2016ല്‍ ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലും സമാനമായ ആക്രമണം നടന്നിരുന്നു. എട്ട് വര്‍ഷം മുമ്പ് ജര്‍മനിയെ നടുക്കിയ ആ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിലേക്ക് വാഹനമോടിച്ച് കയറ്റിയാണ് അന്നും ആക്രമണം നടത്തിയത്.
അറസ്റ്റിലായ തലേബ് ആരാണ് ?
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് സൗദി അറേബ്യന്‍ സ്വദേശിയും ഡോക്ടറുമായ തലേബിനെ അറസ്റ്റ് ചെയ്തു. ബേണ്‍ബര്‍ഗില്‍ ഡോക്ടറായി സേവനമനുഷ്ടിച്ചുവരികയാണ് ഈ 50കാരന്‍ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സൈക്യാട്രി-സൈക്കോതെറാപ്പി ഡോക്ടറാണ് ഇയാള്‍.
advertisement
2006ലാണ് ഇയാള്‍ ജര്‍മനിയിലെത്തിയത്. 2016ല്‍ ഇയാള്‍ക്ക് അഭയാര്‍ത്ഥി പദവിയും ലഭിച്ചു. ജര്‍മനിയില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി റ്റമര സീസ്ഷാങ് പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാള്‍ ഒരു ബിഎംഡബ്ല്യൂ കാര്‍ വാടകയ്‌ക്കെടുത്തു. ആക്രമണത്തിന് ഐഎസ്‌ഐഎസുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളുടെ കാറില്‍ നിന്നും പോലീസ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പ്രതിയെന്ന് സംശയിക്കുന്ന തലേബിനെ അറസ്റ്റ് ചെയ്‌തെന്നും നഗരത്തിന്റെ സുരക്ഷയുറപ്പാക്കിയെന്നും സാക്‌സണി അന്‍ഹാള്‍ട്ട് ഗവര്‍ണര്‍ റെയ്‌നര്‍ ഹാസെലോഫ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യയും രംഗത്തെത്തി. ജര്‍മന്‍ ജനതയോടും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സൗദി അറിയിച്ചു. എന്നാല്‍ സൗദി സ്വദേശിയായ തലേബിന്റെ അറസ്റ്റില്‍ പ്രതികരിക്കാന്‍ സൗദി ഭരണകൂടം തയ്യാറായില്ല.
ആക്രമണത്തെ അപലപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും രംഗത്തെത്തി. മോശമായത് എന്തോ സംഭവിക്കാനിരിക്കുന്നുവെന്ന സൂചനകളാണ് മാഗ്‌ഡെബര്‍ഗില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.