കിര്‍ക്കിന്റെ കൊലപാതകത്തോടെ ആന്റിഫ ട്രംപ് ഭയക്കുന്ന ഭീകര സംഘടനയായതെങ്ങനെയാണ്...?
എന്താണ് ആന്റിഫ?
സമീപകാലത്ത് ഉയര്‍ന്നുവന്ന തീവ്ര നിലപാടുകളുള്ള ഒരു കൂട്ടം പ്രവര്‍ത്തകരുടെ രഹസ്യ ഗ്രൂപ്പാണിത്. ഈ സംഘടനയ്ക്ക് ഔദ്യോഗിക നേതാക്കള്‍ ഉള്ളതായി നിലവില്‍ സൂചനകളൊന്നുമില്ല. പലപ്പോഴും പൂര്‍ണ്ണമായും കറുത്ത വസ്ത്രം ധരിക്കുന്ന ആന്റിഫയിലെ അംഗങ്ങള്‍ വംശീയതയ്ക്കും തീവ്രവലതുപക്ഷ മൂല്യങ്ങള്‍ക്കും ഫാസിസത്തിനും എതിരെ പ്രതിഷേധിക്കുന്നു. സ്വയം പ്രതിരോധത്തിനായി മാത്രം ആക്രമണ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവരുടെ വാദം.
പ്രവര്‍ത്തന പശ്ചാത്തലം
advertisement
രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് നാസി ജര്‍മ്മനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും ഉണ്ടായിരുന്ന പ്രതിഷേധ ഗ്രൂപ്പുകളുമായി വേരുകളുണ്ടെന്നാണ് ആന്റിഫയിലെ അംഗങ്ങള്‍ സ്വയം പറയുന്നത്. 1980-കളില്‍ വംശീയ സ്‌കിന്‍ഹെഡുകള്‍, കു ക്ലക്‌സ് ക്ലാന്‍ (കെകെകെ) അംഗങ്ങള്‍, നിയോ നാസികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതിനായി അണിനിരന്നവരുടെ പിന്‍ഗാമികളാണ് ആന്റിഫ അംഗങ്ങളെന്നും വിലയിരുത്തുന്നുണ്ട്.
യുഎസിലെ ആന്റിഫ ഗ്രൂപ്പുകള്‍
2017 ഓഗസ്റ്റ് 12-ന് വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലില്‍ വെളുത്ത വംശീയവാദികളും ആന്റിഫ പിന്തുണക്കാര്‍ ഉള്‍പ്പെടെയുള്ള എതിരാളികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലോടെയാണ് യുഎസില്‍ ആന്റിഫ ഗ്രൂപ്പുകള്‍ പ്രചാരം നേടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിലും റാലികളിലും ഈ ഗ്രൂപ്പ് സജീവമാണ്.
2016 ജൂണില്‍ കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നിയോ നാസി റാലി നടത്തിയവരുമായി ആന്റിഫ സംഘര്‍ഷമുണ്ടാക്കി. ഈ സംഭവത്തില്‍ അന്ന് അഞ്ച് പേര്‍ക്ക് കുത്തേറ്റു. 2017 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെര്‍ക്കിലിയില്‍ ആള്‍ട്ട്-റൈറ്റ് പ്രകടനക്കാരെ ആന്റിഫ അംഗങ്ങള്‍ ഇഷ്ടികകള്‍, പൈപ്പുകള്‍, ചുറ്റികകള്‍, സ്വയം നിര്‍മ്മിത സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചു.
2019 ജൂലായില്‍ സ്വയം പ്രഖ്യാപിത ആന്റിഫ വില്യം വാന്‍ സ്‌പോണ്‍സന്‍ ടാക്കോമയിലുള്ള യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രത്തില്‍ ബോംബ് ആക്രമണം നടത്താന്‍ ശ്രമിച്ചു. പക്ഷേ, പോലീസ് അദ്ദേഹത്തെ കൊലപ്പെടുത്തി.
ഇതാദ്യമായല്ല യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തനിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ ആന്റിഫയുടെ പങ്കിനെപറ്റി പറയുന്നത്. ആദ്യ പ്രസിഡന്‍ഷ്യല്‍ ടേം മുതല്‍ തന്നെ എല്ലാ കലാപങ്ങള്‍ക്കും പിന്നില്‍ ആന്റിഫയുടെ പങ്കുണ്ടെന്ന് ട്രംപ് ആരോപിക്കുന്നുണ്ട്. പോലീസിനെതിരെയുള്ള അക്രമം മുതല്‍ 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റോള്‍ കലാപം നടത്തിയതുവരെയുള്ള പ്രവൃത്തികള്‍ക്ക് പിന്നില്‍ ആന്റിഫയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇപ്പോഴിതാ സംഘടനയെ ഒരു തീവ്രവാദ ഗ്രൂപ്പായും യുഎസ് ഭരണകൂടം മുദ്രകുത്തി.
അതേസമയം, ട്രംപിന്റെ മുന്‍ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ ആന്റിഫ ഒരു സംഘടനയല്ലെന്നും ഒരു പ്രത്യയശാസ്ത്രമാണെന്നും പറഞ്ഞിരുന്നു. ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്ന ഒരു ഘടന അതിനില്ലെന്നും അദ്ദേഹം 2020-ല്‍ ചൂണ്ടിക്കാട്ടിയിരുന്നു.