തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെയാണ് ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് ലിബറല്‍ പാര്‍ട്ടിയിലെ തന്നെ നിരവധി എംപിമാര്‍ രംഗത്തെത്തിയിരുന്നു. ആകെയുള്ള 153 എംപിമാരില്‍ 131 പേരും അദ്ദേഹത്തിനെതിരായി. അടുത്ത പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെടും വരെ ഇടക്കാല പ്രധാനമന്ത്രിയായി ട്രൂഡോ തുടരും.
ട്രൂഡോയ്ക്ക് പകരം ആര്?
ക്രിസ്റ്റിയ ഫ്രീലാന്‍ഡ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയെച്ചൊല്ലി ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്‍ ഉപപ്രധാനമന്ത്രി പദവിയും ധനമന്ത്രി സ്ഥാനവും രാജിവെച്ചയാളാണ് ഫ്രീലാന്‍ഡ്. ഇവരുടെ രാജി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അന്താരാഷ്ട്രതലത്തിലുള്ള അവരുടെ ശക്തമായ സ്വീകാര്യതയും സാമ്പത്തിക വൈദഗ്ധ്യവും ട്രൂഡോക്ക് പകരമായി അവർ തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. എങ്കിലും ട്രൂഡോ സര്‍ക്കാരുമായുള്ള അവരുടെ ദീര്‍ഘകാല ബന്ധം ഒരു ബാധ്യതയായി മാറിയേക്കാം.
advertisement
മാര്‍ക്ക് കാര്‍ണി: മുന്‍ ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ കാര്‍ണി ട്രൂഡോയ്ക്ക് പകരം കാനഡയുടെ നേതൃസ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെടുന്ന വ്യക്തിയാണ്. സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവും സാമ്പത്തിക യോഗ്യതകളുമാണ് ഇതിന് പ്രധാന കാരണം. പക്ഷേ, രാഷ്ട്രീയ രംഗത്തെ പരിചയക്കുറവ് തിരിച്ചടിയായേക്കാം.
ഡൊമിനിക്ക് ലെബ്ലാങ്ക്: നിലവിലെ കനേഡിയന്‍ മന്ത്രി സഭയിലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രിയും ട്രൂഡോയുടെ അടുത്ത വിശ്വസ്തനുമായ ലെബ്ലാങ്കിന് രാഷ്ട്രീയ രംഗത്ത് കാര്യമായ പരിചയമുണ്ട്. അത് അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സഹായിക്കുന്നു. ഫ്രീലാന്‍ഡ് രാജിവെച്ചതോടെ ഇപ്പോള്‍ ധനമന്ത്രി സ്ഥാനം കൈയ്യാളുന്നത് ലെബ്ലാങ്ക് ആണ്. ഫ്രീലാന്‍ഡിന്റെ അത്ര ജനപ്രീതിയില്ലെങ്കിലും ഇടക്കാല നേതാവായി വരാന്‍ തയ്യാറാണോയെന്ന് ട്രൂഡോ ലെബ്ലാങ്കിനോട് ചോദിച്ചതായി ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മെലാനി ജോളി: ട്രൂഡോക്ക് പകരമായി പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാളാണ് മെലാനി ജോളി. നിലവില്‍ വിദേശകാര്യമന്ത്രിയാണ് അവര്‍. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ കാനഡയുടെ എതിര്‍പ്പുകള്‍ കൈകാര്യം ചെയ്ത രീതി വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും ശക്തയായ പാര്‍ട്ടി പ്രവര്‍ത്തകയാണവര്‍. ട്രൂഡോ സര്‍ക്കാരുമായുള്ള ശക്തമായ ബന്ധവും വിദേശനയത്തിലെ പ്രശ്‌നങ്ങളും വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ തടസ്സപ്പെടുത്തിയേക്കാം.
ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയിന്‍: വലിയ അന്താരാഷ്ട്ര കമ്പനികളില്‍ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള വ്യവസായിയും അന്തര്‍ദേശീയ വിദഗ്ധനുമാണ് ഫ്രാങ്കോയിസ്. ക്യൂബെക്കില്‍ നിന്നുള്ള ലിബറല്‍ നേതാക്കള്‍ അദ്ദേഹത്തിന്റെ പുരോഗമന നയങ്ങളെ അനുകൂലിക്കുന്നുണ്ട്. എങ്കിലും മധ്യപക്ഷ വോട്ടുകള്‍ നേടുന്നതില്‍ അദ്ദേഹം വെല്ലുവിളികള്‍ നേരിടുന്നുണ്ട്,
ക്രിസ്റ്റി ക്ലാര്‍ക്ക്: മുന്‍ ബ്രിട്ടീഷ് കൊളംബിയ പ്രീമയറായ ക്ലാര്‍ക്കും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളിലൊരാളാണ്. കനേഡിയന്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളിലൊരാളാണ് 58കാരയായ ക്ലാര്‍ക്ക്. ട്രൂഡോ രാജിവയ്ക്കണമെന്നും അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത ലിബറല്‍ പാര്‍ട്ടിയിലെ അംഗമാണ് അവര്‍. പാര്‍ട്ടിയില്‍ ട്രൂഡോ 'വിഭാഗീതയ' ഉണ്ടാക്കിയെന്ന് ക്ലാര്‍ക്ക് കുറ്റപ്പെടുത്തിയിരുന്നു.
രണ്ട് ഇന്ത്യന്‍ വംശജരും
അനിത ആനന്ദ്: ട്രൂഡോയുടെ മന്ത്രിസഭയിലെ മുന്‍ പ്രതിരോധ മന്ത്രിയും നിലവിലെ ഗതാഗത, ആഭ്യന്തര വാണിജ്യ വകുപ്പ് മന്ത്രി കൂടിയുമായ അനിത ആനന്ദ് പാര്‍ട്ടിയെ നയിക്കാന്‍ സാധ്യതയുള്ള ഒരാളായി കണക്കാക്കപ്പെടുന്നു. തമിഴ്‌നാട്, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ ഡോക്ടര്‍മാരാണ് അവരുടെ മാതാപിതാക്കള്‍. 2019 മുതല്‍ 2021 വരെ പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മന്ത്രിയായിരുന്നു. കോവിഡ് 19 വ്യാപനക്കാലത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോര്‍ജ് ചഹല്‍: അനിത ആനന്ദിന് പുറമെ നിരവധി എംപിമാര്‍ മറ്റൊരു ഇന്ത്യന്‍ വംശജനായ ജോര്‍ജ് ചഹലിനും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് തന്റെ കോക്കസ് സഹപ്രവര്‍ത്തകര്‍ക്ക് ചഹല്‍ കഴിഞ്ഞയാഴ്ച കത്തെഴുതിയിരുന്നു. അഭിഭാഷകനും കമ്യൂണിറ്റി നേതാവുമായ ചാഹല്‍ കാല്‍ഗറി സിറ്റി കൗണ്‍സിലറായി വിവിധ കമ്മിറ്റികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിഖ് കോക്കസിന്റെ ചെയര്‍മാനുമാണ്. ട്രൂഡോയുടെ പ്രധാന വിമര്‍ശകനായ ചഹല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് താഴെ ഇറങ്ങാന്‍ ട്രോഡോയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇടക്കാല നേതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രധാനമന്ത്രി മത്സരത്തില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെടും.
അടുത്ത നടപടി എന്ത്?
ജഗ്മീത് സിംഗിന്റെ നേതൃത്വത്തിലുള്ള മുന്‍ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി(എന്‍ഡിപി) ലിബറല്‍ സര്‍ക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അറ്റ്‌ലാന്റിക്, ഒന്റാറിയോ, ക്യൂബെക് കോക്കസുകള്‍ തങ്ങളുടെ അംഗങ്ങളില്‍ ഭൂരിഭാഗവും ട്രൂഡോയെ പിന്തുണയ്ക്കുന്നില്ലെന്ന സൂചന നല്‍കിക്കഴിഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ ലിബറലുകള്‍ കൈവശം വെച്ചിരിക്കുന്ന 153 സീറ്റുകളില്‍ 131 എണ്ണവും ഈ മൂന്ന് പ്രദേശങ്ങളിലാണ്.
ട്രൂഡോ രാജിവെച്ചതോടെ രണ്ട് വഴികളാണ് പാര്‍ട്ടിക്ക് മുന്നിലുള്ളത്. ദേശീയ കോക്കസിന്റെ ശുപാര്‍ശ പരിഗണിച്ച് ഇടക്കാല നേതാവിനെ നിയമിക്കുക. അല്ലെങ്കില്‍ നേതൃസ്ഥാനത്തേക്ക് ഒരു മത്സരം നടത്തുക എന്നതാണ് രണ്ടാമത്തെവഴി. ട്രൂഡോയ്ക്ക് പകരം ഒരു ഇടക്കാല നേതാവിനെ ലിബറല്‍ പാര്‍ട്ടി നിയമിക്കാനാണ് സാധ്യത കൂടുതല്‍.