തലയിലെ നരച്ച മുടി പിഴുതാല് കൂടുതല് നരയ്ക്ക് കാരണമാകുമോ? സത്യാവസ്ഥ അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
മെലാനിൻ ഉത്പാദനം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് മുടി നരയ്ക്കുന്നത്
advertisement
1/5

ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ് അകാലനര. ചിലർ മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായി കാണാറുണ്ട്. പ്രായമാകുന്നതിനു പുറമെ ജനിതക ഘടകങ്ങൾ, പുകവലി, മലിനീകരണം, പെർനിഷ്യസ് അനീമിയ, പോഷകാഹാരക്കുറവ് തുടങ്ങിയവയും മുടി അകാലത്തിൽ നരയ്ക്കുന്നതിന് കാരണമാകുന്നു. മുടിയ്ക്ക് നിറം നൽകുന്ന മെലാനിൻ എന്ന വസ്തു രോമകൂപങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്. നരച്ച മുടി പൊതുവെ ആളുകൾക്ക് അഭികാമ്യമല്ല. നരച്ച മുടി ഒഴിവാക്കാൻ പലരും ഹെയർ ഡൈ പോലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
advertisement
2/5
ചിലർ നരച്ച മുടി പിഴുതുമറ്റാറുണ്ട്. ചെറിയ രീതിയിൽ നര ഉള്ളവരാണ് ഈ രീതി ഉപയോഗിക്കുന്നത്. എന്നാൽ, ഗണ്യമായ രീതിയിൽ മുടി നരച്ചവരിൽ ഇത് പ്രായോഗികമല്ല. എങ്കിലും, വിരലിലെണ്ണാവുന്നത്ര നരച്ച മുടി മാത്രമുള്ളവർ പലപ്പോഴും അവ പിഴുതു കളയാറുണ്ട്. നരച്ച മുടി പിഴുതു കളഞ്ഞാൽ കൂടുതൽ മുടി നരയ്ക്കുമെന്ന് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഈ പ്രസ്താവനയ്ക്ക് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ല എന്നതാണ് വാസ്തവം. മുടിയുടെ കോശങ്ങളായ ഹെയർ ഫോളിക്കിളുകളിൽ കാണപ്പെടുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളാണ് മെലാനിൻ ഉത്പാദിപ്പിക്കുന്നത്. ഈ മെലാനിൻ ആണ് മുടിയുടെ കറുത്ത നിറത്തിന് കാരണമാകുന്നത്. മെലാനിൻ ഉത്പാദനം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് മുടി നരയ്ക്കുന്നത്. മെലാനിൻ ഉത്പാദനം സ്വാഭാവികമായി നടക്കുമ്പോൾ മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നു. എന്നാൽ, വിദേശികളിൽ പൊതുവേ മെലാനിൻ ഉത്പാദനം കുറവാണ്. അതുകൊണ്ടാണ് അവരിൽ പലരുടെയും മുടി ജന്മനാ കറുപ്പല്ലാത്തത്. ഇത് ജനിതകമായ ഒരു വ്യത്യാസം മാത്രമാണ്.
advertisement
3/5
മെലാനോസൈറ്റ് കോശങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ഫിയോമെലാനോസൈറ്റുകള്‍, യൂമെലാനോസൈറ്റുകള്‍. യൂമെലാനോസൈറ്റുകളാണ് മുടിക്ക് ചുവപ്പും മഞ്ഞയും നിറം നൽകുന്ന പിഗ്മെന്റുകൾ ഉത്പാദിപ്പിക്കുന്നത്, അതേസമയം ഫിയോമെലാനോസൈറ്റുകൾ തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള പിഗ്മെന്റുകൾ ഉത്പാദിപ്പിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് മെലാനോസൈറ്റുകളുടെ ഉത്പാദനം കുറയുന്നതാണ് മുടി നരയ്ക്കുന്നതിന് കാരണം. വ്യക്തികളിൽ കാണപ്പെടുന്ന വ്യത്യസ്ത മുടി നിറങ്ങൾക്ക് കാരണം ഈ മെലാനോസൈറ്റുകളുടെ വ്യത്യാസമാണ്. ഓരോ മുടിയുടെയും നിറം നിർണ്ണയിക്കുന്നത് ഹെയർ ഫോളിക്കിളുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ അളവാണ്. മുടി പിഴുതെടുക്കുമ്പോൾ പുതിയ മെലാനോസൈറ്റുകൾ ഉത്പാദിപ്പിക്കപ്പെടുകയോ നിലവിലുള്ളവയുടെ വളർച്ച വർദ്ധിക്കുകയോ ചെയ്യുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.
advertisement
4/5
ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മുടി ഇതുപോലെ നാം പിഴുതെടുക്കുമ്പോള്‍ നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാം. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം.മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ലെന്ന് തന്നെ പറയേണ്ടി വരും.
advertisement
5/5
ജനിതകശാസ്ത്രമായ ഘടകങ്ങളോ പ്രായമോ കാരണമാണ് മുടി നരയ്ക്കുന്നതെങ്കിൽ യാതൊന്നിനും അതിനെ തടയാൻ കഴിയില്ല. എന്നാൽ വൈദ്യശാസ്ത്രപരമായ പ്രശ്നങ്ങളാൽ നിറം നഷ്ടപ്പെടുകയാണെങ്കിൽ പരിഹാരമുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. അകാലനര പോലുള്ള പ്രശ്നങ്ങളിൽ പലപ്പോഴും ഭക്ഷണക്രമവും വിറ്റാമിനുകളുടെ കുറവുമൊക്കെ കാരണമാവാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ അവസ്ഥ മോശമാകുന്നത് തടയാൻ സാധിക്കും. ഭക്ഷണ ശീലങ്ങളിൽ മാറ്റം കൊണ്ടുവന്നാൽ മുടി നരയ്ക്കുന്നതിനെ തടയാൻ സാധിക്കും. ആന്റി ഓക്സിഡന്റുകൾ കൂടുതലുള്ള ഭക്ഷണത്തിലൂടെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഗ്രീൻ ടീ, ഒലിവ് ഓയിൽ, സീഫുഡ് തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ആന്റിഓക്സിഡന്റുകൾ കൂടുതലാണ്. വൈറ്റമിൻ കുറവുള്ളവരിലും നര കാണാറുണ്ട്, അത്തരം അപര്യാപ്തത ഉള്ളവർ വിറ്റാമിൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പാൽ, സാൽമൺ, ചീസ് എന്നിവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. ഷെൽഫിഷ്, മുട്ട, മാംസം എന്നിവയിൽ വിറ്റാമിൻ ബി-12യും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിച്ചും ഈ കുറവുകൾ പരിഹരിക്കാൻ കഴിയും.
മലയാളം വാർത്തകൾ/Photogallery/Life/Health/
തലയിലെ നരച്ച മുടി പിഴുതാല് കൂടുതല് നരയ്ക്ക് കാരണമാകുമോ? സത്യാവസ്ഥ അറിയാം