ദക്ഷിണ കൊറിയയിൽ വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ്. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണ കൊറിയയിലേക്ക് ഷി ജിൻപിംഗ് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പ്രതികരണം. ട്രംപും ഉച്ചകോടിക്കായി ബുസാനിൽ എത്തിയിട്ടുണ്ട്.
advertisement
"ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും!" ഡൊണാൾഡ് ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ എഴുതി. യുഎസ്- ചൈന വ്യാപാക്കരാർ ഇരുരാജ്യങ്ങൾക്കും ഗുണമാകുമന്ന് ബുധനാഴ്ച, APEC ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു.
യുഎസ് നിരോധനം നേരിടുന്ന സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിൽ ഷിയുമായി അന്തിമ കരാറിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന.ചൈനയിൽനിന്നുള്ള അപൂർവ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസിൽനിന്നുള്ള സെമി കണ്ടക്ടർ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ചും കൂടിക്കാഴ്ചയിൽ തീരുമാനമാകും.
ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ഷി ജിൻപിങ്ങുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചാണിത്.പ്രാദേശിക സമയം രാവിലെ 11 മണിക്ക് തെക്കൻ തുറമുഖ നഗരമായ ബുസാനിലാണ് കൂടിക്കാഴ്ച നടക്കുക.ഈ കൂടിക്കാഴ്ചയോടെ യുഎസ് പ്രസിഡന്റിന്റെ ഏഷ്യൻ പര്യടനത്തിന് സമാപനമാകും.
