'ഒരു കള്ളവാറ്റുകാരന്റെയും മാസപ്പടി ഡയറിയില്‍ എന്റെ പേരില്ല' കടകംപള്ളിക്ക് മറുപടിയുമായി കുമ്മനം

Last Updated:

'വട്ടിയൂര്‍ക്കാവില്‍ വിജയം അത്ര ഉറപ്പാണെങ്കില്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാന്‍ താങ്കളുടെ പാര്‍ട്ടിയെ ഞാന്‍ വെല്ലു വിളിക്കുകയാണ്. വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരില്‍ പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവര്‍ത്തകരാണ്.'

തിരുവനന്തപുരം: സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ  രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരം എംപിയാവാന്‍ വന്ന കുമ്മനം ഗതികിട്ടാ പ്രേതമായി അലയുകയാണെന്ന് കടകംപള്ളി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് കുമ്മനം മറുപടി നൽകിയിരിക്കുന്നത്.
"കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോ?. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ എന്റെ പേര് ഉള്‍പ്പെടാഞ്ഞതും.
ആ അര്‍ത്ഥത്തില്‍ ഞാനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണ്. ".- കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കുമ്മനത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ബഹുമാനപ്പെട്ട ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയുന്നതിന്,
ഫേസ്ബുക്ക് പോസ്റ്റില്‍ അങ്ങ് എന്നെ അഭിസംബോധന ചെയ്ത രീതിയില്‍ പ്രാസമൊപ്പിച്ച് തിരിച്ചും അഭിസംബോധന ചെയ്യാന്‍ പറ്റാത്തതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ. അത് എന്റെ ഒരു പോരായ്മയാണെന്ന് അങ്ങ് മനസ്സിലാക്കുമെന്ന് കരുതുന്നു. ഞാന്‍ വളര്‍ന്നു വന്ന സാഹചര്യവും അതിലുപരി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശവുമാണ് ആ പോരായ്മയ്ക്ക് കാരണം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മന്ത്രിയായി വിരാജിക്കുന്ന അങ്ങയെപ്പോലെ ഔന്നത്യമുള്ള ഒരാള്‍ വെറും കുളിമുറി സാഹിത്യകാരന്‍മാരേപ്പോലെ അധ:പതിച്ചതാണോ ഉയര്‍ന്നതാണോയെന്ന് സമയം കിട്ടുമ്പോള്‍ പരിശോധിക്കുമെന്ന് കരുതുന്നു.
advertisement
ഇനി അങ്ങുന്നയിച്ച ആരോപണങ്ങളിലേക്ക് വരാം. രാഷ്ട്രീയമെന്നത് കടിക്കാനും പിടിക്കാനുമാണെന്ന അങ്ങയുടെ ചിന്തയല്ല എന്നെ നയിക്കുന്നതെന്ന് ആദ്യമേ പറയട്ടേ. കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോ?. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ എന്റെ പേര് ഉള്‍പ്പെടാഞ്ഞതും.
ആ അര്‍ത്ഥത്തില്‍ ഞാനൊരു ഗതികിട്ടാ പ്രേതമാണെന്ന് അംഗീകരിക്കുകയാണ്. എനിക്ക് മാസപ്പടി നല്‍കാനോ ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങള്‍ നല്‍കാനോ കള്ളവാറ്റുകാരനോ കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ക്യൂ നില്‍ക്കുന്നില്ല. അവരുമായി എനിക്ക് ചങ്ങാത്തവുമില്ല. ഇതും അങ്ങയുടെ ദൃഷ്ടിയില്‍ ഒരു പോരായ്മ തന്നെയാണല്ലോ?.
