പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരായ സഫീന ഖാനും അസദ് അലി മാലിഖുമാണ് പരസ്പരം അധിക്ഷേപിക്കുന്നത്. ഇരുവരും പരസ്പരം അധിക്ഷേപിക്കുന്നതും ചുറ്റുമുള്ളവര്‍ ഇരുവരെയും കാര്യങ്ങൾ പറഞ്ഞ് തണുപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പാക്കിസ്ഥാന്‍ തെഹ്രീക് -ഇ-ഇന്‍സാഫ് (പിടിഐ) സെക്രട്ടറി ജനറലും സല്‍മാന്‍ അക്രം രാജയുടെ പത്രസമ്മേളനത്തിനിടെയാണ് മാധ്യമപ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായത്. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി ആണ് സല്‍മാന്‍ അക്രം.
സഫീന ഖാൻ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പരിപാടിക്കിടെ എവൈആര്‍ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഫരീദും ഹം ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ റഫീഖും തന്നെ വളഞ്ഞതായും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങിയതായും സഫീന പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ മാധ്യപ്രവര്‍ത്തകരാണ് ഉത്തരവാദികളെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
advertisement
"എനിക്ക് വേണ്ടിയല്ല. ഒരാളുടെ അമ്മയെ അപമാനിക്കുന്നത് ഞാന്‍ കേട്ടു. ഈ നാണമില്ലാത്തവനില്‍ നിന്നും ബഹുമാനം പ്രതീക്ഷിക്കേണ്ടതില്ല. യൂത്തിലെ സെനറ്റല്‍ ജേണലിസ്റ്റ് അസ്ഹര്‍ ജാവേദിന്റെ അമ്മയെ അപമാനിച്ചവനെ ഇരിക്കുമ്പോള്‍ തല്ലുകയായിരുന്നു. അസ്ഹര്‍ ജാവേദിന്റെ അമ്മയെ അധിക്ഷേപിച്ചത് സഹിക്കാന്‍ കഴിയാത്തപ്പോള്‍ എന്റെ അമ്മയെ പറയുന്നത് കേട്ട് എനിക്ക് നിശബ്ദത പാലിക്കാന്‍ എങ്ങനെ കഴിയും?", സഫീന ഖാൻ പോസ്റ്റില്‍ ചോദിക്കുന്നു.
ഉറുദുവിലായിരുന്നു സഫീന പോസ്റ്റ് പങ്കുവെച്ചത്. ഇതേസമയം, യുകെ ആസ്ഥാനമായുള്ള ഒരു മാധ്യമത്തിലെ ജേണലിസ്റ്റ് അസദ് മാലിക് സഫീനയുടെ എല്ലാ അവകാശവാദങ്ങളും തള്ളുകയും ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞുകൊണ്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ മറ്റൊരു പോസ്റ്റിട്ടു. ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ഇത് വ്യക്തമാക്കാൻ നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടെന്നും അവര്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അസദ് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ അനുയായികള്‍ തന്നെ ഉപദ്രവിക്കുകയും തനിക്കെതിരെ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും സഫീന പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. "ഒരു ആസിഡ് ആക്രമണവും തനിക്കെതിരെ നടന്നിട്ടുണ്ട്. പക്ഷേ, അന്നും ഇന്നും ഞാന്‍ ഭയപ്പെട്ടിരുന്നില്ല. ഒരു പുരുഷന്‍ എഴുന്നേറ്റ് നിന്ന് എന്നെയോ അമ്മയെയോ അധിക്ഷേപിച്ചാല്‍ അവന്റെ വീട്ടിലെ സ്ത്രീകളേക്കാള്‍ ഞാന്‍ അവനെ അധിക്ഷേപിക്കും", സഫീന കുറിച്ചു.
പാക്കിസ്ഥാനി എന്ന ഒരു അക്കൗണ്ടില്‍ നിന്നാണ് ഇവരുടെ വാക്കേറ്റത്തിന്റെ വീഡിയോ ആദ്യം പ്രചരിച്ചത്. എആര്‍വൈ റിപ്പോര്‍ട്ടര്‍ ഫരീദ് ഖുറേഷി വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് അയാളുടെ തന്നെ വ്യാജ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായാണ് സഫീനയുടെ ആരോപണം.