• HOME
  • »
  • NEWS
  • »
  • buzz
  • »
  • KGF 2 | 'കെജിഎഫ് 2 മൂന്ന് മണിക്കൂർ പീഡനം'; കെആർകെയുടെ ട്വീറ്റിന് ആരാധകരുടെ പൊങ്കാല

KGF 2 | 'കെജിഎഫ് 2 മൂന്ന് മണിക്കൂർ പീഡനം'; കെആർകെയുടെ ട്വീറ്റിന് ആരാധകരുടെ പൊങ്കാല

വെറുതെ പൈസ കളയാനായി എടുത്ത ചിത്രമാണ് കെജിഎഫ് എന്നും ചിത്രത്തിൽ മുഴുവനും തല പെരുക്കുന്ന സംഭാഷണങ്ങൾ മാത്രമാണുള്ളതെന്നും കെആർകെ തന്റെ ട്വീറ്റിൽ പറയുന്നു.

  • Share this:
    പ്രശാന്ത് നീലിന്റെ (Prashant Neel) സംവിധാനത്തിൽ യാഷ് (Yash) നായകനായി എത്തുന്ന കന്നഡ ചിത്രം 'കെജിഎഫ് 2' (KGF-2) തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. സൂപ്പർ ഹിറ്റായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന് ശേഷം ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ റിലീസ് ആയിരിക്കുന്നത്. റിലീസായി ദിവസങ്ങൾക്കുളിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ഭാഷയിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാലിപ്പോൾ ചിത്രം മറ്റൊരു കാര്യത്തിന്റെ പേരിലാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. നടനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാന്റെ (കെആർകെ) (Kamal R Khan) ട്വീറ്റാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്.

    കെജിഎഫ് 2 മൂന്ന് മണിക്കൂർ നേരത്തെ പീഡനമെന്നാണ് കെആർകെ ട്വീറ്റ് ചെയ്തത്. വെറുതെ പൈസ കളയാനായി എടുത്ത ചിത്രമാണ് കെജിഎഫ് എന്നും ചിത്രത്തിൽ മുഴുവനും തല പെരുക്കുന്ന സംഭാഷണങ്ങൾ മാത്രമാണുള്ളതെന്നും കെആർകെ തന്റെ ട്വീറ്റിൽ പറയുന്നു.




    ‘ഇന്ത്യൻ ആർമിക്കോ എയർഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായ് (പ്രശാന്ത് നീൽ). ഇങ്ങനെയാണെങ്കിൽ പാകിസ്ഥാനെയും ചൈനയെയുമൊക്കെ ഇന്ത്യ എങ്ങനെ നേരിടും.’–കെആർകെ തന്റെ ട്വീറ്റിൽ പറയുന്നു.


    ചിത്രത്തിലെ നായകാനായ യാഷിനെയും തന്റെ ട്വീറ്റിലൂടെ കെആർകെ വിമർശിച്ചു. 'ചിത്രത്തിലെ പ്രകടനം കണ്ടിട്ട് ഒരു മണിക്കൂർ കൊണ്ട് തന്നെ യാഷിന് യുക്രെയ്നിൽ യുദ്ധം നടത്തുന്ന റഷ്യൻ സൈന്യത്തെ തോൽപ്പിക്കാം. നിരപരാധികളായ ലക്ഷക്കണക്കിനാളുകൾക്ക് വേണ്ടി താങ്കൾ അത് ചെയ്യണം.' - കെആർകെ തന്റെ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.


    അതേസമയം, കെആർകെയുടെ ട്വീറ്റ് വൈറലായതോടെ ചിത്രം ഏറ്റെടുത്ത ആരാധകർ അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. മുംബൈ പോലീസിനെ ട്വിറ്ററിൽ ടാഗ് ചെയ്ത് ഈ ദേശദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആരാധകരിൽ ചിലരുടെ ആവശ്യം. ഇന്ത്യയിെല പ്രേക്ഷകര്‍ മുഴുവൻ കൈ നീട്ടി സ്വീകരിച്ച ചിത്രത്തെ താഴ്ത്തിക്കെട്ടുന്ന കെആർകെയെ അറസ്റ്റ് ചെയ്യണമെന്നും ചില ആരാധകർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

    നേരത്തെ രാജമൗലി ചിത്രം ആർആർആറിനെ വിമർശിച്ചും കെആർകെ രംഗത്തുവന്നിരുന്നു. കാർട്ടൂൺ ചിത്രങ്ങൾ പോലെയാണ് രാജമൗലി ചിത്രങ്ങളെന്നും പ്രേക്ഷകർക്ക് വിവരമില്ലാത്തതുകൊണ്ടാണ് ‘ആർആർആർ’ വിജയമായതെന്നുമായിരുന്നു കെആർകെ പറഞ്ഞത്.
    Published by:Naveen
    First published: