അവിശ്വാസത്തെ അതിജീവിക്കുമോ?
പ്രതിപക്ഷത്തിന്റെ അവിശ്വാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച (മാർച്ച് 25) ആണ് പാക് ദേശീയ അസംബ്ലി ചേരുന്നത്. മാർച്ച് 8-ന് 100 അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പ്രമേയം വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇമ്രാൻഖാന്റെ സ്വന്തം പാർട്ടിയായ പാകിസ്താൻ തെഹ്‍രിക് എ ഇൻസാഫിൽ നിന്നടക്കം അംഗങ്ങൾ മറുകണ്ടം ചാടി. സ്ഥാപക നേതാക്കളിൽ ഒരാളായ നജീബ് ഹാരൂണ്‍ അടക്കം 12 പാർലമെന്റ് അംഗങ്ങളാണ് ഇമ്രാൻ ഖാനെതിരെ രംഗത്തുള്ളത്. ഭരണസഖ്യത്തിലെ മൂന്ന് പാർട്ടികളും മുന്നണി വിട്ടു. മുത്താഹിദ ഖ്വാമി മൂവ്മെന്റ് (MQM-P), പാകിസ്താൻ മുസ്ലീംലീഗ് ഖയ്‍ദ് (PML-Q), ബലൂചിസ്താൻ അവാമി പാർട്ടി (BAP) എന്നിവയാണ് പ്രതിപക്ഷത്തിനൊപ്പം ചേർന്നത്. ഈ മൂന്ന് പാർട്ടികളിലുമായി 17 അംഗങ്ങളുണ്ട്. ഇതോടെ ഇമ്രാൻഖാന്റെ പിന്തുണ 144 ആയി കുറഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശ വാദം.
advertisement
ഇമ്രാൻഖാനെതിരായ ആരോപണങ്ങൾ
രാജ്യത്തെ സാമ്പത്തികമായി തകർത്തു. കരന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 6 ശതമാനമായി. പാകിസ്താൻ രൂപയുടെ മൂല്യ തകർച്ച, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, നികുതി പിരിവിലെ പാളിച്ച തുടങ്ങി നിരവധി വിമർശനങ്ങൾ വേറെയുമുണ്ട്. വിദേശ നയത്തിൽ വെള്ളം ചേർത്തു എന്നതാണ് അടുത്ത വിമർശനം. യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയ അന്നുതന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സന്ദർശിച്ചതാണ് ഇതിനുള്ള പ്രധാന കാരണം.
Also Read-ഇന്ധനക്ഷാമം രൂക്ഷം; പമ്പുകളില്‍ നീളന്‍ ക്യൂവും ബഹളവും; പട്ടാളത്തെ ഇറക്കി ശ്രീലങ്ക
രാജിവയ്ക്കില്ലെന്ന് ഇമ്രാൻഖാൻ
പ്രതിപക്ഷത്തിന്റെ വാദങ്ങളെല്ലാം തള്ളുകയാണ് ഇമ്രാൻഖാൻ. സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ കണക്കിലെ കളികൾ ഇമ്രാൻഖാന് അനുകൂലമല്ല. രാജിവയ്ക്കാതിരുന്നാൽ ആഭ്യന്തര കലാപമാകും ഫലം. ഇതിന് ഇമ്രാൻഖാൻ തയ്യാറാകുമോയെന്ന് കണ്ടറിയണം.
സുപ്രീംകോടതിയുടെ വിധി കാത്ത്
ഇതിനിടെയാണ് സുപ്രീംകോടതി നാളെ (വെള്ളിയാഴ്ച) നിർണ്ണായക വിധി പറയാൻ പോകുന്നത്. കൂറുമാറിയ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഇമ്രാൻഖാൻറെ ഹർജിയിലാണ് സുപ്രീം കോടതി വിധി പറയുന്നത്. ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. 12 അംഗങ്ങളെ അയോഗ്യരാക്കിയാൽ ഇമ്രാൻഖാനും സർക്കാരിനും ആശ്വാസമാകും. എന്നാൽ ഭരണഘടനയുടെ 63 A ആജീവനാന്ത വിലക്കിനെ കുറിച്ച് പറയുന്നില്ല. അതുകൊണ്ടുതന്നെ അംഗങ്ങളെ വോട്ട് ചെയ്യാൻ കോടതി അനുവദിക്കുമെന്ന് പ്രതിപക്ഷവും കണക്കുകൂട്ടുന്നു.
Also Read-പാകിസ്ഥാനിൽ ഇമ്രാൻ ഖാന് വഴി അടയുന്നു; രാജിവെക്കാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്
സൈന്യം ആർക്കൊപ്പം
പാകിസ്താൻ രാഷ്ട്രീയത്തിൽ സൈന്യത്തിന്റെ സ്വാധീനവും ഇടപെടലും ചെറുതല്ല. സൈനിക മേധാവികൾതന്നെ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയിട്ടുണ്ട്. ജനറൽ പർവേസ് മുഷാറഫ് തന്നെ ഉദാഹരണം. മൂന്നര വർഷം മുൻപ് ഇമ്രാൻഖാൻ അധികാരത്തിൽ വരുമ്പോൾ സൈന്യം അദ്ദേഹത്തോടൊപ്പമായിരുന്നു. അഥവാ, സൈന്യത്തിന്റെ പിന്തുണകൊണ്ടുകൂടിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ ഒക്ടോബർ മുതൽ ഇമ്രാൻഖാനും സൈനിക മേധാവി ജനറൽ ഖാമർ ജാവേദ് ബജുവയും രണ്ട് ധ്രുവങ്ങളിലാണ്. ഐഎസ്ഐ മേധാവിയുടെ നിയമനുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇരുവരേയും അകറ്റിയത്.
സർക്കാർ താഴെ വീണാൽ
ഇമ്രാൻഖാൻ സർക്കാർ താഴെ വീണാൽ പിന്നീടുള്ളത് മൂന്ന സാധ്യതകളാണ്.
1. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ. അടുത്ത ഒന്നര വർഷം ഈ സർക്കാരിന് അധികാരത്തിൽ തുടരാം. ഇങ്ങനെയൊരു സഖ്യം രൂപീകരിച്ചാണ് പ്രതിപക്ഷം ഇമ്രാൻഖാനെതിരെ നീങ്ങുന്നതും.
2. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാണ്.
3. ഇമ്രാൻഖാൻ രാജിവയ്ക്കാതെ അധികാരത്തിൽ തുടരാൻ ശ്രമിക്കാം. ഇത് വലിയ സംഘർഷത്തിനും കലാപത്തിനും വഴിയൊരുക്കാം.
ക്രിക്കറ്റിലെ അത്ഭുതം ആവർത്തിക്കുമോ?
30 വർഷം മുമ്പ്, 1992. ഇതുപോലെ ഒരു മാർച്ച് 25. ലോക ക്രിക്കറ്റ് എഴുതി തള്ളിയ പാകിസ്താൻ ടീം ഇംഗ്ലണ്ടിനെ തോൽപിച്ച് ലോകകപ്പ് കിരീടം നേടിയത് അന്നാണ്. ഇമ്രാൻ ഖാനായിരുന്നു അന്ന് ടീമിന്റെ നായകൻ. മൂന്നു പതിറ്റാണ്ടിനിപ്പുറം രാഷ്ട്രീയത്തിലും ഇങ്ങനെയൊരു അത്ഭുതം ഇമ്രാൻ ഖാൻ കാഴ്ചവയ്ക്കുമോ? കാത്തിരിക്കാം.
പക്ഷേ ഒരു കാര്യംകൂടി ഓർക്കണം - പാകിസ്താനിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല.