ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്ന് വാൻസ് പറഞ്ഞത് വലിയ വിവാദമായിരുന്നു. തങ്ങളുടെ കുട്ടികൾ ക്രിസ്ത്യാനികളായാണ് വളരുന്നത്. അതിനാൽ മക്കളോടൊപ്പം ഉഷ പള്ളിയിൽ പോകാറുണ്ടെന്നും വാൻസ് പറഞ്ഞു. ഹിന്ദുമതത്തോട് വാൻസ് അനാദരവോടെ പെരുമാറുകയാണെന്ന് ഇന്ത്യൻ-അമേരിക്കൻ വംശജർ ആരോപിച്ചു.
ഒരു നിമിഷം ഗ്രോയിപ്പർമാരെ സന്തോഷിപ്പിക്കുന്നതിനായി നിങ്ങളുടെ ഭാര്യയുടെ മതത്തെ പൊതുഇടത്തിൽ തള്ളിപ്പറഞ്ഞത് വിചിത്രമാണെന്ന് ഒരു പോസ്റ്റിൽ അദ്ദേഹത്തിനെതിരേ ആരോപണമുയർന്നു.
ഈ അഭിപ്രായത്തിനെതിരേ ശക്തമായി വിമർശിച്ച് ജെഡി വാൻസ് രംഗത്തെത്തി. ''എന്തൊരു വെറുപ്പുളവാക്കുന്ന അഭിപ്രായം. ഈ രീതിയിലുള്ള ഒരേയൊരു അഭിപ്രായമായിരുന്നില്ല ഇത്. ഒന്നാമതായി എന്റെ ഇടതുവശത്തുള്ളതായി തോന്നുന്ന ഒരാളിൽ നിന്നാണ് എന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം വന്നത്. ഞാൻ ഒരു പൊതുപ്രവർത്തകനാണ്. ആളുകൾക്ക് കാര്യങ്ങൾ അറിയുന്നതിൽ ജിജ്ഞാസയുണ്ടാകും. ആ ചോദ്യം ഒഴിവാക്കാൻ പോകുന്നില്ല,'' വാൻസ് പറഞ്ഞു.
advertisement
'ക്രിസ്ത്യൻ വിരുദ്ധ മതഭ്രാന്ത്'
''എന്റെ ക്രിസ്ത്യൻ വിശ്വാസം അനുസരിച്ച് സുവിശേഷം സത്യമാണെന്നും അത് മനുഷ്യർക്ക് നന്മവരുത്തുന്നതാണെന്നും പറയുന്നു. എന്റെ ഭാര്യ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അത്ഭുതകരമായ അനുഗ്രഹമാണ്. വർഷങ്ങൾക്ക് മുമ്പ് എന്റെ വിശ്വാസവുമായി വീണ്ടും ഇടപഴകാൻ അവൾ തന്നെ എന്നെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാനും പദ്ധതിയില്ല. പക്ഷേ, മിശ്രവിവാഹിതരായ പലരെയും പോലെ ഒരു ദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'' വാൻസ് പറഞ്ഞു.
തന്റെ ഭാര്യയെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വിശ്വാസത്തെയും ജീവിതത്തെയും കുറിച്ച് അവളോട് സംസാരിക്കുമെന്നും വാൻസ് പറഞ്ഞു, ''കാരണം അവൾ എന്റെ ഭാര്യയമാണ്''. ക്രിസ്ത്യൻ വിരുദ്ധ മതഭ്രാന്തിന്റെ ദുർഗന്ധം വമിക്കുന്നതാണ് ആ പരാമർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻസ് മുമ്പ് പറഞ്ഞതെന്ത്?
തന്റെ ഭാര്യ ക്രിസ്തുമതം സ്വീകരിക്കണമെന്ന് താൻ ആഗ്രഹിച്ചുവെന്ന് വാൻസ് പറഞ്ഞതാണ് വിവാദമായത്. ''സഭ എന്നെ പഠിപ്പിച്ച അതേകാര്യം ഒടുവിൽ അവളിലും പ്രചോദിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? അതേ, ഞാൻ അങ്ങനെ ആഗ്രഹിക്കുന്നു. കാരണം ഞാൻ ക്രിസ്ത്യൻ സുവിശേഷത്തിൽ വിശ്വസിക്കുന്നു. ഒടുവിൽ എന്റെ ഭാര്യയും അതേ രീതിയിൽ അത് കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,'' ഒരു പരിപാടിയിൽ ഇന്ത്യൻ വംശജയായ സ്ത്രീയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഭാര്യയുടെ ഹിന്ദു പശ്ചാത്തലം പരസ്യമായി അംഗീകരിക്കാത്തതിന് ജെഡി വാൻസിനെ മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി കൻവാൾ സിബൽ വിമർശിച്ചു. വാൻസ് അവരുടെ വേരുകൾ പരാമർശിക്കുന്നതിനുപകരം അവരെ 'അവിശ്വാസി' എന്ന് വിശേഷിപ്പിച്ചതായും അവരുടെ മതത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് മടിയുണ്ടെന്ന് വാൻസ് പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
