എന്നാല്‍ 125 ജെുകളും ബി-2 ബോംബറുകളും ഉള്‍പ്പെട്ട ഈ ഓപ്പറേഷനില്‍ ഇറാനെതിരെ അമേരിക്കന്‍ സൈന്യം തന്ത്രപരമായ മറ്റൊരു നീക്കം കൂടി നടത്തിയതായാണ് റിപ്പോര്‍ട്ട്. യുഎസ് സൈന്യത്തിന് നേട്ടം നല്‍കിയേക്കാവുന്ന തരത്തില്‍ ഇറാനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഒരു 'ചതിക്കെണി' കൂടി ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍ ഉള്‍പ്പെട്ടതായാണ് വിവരം.
ഇറാന്റെ ആണവ ഗവേഷണ സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിനായി അമേരിക്കന്‍ സൈന്യം ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചതായി ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച രാവിലെ വരെ യുഎസ് ഇറാനു നേരെ ബോംബറുകള്‍ അടങ്ങിയ വലിയ ബി-2 സ്‌ട്രൈക്ക് പാക്കേജ് വിക്ഷേപിച്ചതായും അദ്ദേഹം വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
advertisement
ഇറാന്റെ നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധതെറ്റിച്ച് അവരെ കബളിപ്പിച്ച് അതിസൂക്ഷ്മ മുന്നൊരുക്കത്തോടെയാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. ഇറാനെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി ബോംബര്‍ പാക്കേജിന്റെ ഒരു ഭാഗം പടിഞ്ഞാറോട്ട് പസഫിക്കിലേക്ക് വഴിതിരിച്ചുവിട്ടതായി കെയ്ന്‍ പറഞ്ഞു. അതായത്, കൂടുതല്‍ ബോംബറുകള്‍ മറ്റൊരു വഴിക്ക് വിക്ഷേപിച്ച് ഇറാന്‍ നിരീക്ഷണ സംവിധാനങ്ങളെ വളരെ തന്ത്രപൂര്‍വ്വം കബളിപ്പിച്ചു. ഈ ചതിക്കെണിയെ കുറിച്ച് യുഎസ് ഭരണകൂടത്തിലെ ഏതാനും പേര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളുവെന്നും കെയ്ന്‍ പറയുന്നു.
എങ്ങനെയാണ് ഇറാനെ കബളിപ്പിച്ചത് ?
ആക്രമണത്തിനിടെ ബോംബറുകളുടെ ഒരു ഭാഗം പടിഞ്ഞാറോട്ട് പസഫിക് സമുദ്രത്തിലേക്ക് വഴിത്തിരിച്ചുവിട്ടു. ഇവിടെയാണ് യുഎസ് ആക്രമണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന തരത്തില്‍ ഒരു മിഥ്യ ധാരണ ഇറാനില്‍ സൃഷ്ടിച്ചു. എന്നാല്‍, ഇതേസമയം ഇറാനു നേരെ യഥാര്‍ത്ഥത്തില്‍ ആക്രമണ ദൗത്യം ഏല്‍പ്പിച്ചിരുന്ന ബോംബറുകള്‍ യുഎസ് വിക്ഷേപിച്ചു.
രഹസ്യസ്വഭാവത്തോടെയാണ് ഈ കബളിപ്പിക്കല്‍ പദ്ധതി യുഎസ് നടപ്പാക്കിയത്. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുമായിരുന്നുള്ളു. മാത്രമല്ല ഈ സമയത്ത് കനത്ത രഹസ്യാത്മകത നിലനിര്‍ത്താന്‍ അത്യാവശ്യത്തിനു മാത്രമാണ് ആശയവിനിമയം നടത്തിയത്.
ചതിക്കെണിയുമായി വിമാനങ്ങള്‍ പടിഞ്ഞാറോട്ട് പറന്നപ്പോള്‍ യഥാര്‍ത്ഥ ദൗത്യവുമായി രണ്ട് ക്രൂ അംഗങ്ങള്‍ വീതമുള്ള ഏഴ് ബി-2 സ്പിരിറ്റ് ബോംബറുകള്‍ ഇറാനെ ലക്ഷ്യമാക്കി നിശബ്ദമായി കിഴക്കോട്ട് നീങ്ങി. 18 മണിക്കൂര്‍ നീണ്ട യാത്രയില്‍ ആകാശത്തുവച്ചുതന്നെ പലതവണ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു. മണിക്കൂറുകള്‍ നീണ്ട പറക്കലിനൊടുവില്‍ യുഎസിന്റെ പടക്കോപ്പുകളുമായി പറന്ന യുദ്ധ വിമാനങ്ങള്‍ ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. അവിടെവച്ച് കൃത്യമായ ഏകോപനത്തിലൂടെ ബി-2 ബോംബറുകള്‍ ഇറാനുനേരെ വര്‍ഷിച്ചു.
പരിമിതമായ ആശയവിനിമയം മാത്രം നടത്തിക്കൊണ്ട് നടപ്പാക്കിയ ഈ ദൗത്യം യുഎസ് സംയുക്ത സേനയുടെ സമാനതകളില്ലാത്ത ഏകോപന ശേഷിയെ എടുത്തുകാണിക്കുന്നുവെന്ന് കെയ്ന്‍ അഭിപ്രായപ്പെട്ടു. യുഎസ് സൈന്യം അതീവ ജാഗ്രതിലാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രതികാര നടപടികളെയും പ്രത്യാക്രമണങ്ങളെയും നേരിടാന്‍ യുഎസ് സൈന്യം പൂര്‍ണമായും സജ്ജമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇറാന്‍ തിരിച്ചടിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ അത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്ന മുന്നറിയിപ്പും കെയ്ന്‍ നല്‍കി. യുഎസ് സ്വയം പ്രതിരോധിക്കുമെന്നും സൈനികരുടെയും സാധാരണക്കാരുടെയും സുരക്ഷയ്ക്കാണ് യുഎസ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെയുള്ള യുഎസിന്റെ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ വന്‍ വിജയമായിരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഒന്നിലധികം മേഖലകളിലായി വ്യാപിച്ചുകിടന്നിരുന്ന ഇറാനിയന്‍ ആണവ സൗകര്യങ്ങള്‍ യുഎസ് സൈന്യം തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.