മതിയായ രേഖകള്‍ കൈവശമുണ്ടായിരുന്നിട്ടും താനുള്‍പ്പെടെയുള്ള 56 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തിയില്‍ ജോര്‍ജിയന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അവഗണന നേരിട്ടതായി യുവതി പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. അര്‍മേനിയയില്‍ നിന്ന് സഡഖ്‌ലോ അതിര്‍ത്തി വഴിയാണ് സംഘം ജോര്‍ജിയയിലേക്ക് പ്രവേശിച്ചതെങ്കിലും ഭക്ഷണമോ ശുചിമുറികളോ ഇല്ലാതെ അഞ്ച് മണിക്കൂറിലധികം സമയം മരവിക്കുന്ന തണുപ്പില്‍ കാത്തിരിക്കേണ്ടി വന്നുവെന്നും ഇന്ത്യന്‍ അധികാരികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബാധിതര്‍ക്കുവേണ്ടി ഇടപെടുകയും ചെയ്യണമെന്നും അവര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
"അധികാരികളില്‍ നിന്ന് ഒരു ആശയവിനിമയവും ഇല്ലാതെ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ രണ്ട് മണിക്കൂറോളം പിടിച്ചുവച്ചു. കന്നുകാലികളെ പോലെ നടപ്പാതയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. കുറ്റവാളികളെന്ന പോലെ ഞങ്ങളുടെ വീഡിയോകള്‍ എടുത്തു. ഞങ്ങളുടെ കൈവശമുള്ള രേഖകള്‍ പോലും പരിശോധിക്കാന്‍ കൂട്ടാക്കാതെ വിസ വ്യാജമാണെന്ന് അവര്‍ അവകാശപ്പെട്ടു", യുവതി പോസ്റ്റില്‍ പറഞ്ഞു.
advertisement
ജോര്‍ജിയ ഇന്ത്യക്കാരോട് ഇങ്ങനെയാണ് പെരുമാറുന്നതെന്നും ഇത് തീര്‍ത്തും ലജ്ജാകരവും അസ്വീകാര്യവും ആണെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും പോസ്റ്റില്‍ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അപമാനം നേരിട്ട 56 പേരുടെ സംഘത്തിന്റെ ഭാഗമായ മറ്റൊരാളും പോസ്റ്റിനെ പിന്തുണച്ചിട്ടുണ്ട്. ജോര്‍ജിയന്‍ ഉദ്യോഗസ്ഥര്‍ വളരെ അപമാനകരവും പരുഷവുമായി പെരുമാറിയെന്ന് അയാളും പറഞ്ഞു.
"ആവശ്യമായ എല്ലാ രേഖകളും ഞങ്ങള്‍ ഹാജരാക്കി. ജോര്‍ജിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു. ഒരു രേഖയും പരിശോധിച്ചില്ല. തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചു. കന്നുകാലികളെ പോലെ റോഡിലിരുത്തി", അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാർ ജോര്‍ജിയ സന്ദര്‍ശിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നമുക്ക് ആതിഥേയത്വം നല്‍കാന്‍ അവര്‍ക്ക് ഒരുതരത്തിലും അര്‍ഹതയില്ലെന്നും അദ്ദേഹം കുറിച്ചു.
സമാനമായ അനുഭവങ്ങള്‍ പങ്കിട്ട നിരവധി പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടി. ജോര്‍ജിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി അവകാശപ്പെടുന്ന ഈ ആഴ്ച താന്‍ കാണുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് ഒരു ഉപയോക്താവ് കുറിച്ചു.
2019-ലെ ഒരു അനുഭവം മറ്റൊരാള്‍ പങ്കിട്ടു. ജോര്‍ജിയയിലേക്ക് പോകുന്നതിനുമുമ്പ് ഇത്തരം സംഭവങ്ങള്‍ കേട്ടതായി അദ്ദേഹം പറഞ്ഞു. കുറ്റവാളിയോടെന്ന പോലെയാണ് അവിടെ എത്തിയപ്പോള്‍ തന്നോട് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും വര്‍ഷങ്ങളായി അവര്‍ ഇന്ത്യക്കാരോട് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
60-ലധികം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും മതിയായ രേഖകള്‍ ഉണ്ടായിരുന്നിട്ടും പ്രശ്‌നങ്ങള്‍ നേരിട്ട ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ജോര്‍ജിയ എന്ന് മറ്റൊരാള്‍ കുറിച്ചു. നല്ല ഉദ്യോഗസ്ഥനാണെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിടാതെ അതിര്‍ത്തി കടക്കാന്‍ ഭാഗ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍, പാക്കിസ്ഥാന്‍ പൗരന്മാരെ ലക്ഷ്യംവച്ചുള്ള ഇത്തരം പെരുമാറ്റങ്ങള്‍ വര്‍ദ്ധിച്ചതായി ഒരു ഇമിഗ്രേഷന്‍ അഭിഭാഷകന്‍ പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അംഗീകൃത വിസയും രേഖകളുമുള്ള യാത്രികര്‍ക്കുപോലും വിസ നിരസിക്കല്‍, തടങ്കല്‍, നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരുന്നതായും അദ്ദേഹം വിശദമാക്കി.
സമാനമായ അനുഭവം നേരിട്ട ഒരു ഇന്ത്യന്‍ വംശജനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കേസും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് ജോര്‍ജിയയിലേക്ക് പഠനത്തിനായി ചേക്കേറിയ വിദ്യാര്‍ത്ഥിയോട് നിറത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി പെരുമാറിയതായും കുറ്റവാളിയോടെന്ന പോലെ പെരുമാറി അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മകന്റെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കിയ പഠനക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മയാണ് വെളിപ്പെടുത്തിയത്.