മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ദുൽഖർ സൽമാൻ. ദുൽഖർ പിതാവ് മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോട് ഏറെ പ്രിയമുള്ളയാളാണ്. ആഡംബര കാറുകളുടെ ശേഖരം തന്നെ ദുൽഖറിന് ഉണ്ട്. ഇപ്പോഴിതാ, ദുൽഖറിന്‍റെ നീല പോർഷെ കാർ ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ മുഹമ്മദ് ജസീൽ എന്ന ഉപയോക്താവാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
TN . 6 W 369 എന്ന നമ്പരിലുള്ള ദുൽഖറിന്‍റെ നീല പോർഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയിൽ ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുൽഖറിന്‍റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. വൺവേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാർ ട്രാഫിക് ഐലൻഡിന് മുന്നിൽ പാർക്ക് ചെയ്ത നിലയിലാണ് വീഡിയോയിൽ കാണുന്നത്.
ട്രാഫിക് സിഗ്നൽ തെളിയുമ്പോൾ കാർ മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവിടേക്ക് എത്തുന്നതും, തെറ്റായ ദിശയിൽ കയറി വന്ന കാർ പിന്നിലേക്ക് എടുക്കാൻ നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ പോർഷെ കാർ അതിവേഗം റിവേഴ്സ് പോകുന്നുണ്ട്. ഒടുവിൽ ഡിവൈഡർ അവസാനിക്കുന്ന സ്ഥലത്തു നിന്ന് ശരിയായ ട്രാക്കിലേക്ക് കയറുകയും അതിവേഗം മുന്നോട്ടു ഓടിച്ചു പോകുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച യുവാക്കൾ കാറിന്‍റെ പിന്നാലെ വെച്ചുപിടിക്കുന്നുണ്ട്. ഒരു തവണ പോർഷെ കാറിനെ ഓവർടേക്ക് ചെയ്തെങ്കിലും, പിന്നീട് കാർ കുതിച്ചു പായുന്നതാണ് വീഡിയോയിലുള്ളത്.
You May Also Like-
പോർഷേ ഓടിച്ച് താരമായി മമ്മൂട്ടി
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കളാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദുൽഖറിന്‍റെ കാറാണിതെന്ന് മനസിലാക്കിയ യുവാക്കൾ കാറിനുള്ളിലേക്ക് നോക്കി കുഞ്ഞിക്ക എന്നു വിളിക്കുന്നതും, ഡ്രൈവ് ചെയ്യുന്നയാൾ കൈ വീശി കാണിക്കുന്നതും വ്യക്തമാണ്. എന്നാൽ മാസ്ക്ക് ധരിച്ചിരിക്കുന്നതിനാൽ ഡ്രൈവ് ചെയ്തത് ദുൽഖർ സൽമാൻ തന്നെയാണോയെന്ന് വ്യക്തമല്ല.
കഴിഞ്ഞ വർഷം നടൻമാരായ പൃഥ്വിരാജും ദുൽഖർ സൽമാനും അവരുടെ ആഡംബര കാറുകളുടെ നിരത്തിലിറങ്ങി നടത്തിയ റേസിങ് വീഡിയോ വൈറലായിരുന്നു. വീഡിയോയിൽ പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖറിന്റെ പോർഷെ കാറുമായുള്ള മത്സരയോട്ടം ആണ് ഉണ്ടായിരുന്നത്. കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി രണ്ട് മുൻനിര യുവ താരങ്ങൾ നിരത്തിലിറങ്ങിയത്. ഇവരെ കൂടാതെ മറ്റ് രണ്ടുപേരും ഈ സൂപ്പർ കാർ ഓട്ടത്തിൽ ഒപ്പം ചേരുന്നു. പൃഥ്വിക്ക് ഒപ്പം തന്നെ ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖർ ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിച്ച് ഇവർക്കൊപ്പം ചേർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.