advertisement
28ാം വയസ്സില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ പൊതു പ്രവര്‍ത്തനം തുടങ്ങിയത്. അല്ലാതെ അങ്ങയെപ്പോലെ പൊതുപ്രവര്‍ത്തനത്തില്‍ വന്നതിന് ശേഷം 'ജോലി' കിട്ടിയതല്ല. മാത്രവുമല്ല ഞാന്‍ കടിപിടി കൂടാന്‍ പോകാത്തതു കൊണ്ടാണ് അങ്ങ് പറഞ്ഞ ഗവര്‍ണ്ണര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ അര നിമിഷം പോലും ആലോചിക്കാതെ അതിന് മുതിര്‍ന്നതും. ഞാന്‍ രാജ്ഭവന്റെ പടികടന്ന് ചെന്നതും പടിയിറങ്ങിയതും വലിയ സ്വപ്നങ്ങളോടു കൂടി തന്നെയാണ്. ഈ നാട്ടിലെ ദരിദ്രനാരായണന്‍മാരായ കോടിക്കണക്കിന് ജനങ്ങളുടെ കദനം അകറ്റാന്‍ കിട്ടാവുന്ന ഏത് അവസരവും ഉപയോഗിക്കണമെന്ന സ്വപ്നം. ഏത് തീരുമാനമെടുക്കുമ്പോഴും ആ വികാരമാണ് എന്നെ നയിച്ചിട്ടുള്ളത്. അല്ലാതെ കൂടെയുള്ളവന്റെ കുതികാല്‍ വെട്ടിയും അധികാരത്തില്‍ കടിച്ചു തൂങ്ങണമെന്ന അങ്ങയുടെ വികാരമല്ല. അതു കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് ആദ്യമേ നിലപാടെടുത്തത്.
advertisement
കുമ്മനം രാജശേഖരന്‍ പരാജയ ഭീതി കൊണ്ടാണ് മത്സരരംഗത്ത് നിന്ന് പിന്‍മാറിയതെന്ന അങ്ങയുടെ ആരോപണം എത്ര ബാലിശമാണെന്ന് ഒന്നു ചിന്തിച്ചു നോക്കണം. 10 വോട്ട് തികച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത കാലം മുതല്‍ ഞാനും എന്റെ പ്രസ്ഥാനവും മത്സര രംഗത്തുണ്ട്. ആ പാരമ്പര്യം താങ്കള്‍ക്കോ താങ്കളുടെ പാര്‍ട്ടിക്കോ ഉണ്ടോ?. കേരളത്തിന് വെളിയില്‍ ഒന്നു നിവര്‍ന്ന് നില്‍ക്കാന്‍ ഏത് ഈര്‍ക്കില്‍ സംഘടനയുമായും കൈകോര്‍ക്കുന്ന താങ്കളുടെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ ഓര്‍ത്ത് സഹതപിക്കാനേ ഇപ്പോള്‍ തരമുള്ളൂ. താങ്കളുടെ പ്രസ്ഥാനം നടത്തിയിട്ടുള്ള വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് കേരള നിയമസഭയില്‍ നിരവധി ബിജെപി അംഗങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ?. ഇതേപ്പറ്റി എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ മുരളീധരനും നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധിച്ചാല്‍ മതി. രണ്ടിന്റെയും ദൃശ്യങ്ങള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. അല്‍പ്പമെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ അണികളെ വഞ്ചിക്കുന്ന ഈ തറക്കളി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ചുരുങ്ങിയ പക്ഷം പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടാനെങ്കിലും തയ്യാറാകണം.
advertisement
ഇതിന് അങ്ങേയ്ക്ക് തന്റേടം ഉണ്ടാകില്ലെന്ന് അറിയാം. കാരണം അഭിമാനമല്ലല്ലോ, അധികാരമല്ലേ താങ്കള്‍ക്ക് വലുത്?. താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം പലകുറി കണ്ടതാണ്. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ചെന്ന് ഒന്ന് കൈകൂപ്പാന്‍ പോലും പറ്റാത്ത വിധം വിധേയനായി
ജീവിക്കുന്ന താങ്കള്‍ സ്വന്തമായി എന്ത് അഭിപ്രായം പറയാന്‍ അല്ലേ?. ശബരില സ്ത്രീപ്രവേശ വിഷയത്തിലും കേരള ജനത അങ്ങയുടെ നിലപാടില്ലായ്മ സഹതാപത്തോടെയാണ് കണ്ടത്. സ്വന്തം അഭിപ്രായം നിവര്‍ന്ന് നിന്ന് പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും പാര്‍ട്ടിയില്‍ നിന്ന് നേടിയിട്ട് പോരേ മറ്റ് പാര്‍ട്ടിക്കാരേ ഉപദേശിക്കാന്‍?. ശബരിമല ആചാര ലംഘനത്തിനുള്ള സ്ത്രീകളെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ആശീര്‍വദിച്ച് അയച്ചിട്ട് അങ്ങ് നടത്തിയ കപട നാടകവും ഞങ്ങള്‍ കണ്ടതാണ്.
