കൊളംബോ: ശ്രീലങ്കയില്‍(Sri Lanka) ഇന്ധനക്ഷാമം രൂക്ഷമായതോടെ പമ്പുകളില്‍ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണണായി. ഈ സാഹചര്യത്തില്‍ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോള്‍(Petrol) പമ്പുകള്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളിയ്ക്കൊപ്പം ശ്രീലങ്കയില്‍ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ചുയരുകയാണ്. നിരവധി പേര് മണിക്കൂറോളമാണ് പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ അക്രമസക്തരായി ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങുകയും ചെയ്തു.
ഇന്ധനവിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. ആളുകള്‍ കാനുകൡ പെട്രോള്‍ വാങ്ങി വില്‍ക്കുന്നുണ്ട്. കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തില്‍ എത്തിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്.
പാചകവാതക വില കുത്തനെ ഉയര്‍ത്തിയത് മൂലം ജനങ്ങള്‍ പാചകം ചെയ്യാനായി മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യന്‍ രൂപ) കൂട്ടിയത്. അഞ്ച് മണിക്കൂര്‍ നീളുന്ന പവര്‍കട്ട് മൂലം ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്നമായി. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടിലേക്ക് രാജ്യം വീണത്.
പെട്രോളിനും ഡീസലിനും 40% വില വര്‍ധനവുണ്ടായത് ഇന്ധനക്ഷാമം രൂക്ഷമാക്കി. മണിക്കൂറുകളോളം കാത്തുകിടന്നാണ് ജനങ്ങള്‍ ഇന്ധനം വാങ്ങുന്നത്. ഇത്തരത്തില്‍ ഇവര്‍ വാങ്ങുന്ന പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കന്‍ രൂപ = 29 ഇന്ത്യന്‍ പൈസ). അസംസ്കൃത എണ്ണയുടെ ശേഖരം തീര്‍ന്നതിനെ തുടര്‍ന്ന് ലങ്കയിലെ ഏക സംസ്കരണശാല പൂട്ടി.
അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം മൂലം രാജ്യത്തെ സ്കൂളുകളില്‍ പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ചോദ്യപ്പേപ്പര്‍ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് 28ന് തുടങ്ങാനിരുന്ന 9,10,11 ക്ലാസുകളിലെ അവസാന ടേം പരീക്ഷകള്‍ മാറ്റിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.