കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗബ്രിയേലയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് കുടിയേറ്റതൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വോയ്‌സ് ഓഫ് ദി വേള്‍ഡ് യൂണിയന്‍ അറിയിച്ചു. ബാക്കി വന്ന സാന്‍ഡ് വിച്ചുകള്‍ തിരികെയെത്തിച്ചില്ലെന്ന് ഇവരുടെ കരാർ സ്ഥാപനം ടോട്ടല്‍ ക്ലീനിന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് യുവതിക്കെതിരേ നടപടി സ്വീകരിച്ചത്. അന്വേഷണത്തിൽ 1.50 യൂറോ വിലയുള്ള (134 രൂപ) ഒരു സാന്‍ഡ് വിച്ച് ഗബ്രിയേല കഴിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. അഭിഭാഷകരുടെ യോഗത്തിന് ശേഷം മിച്ചം വന്ന സാന്‍ഡ് വിച്ച് കളയാന്‍ വെച്ചിരിക്കുകയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരുന്നു. തുടർന്ന് അനുമതിയില്ലാതെ ഗബ്രിയേല സാൻഡ്‌വിച്ച് എടുത്ത് കഴിക്കുകയായിരുന്നുവെന്ന് റോള്‍ഓണ്‍ഫ്രൈഡെയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
advertisement
ഗബ്രിയേലയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി അവരോടുള്ള വിവേചനമാണ് കാണിക്കുന്നതെന്ന് യൂണിയന്‍ ആരോപിച്ചു. പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു ലാറ്റിനമേരിക്കക്കാരി അല്ലായിരുന്നുവെങ്കില്‍ കമ്പനി അവര്‍ക്കെതിരേ നടപടി സ്വീകരിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഗബ്രിയേലയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധിക്കാനും അവരെ ജോലിയില്‍ തിരിച്ചെടുക്കാനും ആവശ്യപ്പെട്ട് ഫെബ്രുവരി 14ന് ഒട്ടേറെ യൂണിയന്‍ പ്രവര്‍ത്തകര്‍ ഡെവോണ്‍ഷൈര്‍ സോളിസിറ്റേഴ്‌സിന്റെ മുന്നില്‍ തടിച്ചു കൂടിയിരുന്നു. 100 ക്യാന്‍ ടൂണ, 300 സാന്‍ഡ് വിച്ചുകള്‍, ഹീലിയം നിറച്ച ബലൂണുകള്‍ എന്നിവയുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ബാക്കി വരുന്ന ഭക്ഷണം ജീവനക്കാര്‍ ഉച്ചഭക്ഷണമായി എടുത്ത് മാറ്റി വയ്ക്കുന്നത് ഒരു സാധാരണ സംഭവമാണെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയേല പറഞ്ഞു. ''അഭിഭാഷകരുടെ യോഗത്തിന് ശേഷം കാന്റീനില്‍ കുറച്ച് സാന്‍ഡ് വിച്ചുകള്‍ ബാക്കിയായിരുന്നു. അങ്ങനെ ബാക്കി വരുന്ന ഭക്ഷണം ഉച്ചഭക്ഷണമായി ജീവനക്കാര്‍ എടുത്തുമാറ്റി വയ്ക്കാറുണ്ട്. എന്റെ ഷിഫ്റ്റ് അവസാനിക്കാറായ സമയമായിരുന്നു. അപ്പോഴാണ് ബാക്കി വന്ന സാന്‍ഡ് വിച്ചുകളിലൊരെണ്ണം എടുത്ത് ഞാന്‍ ഫ്രിഡ്ജില്‍വെച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ജോലി സമയം അവസാനിക്കാന്‍ 15 മിനിറ്റ് മാത്രം ശേഷിക്കെ ആണ് എന്നെ വിളിപ്പിച്ചത്. കൂടുതല്‍ അന്വേഷണമൊന്നും നടത്താതെ എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്നും'' അവര്‍ പറഞ്ഞു.
''ക്ലീനിങ് ജീവനക്കാരെ നിസ്സാരകാര്യങ്ങളുടെ പേരില്‍ പിരിച്ചുവിടുന്നത് പതിവ് സംഭവമാണ്. ഇത്തരത്തിലുള്ള വിവേചനപരമായ പ്രവര്‍ത്തികള്‍ രാജ്യത്ത് ദിവസവും നടക്കാറുണ്ട്. തങ്ങള്‍ വൃത്തിയാക്കുന്ന അഴുക്കുപോലെയാണ് മറ്റുള്ളവര്‍ തങ്ങളോട് പെരുമാറുന്നതെന്ന് ഒട്ടേറെപ്പേര്‍ പരാതിപ്പെടാറുണ്ട്. അവരില്‍ ഒരാളാണ് ഗബ്രിയേല.
ഡെവോണ്‍ഷൈര്‍ സോളിസിറ്റേഴ്‌സ് പോലുള്ള കമ്പനികള്‍ ആയാലും അവയ്‌ക്കെതിരേ ഞങ്ങള്‍ ശബ്ദമുയര്‍ത്തുകയും തൊഴിലുടമയ്‌ക്കെതിരേ പോരാടാന്‍ ഒന്നിക്കുകയും ചെയ്യുമെന്ന്'', യുണൈറ്റഡ് വോയിസസ് ഓഫ് വേള്‍ഡ് ജനറല്‍ സെക്രട്ടറി പെട്രോസ് ഏലിയ പറഞ്ഞു. ഗബ്രിയേല നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യതയില്ലാത്തതുമാണെന്ന് ടോട്ടല്‍ ക്ലീന്‍ വക്താവ് ഗാര്‍ഡിയനോട് പറഞ്ഞു. ഗബ്രിയേലയ്‌ക്കെതിരേ തങ്ങള്‍ പരാതി നല്‍കിയിട്ടില്ലെന്നും നടപടികള്‍ സ്വീകരിക്കാന്‍ ടോട്ടല്‍ ക്ലീനിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡെവോണ്‍ഷൈര്‍ സോളിസിറ്റേഴ്‌സും വ്യക്തമാക്കി.