നോബൽ കമ്മിറ്റി സമാധാനത്തിനു മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നതായി വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ട്രംപിനെ ഒഴിവാക്കിയത്ആഗോള സമാധാനത്തോടുള്ള യഥാർത്ഥ പ്രതിബദ്ധതയെക്കാൾ പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു
"പ്രസിഡന്റ് ട്രംപ് ലോകമെമ്പാടും സമാധാന കരാറുകൾ ഉണ്ടാക്കുന്നത് തുടരും. യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യും. അദ്ദേഹത്തിന് ഒരു മനുഷ്യസ്‌നേഹിയുടെ ഹൃദയമുണ്ട്. തന്റെ ഇച്ഛാശക്തിയാൽ പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ ആരും ഉണ്ടാകില്ല,"- സ്റ്റീവൻ ച്യൂങ് എക്സ് പോസ്റ്റിൽ പറയുന്നു.
advertisement
സമാധാനത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം വെനസ്വേലയിലെ ജനാധിപത്യ പ്രവർത്തകയും പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മചാഡോയ്ക്കാണ് നൽകിയത്. വെനസ്വേലയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാനുള്ള സമാധാനപരമായ പോരാട്ടം നയിച്ചതിനുമുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.
ഒന്നും ചെയ്യാതിരിക്കുന്നതിനും രാജ്യത്തെ നശിപ്പിച്ചതിനുമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയതെന്ന് പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ട്രംപ് വിമർശിച്ചിരുന്നു.അധികാരമേറ്റ് എട്ട് മാസങ്ങൾക്ക് ശേഷം 2009-ലാണ് ബരാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നത്.അന്താരാഷ്ട്ര നയതന്ത്രവും ജനങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഒബാമയുടെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.
ഇതുവരെ നാല് യുഎസ് പ്രസിഡന്റുമാർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്: റുസ്സോ-ജാപ്പനീസ് യുദ്ധത്തിന്റെ അവസാനത്തിൽ മധ്യസ്ഥത വഹിച്ചതിന് തിയോഡോർ റൂസ്‌വെൽറ്റ് (1906), ലീഗ് ഓഫ് നേഷൻസ് സ്ഥാപിച്ചതിന് വുഡ്രോ വിൽസൺ (1919), മനുഷ്യാവകാശങ്ങൾക്കും സമാധാന പ്രവർത്തനങ്ങൾക്കും ജിമ്മി കാർട്ടർ (2002), നയതന്ത്ര ഇടപെടലുകൾക്ക് ബരാക് ഒബാമ (2009) എന്നിവരാണ് നോബേൽ സമ്മാനാർഹരായത്.