യുകെയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി എംപിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 1960കളില്‍ നടന്ന ഒരു മെഡിക്കല്‍ റിസര്‍ച്ചിനെപ്പറ്റി അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്തായിരുന്നു ഗവേഷണം എന്നല്ലേ? ശരീരത്തിലെ ഇരുമ്പിന്റെ അപര്യാപ്തയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ചപ്പാത്തി നല്‍കിയ ഗവേഷണമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇതേപ്പറ്റി കൂടുതലറിയാം.
‘അനീമിയ’ പരിശോധിക്കുന്നതിനുള്ള പഠനം
യുകെ നഗരത്തിലെ ദക്ഷിണേഷ്യന്‍ ജനസംഖ്യയിലെ ഇരുമ്പിന്റെ അപര്യാപ്തയെപ്പറ്റി ഒരു ഗവേഷണം നടത്തിയിരുന്നു. 1960കളിലായിരുന്നു ഇത്. ഈ പരീക്ഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഒരു ജനറല്‍ പ്രാക്ടീഷണര്‍ വഴി 21 ഇന്ത്യന്‍ വംശജരായ സ്ത്രീകളെ തിരിച്ചറിഞ്ഞു. ഇവര്‍ക്ക് ഇരുമ്പ് അടങ്ങിയ ഐസോടോപ്പായ അയണ്‍-59 ഭക്ഷണത്തിലൂടെ നല്‍കുകയായിരുന്നു. സാധാരണ രോഗങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സ്ത്രീകള്‍ ഡോക്ടറെ സമീപിച്ചത്.
advertisement
ഗവേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടിലേക്ക് അയണ്‍-59 അടങ്ങിയ ചപ്പാത്തികള്‍ എത്തിച്ചു. ഗാമ-ബീറ്റ കിരണങ്ങള്‍ പുറത്തുവിടുന്ന അയണ്‍ ഐസോടോപ്പാണിത്. എത്രത്തോളം ഇരുമ്പ് ആഗിരണം ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തുന്നതിനായി അവയുടെ വികിരണത്തിന്റെ അളവ് ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ഹാര്‍വല്ലിലുള്ള ആറ്റോമിക് എനര്‍ജി റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റില്‍ വെച്ച് വിലയിരുത്തുകയും ചെയ്തു.
പരീക്ഷണത്തിന് എത്തിച്ച സ്ത്രീകള്‍ ഇംഗ്ലീഷ് അറിയാത്തവരാണ്. റേഡിയോ ആക്ടീവ് ഐസോടോപ്പ് കലര്‍ത്തിയ ഭക്ഷണം തങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു.
കാര്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ എല്‍വുഡിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. എംആര്‍സിയുടെ പിന്തുണയും ഇവയ്ക്കുണ്ടായിരുന്നു. ഇതേപ്പറ്റി 1995ല്‍ ചാനല്‍ ഫോര്‍ ഒരു അന്വേഷാത്മക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 1998ല്‍ ഗവേഷണത്തെപ്പറ്റി അന്വേഷിക്കാന്‍ എംആര്‍സിയും രംഗത്തെത്തി.
ഗവേഷണത്തില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യം അപകടത്തിലാകാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പറഞ്ഞത്. സുതാര്യത, തുറന്ന സമീപനം തുടങ്ങിയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത കാരണം ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് എംആര്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
”1995ല്‍ ചാനല്‍ ഫോര്‍ പുറത്തിറക്കിയ ഡോക്യുമെന്ററി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളെപ്പറ്റി പരിശോധിക്കാന്‍ അക്കാലത്ത് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു,” എന്നും പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണം വേണമെന്ന് ആവശ്യം
ഈ സംഭവത്തിന് ഇരകളായ സ്ത്രീകളുടെ കുടുംബങ്ങളെപ്പറ്റി തനിക്ക് ആശങ്കയുണ്ടെന്ന് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ കവന്‍ട്രിയുടെ എംപിയായ തായ്വോ ഒവാട്ടെമി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് ഒവാട്ടേമിയുടെ ആവശ്യം. ഒവാട്ടെമിയെ പിന്താങ്ങി കവന്‍ട്രിയുടെ ദക്ഷിണ മേഖല എംപിയായ സാറ സുല്‍ത്താനയും രംഗത്തെത്തിയിട്ടുണ്ട്.