ന്യൂജേഴ്‌സിയില്‍ നിന്നുള്ള 24കാരനാണ് പ്രതിയായ ഹാദി മറ്റര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സംഭവ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. 'ദ സാത്താനിക് വേഴ്‌സ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഒരു ദശാബ്ദത്തിന് ശേഷമാണ് ഹാദി മറ്റര്‍ ജനിച്ചത്. എന്നാൽ അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് സ്റ്റേറ്റ് പോലീസ് മേജര്‍ യൂജിന്‍ സ്റ്റാനിസ്സെവ്സ്‌കി പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മറ്ററിന് ഇറാന്‍ അനുഭാവം ഉണ്ടായിരുന്നുവെന്ന തരത്തിൽ സൂചനകൾ ലഭിച്ചതായാണ് വിവരം.
Also Read-Fatwa | എന്താണ് ഫത്‌വ? സൽമാൻ റഷ്ദിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ത്?
advertisement
ഹാദി മറ്ററിനെക്കുറിച്ച് പുറത്തു വന്ന ചില വിവരങ്ങള്‍ ഇതൊക്കെയാണ്;
1. എന്‍ബിസി ന്യൂസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതി കാലിഫോര്‍ണിയയിലാണ് ജനിച്ചതെങ്കിലും അടുത്തിടെ ന്യൂജേഴ്സിയിലേക്ക് താമസം മാറ്റിയ ആളാണ്. മാന്‍ഹട്ടനിലെ ഫെയര്‍വ്യൂവിലായിരുന്നു ഇയാളുടെ മേല്‍ വിലാസം ഉണ്ടായിരുന്നത്.
2. ഇയാള്‍ക്ക് ന്യൂ ജേഴ്‌സിയിൽ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
3. റുഷ്ദിയെ ആക്രമിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേജര്‍ യൂജിന്‍ സ്റ്റാനിസെവ്‌സ്‌കി പറഞ്ഞു. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഷിയ ഇസ്ലാമിക തീവ്രവാദത്തോടും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനോടും അനുഭാവമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍ബിസിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മറ്ററിന് ഐആര്‍ജിസിയുമായി നേരിട്ട് ബന്ധമില്ല. എന്നിരുന്നാലും, ഇയാള്‍ക്ക് ഇറാനിയന്‍ ഗ്രൂപ്പിനോട് അനുഭാവം ഉള്ളതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
4. പ്രതി കറുത്ത വസ്ത്രങ്ങളും കറുത്ത മുഖം മൂടിയും ധരിച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷി കാത്‌ലീന്‍ ജോണ്‍സ് പറഞ്ഞു. സല്‍മാര്‍ റുഷ്ദിയെ ചുറ്റിപ്പറ്റി ഒരുപാട് വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് കാണിക്കാനുള്ള ചില നാടകങ്ങളോ പ്രകടനങ്ങളോ ഒക്കെ ആണെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയത്. എന്നാല്‍ സംഗതി അങ്ങനെയല്ലെന്ന് കുറച്ച് കഴിഞ്ഞാണ് മനസ്സിലായെന്ന് കാത്‌ലീന്‍ വ്യക്തമാക്കി.
5. പ്രതിയെ പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ വിചാരണ കാത്തിരിക്കുകയാണ്. എന്തൊക്കെ വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തുക എന്ന് വ്യക്തമല്ല. 'ദ സാത്താനിക് വേര്‍സ്' എന്ന പുസ്തകത്തെ സംബന്ധിച്ച് റുഷ്ദിയ്ക്ക് 1980കളില്‍ ഇറാന്‍ നേതാവില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു.
അതേസമയം, സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റെന്നാണ് വിവരം. നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
മുംബൈയില്‍ ജനിച്ച സല്‍മാന്‍ റഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. 1988ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ ഏറെ വിവാദമായിരുന്നു. മതനിന്ദ ആരോപിച്ച് ഇറാന്‍ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. റഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്‌സസ്. 1981 ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.