advertisement
ഇതിനു മുന്‍പ് നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും അങ്ങ് എന്നെ ചെളിവാരി എറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ നവീകരിച്ച മിത്രാനന്ദപുരം കുളം സമര്‍പ്പണ ചടങ്ങില്‍ ക്ഷണിക്കാതെ താങ്കളോടൊപ്പം വേദിയില്‍ കയറിയിരുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ ആക്ഷേപം. പരിപാടിയുടെ സംഘാടകരോടോ എക്‌സിക്യൂട്ടീവ് ഓഫീസറോടോ പ്രാഥമിക അന്വേഷണം നടത്താനുള്ള സാമാന്യ മര്യാദ പോലുമില്ലാതായിരുന്നു താങ്കളുടെ നുണ പ്രചരണം. കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കൊപ്പം ഞാന്‍ ട്രെയിന്‍ യാത്ര നടത്തിയത് സുരക്ഷാ വീഴ്ചയാണെന്നും ക്ഷണമില്ലാതെയായിരുന്നു എന്നും താങ്കള്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ക്ഷണമോ അനുമതിയോ ഇല്ലാതെ ഒരാള്‍ക്കും അത് സാധ്യമാകില്ല എന്ന പ്രാഥമിക അറിവ് പോലുമില്ലാതെയായിരുന്നു ആ ജല്‍പ്പനം. സ്വന്തം സംസ്ഥാനത്തെ ഡിജിപിയോടോ ആ ജില്ലയിലെ എസ് പിയോടോ ഒന്ന് അന്വേഷിച്ചിരുന്നെങ്കില്‍ നിഷ്പ്രയാസം അറിയാന്‍ കഴിയുമായിരുന്ന കാര്യമാണ് താങ്കളുടെ കുബുദ്ധി നുണ പ്രചരണമാക്കി മാറ്റിയത്. അന്ന് താങ്കളെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായതും കേരളം മറന്നിട്ടില്ല.
advertisement
ഇനി ഞാന്‍ നേരത്തെ ഉന്നയിച്ച രാഷ്ട്രീയ ആരോപണത്തിലേക്ക്...
തിരുവനന്തപുരം മേയറെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയില്‍ പെടുത്തിയത് താങ്കളുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ വിജയം അത്ര ഉറപ്പാണെങ്കില്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാന്‍ താങ്കളുടെ പാര്‍ട്ടിയെ ഞാന്‍ വെല്ലു വിളിക്കുകയാണ്. വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരില്‍ പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവര്‍ത്തകരാണ്. അതോടെ വിദൂര ഭാവിയിലെങ്കിലും കഴക്കൂട്ടം മണ്ഡലത്തില്‍ സീറ്റിന് വേണ്ടി ഉയരുന്ന അവകാശ വാദം ഇല്ലാതാക്കാനും അങ്ങേയ്ക്ക് പദ്ധതിയുണ്ടെന്ന ആരോപണം ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. കാരണം കഷ്ടിച്ച് ഇനിയും ഒന്നര വര്‍ഷക്കാലത്തേക്ക് മാത്രമുള്ള അങ്ങയുടെ ഈ സിംഹാസനം ജനങ്ങള്‍ തന്നെ അറബിക്കടലില്‍ ഒഴുക്കാന്‍ കാത്തു നില്‍ക്കുകയാണ്.
