെറുക്കാനും പാകിസ്ഥാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കണം
ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയുടെ മോചനത്തിനായി ഷെര്‍മാന്‍ പാക് സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി.
ഡോ. അഫ്രീദിയെ മോചിപ്പിക്കുന്നത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് നീതി നേടി കൊടുക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ബിന്‍ ലാദനെ യുഎസ് കൊലപ്പെടുത്തിയതിന് പിന്നാലെ 2011ല്‍ അഫ്രീദി അറസ്റ്റിലാകുകയും പാക് കോടതി അദ്ദേഹത്തെ 33 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
പാകിസ്ഥാനിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം ആശങ്കകള്‍ പങ്കുവെച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികളും ഹിന്ദുക്കളും അഹമ്മദിയ മുസ്ലീങ്ങളും ആക്രമവും പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നും ആരെയും ഭയപ്പെടാതെ അവരുടെ വിശ്വാസം പിന്തുടരാനും ജനാധിപത്യ സംവിധാനത്തില്‍ ഭാഗഭാക്കുകളാകാനും അവരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ രക്ഷാ സമിതിയിലെ അംബാസഡര്‍മാരുമായും ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്ന് കരുതപ്പെടുന്നു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ യുഎസിലെ സെനറ്റംഗങ്ങള്‍ പാക് പ്രതിനിധി സംഘത്തെ അറിയിച്ചു.