പ്രശാന്തിനെപ്പറ്റി ഇത്രയധികം വാത്സല്യവും ഉത്കണ്ഠയുണ്ടെങ്കില്‍ ആദ്യം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ സ്വന്തം അണികളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയേയും അണികളേയും ചതിക്കുകയല്ല വേണ്ടത്. ധീരന്‍മാര്‍ നേര്‍ക്കു നേരാണ് പോരാടേണ്ടത്. മൂക്കു മുറിച്ചും ശകുനം മുടക്കുന്ന പതിവ് ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. വോട്ടു കച്ചവടം നടത്തിയല്ല ബിജെപിയെ തോല്‍പ്പിക്കേണ്ടത്. അതിനുള്ള ധീരത ഇത്തവണയെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
കുമ്മനം രാജശേഖരന്‍.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്;
വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശ കുമ്മനം രാജശേഖരന്‍ അസത്യപ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ കണ്ടു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പിയാകാന്‍ വന്ന കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിക്കാന്‍ വന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കച്ച കെട്ടിയ കുമ്മനത്തിനെ ബിജെപി നേതൃത്വം കുതികാല്‍ വെട്ടിയതാണെന്ന് പരസ്യമായി സമ്മതിച്ചത് കുമ്മനം തന്നെയാണ്. പരാജയ ഭീതി മൂലം പിന്മാറിയതാണെന്ന കഥ പ്രചരിക്കുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ കാരണം അറിയില്ലെന്ന വിലാപവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഗവര്‍ണര്‍ സ്ഥാനം കൊടുത്തിട്ടും അതില്‍ തൃപ്തനാകാതെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട് രാജി വെച്ച് നാണം കെട്ടിട്ടും, വീണ്ടും മത്സര മോഹവുമായി വന്ന തന്നെ പോലെയാണ് എല്ലാവരുമെന്ന ധാരണ കുമ്മനത്തിനുണ്ടാകും. അതുകൊണ്ടാകാം അഡ്വ. വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളി സുരേന്ദ്രന്റെ ചതിയാണെന്നൊക്കെ നിലവാരമില്ലാതെ കുമ്മനം പ്രസംഗിച്ചു നടക്കുന്നത്. വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് ഞാനടങ്ങുന്ന പ്രസ്ഥാനമാണ്. പ്രശാന്തിനെ കൗണ്‍സിലറായി കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കാനും, ജയിച്ച് വന്നപ്പോള്‍ മേയറാക്കാനും തീരുമാനിച്ചത് ഞാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്ന് കുമ്മനം അറിഞ്ഞിട്ടുണ്ടാവില്ല. വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവരദോഷ പ്രചാരണവുമായി കുമ്മനംജി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.
കഴക്കൂട്ടത്ത് മാത്രമല്ല സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ നേരത്തെ തീരുമാനിക്കുന്ന പാര്‍ലമെന്ററി വ്യാമോഹികളുടെ പാര്‍ട്ടിയല്ല സിപിഐഎമ്മെന്ന പ്രാഥമിക ജ്ഞാനം കുമ്മനത്തിന് ഉണ്ടാകാന്‍ വഴിയില്ല. പക്ഷേ, വട്ടിയൂര്‍ക്കാവ് എംഎല്‍എയായി വി.കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെടുമെന്നത് പരോക്ഷമായി അംഗീകരിക്കുന്നതാണ് തന്റെ പ്രസ്താവനയെന്ന ബോധ്യം കുമ്മനത്തിനുണ്ടാകും. തന്നെ വെട്ടി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ മൂന്നാം സ്ഥാനം ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം പ്രസ്താവനകള്‍ കുമ്മനം നടത്തുന്നത്.
ഒരു കാര്യം അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. സിപിഐഎമ്മിലെ യുവ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവന്ന ചരിത്രമാണ് കടകംപള്ളി സുരേന്ദ്രനുള്ളതെന്ന് കുമ്മനം മനസിലാക്കുന്നത് നല്ലതാകും. അല്ലാതെ, തെരഞ്ഞെടുപ്പ് എന്ന് കേട്ട ഉടന്‍ സ്ഥാനാര്‍ത്ഥി കുപ്പായമിട്ട് ഇറങ്ങുന്ന ആളുകളെ നാട്ടുകാര്‍ക്കറിയാം. കുമ്മനത്തെ വെട്ടിയെന്ന് പറയുന്നവര്‍ കുമ്മനത്തെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാന്‍ കഴിയില്ലെന്ന് ഇനി പറയുമെന്ന് അദ്ദേഹം സ്വയം വിമര്‍ശനം നടത്തിയതില്‍ സന്തോഷമുണ്ട്. കുറേക്കാലമായി കുമ്മനത്തെ തട്ടിയിട്ടും, മുട്ടിയിട്ടും നടക്കാനാകുന്നില്ലെന്ന് പരാതിയുള്ളവരാണ് ബിജെപിയിലെ സ്ഥാനാര്‍ത്ഥി മോഹികള്‍. കുമ്മനടി നാട്ടുകാര്‍ അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞതിന്റെ സങ്കടം തീര്‍ക്കാന്‍ മറ്റുള്ളവരുടെ മേലല്ല കുതിര കയറേണ്ടതെന്ന് മാത്രമേ പറയാനുള്ളൂ.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു കള്ളവാറ്റുകാരന്റെയും മാസപ്പടി ഡയറിയില്‍ എന്റെ പേരില്ല' കടകംപള്ളിക്ക് മറുപടിയുമായി കുമ്മനം
Next Article
advertisement
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
'എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിന്'; സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു

  • ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

  • പ്രതികളുടെ ജാമ്യഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത്

View All
advertisement