ഐക്യരാഷ്ട്രസഭയുടെ 'മികച്ച ടൂറിസം വില്ലേജ്' പട്ടികയിൽ ഇടം കണ്ടെത്താനൊരുങ്ങി മേഘാലയയിലെ 'ചൂളമടി ഗ്രാമം'
- Published by:Naveen
- news18-malayalam
Last Updated:
ഈ ഗ്രാമത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്, ഇവിടെയുള്ള ആളുകള്‍ ചൂളമടിക്കുന്നതുപോലെ പാടിക്കൊണ്ടാണ് പരസ്പരം ആശയവിനിമയം നടത്തുന്നു എന്നതാണ്
ആഗോളതലത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (UNWTO) ലോകത്തിലെ 'മികച്ച ടൂറിസം ഗ്രാമം' കണ്ടെത്താനുള്ള ശ്രമത്തിലാണ്. 'മികച്ച ടൂറിസം വില്ലേജ്' വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് മേഘാലയയിലെ 'ചൂളമടി ഗ്രാമം' എന്നറിയപ്പെടുന്ന കോങ്തോംഗിനും മത്സരിക്കുന്നുണ്ട്. കോങ്തോംഗ് കൂടാതെ ഇന്ത്യയിലെ മറ്റ് രണ്ട് ഗ്രാമങ്ങളായ തെലങ്കാനയിലെ പോച്ചമ്പള്ളിയും മധ്യപ്രദേശിലെ ലധ്പുര ഖാസും ഈ വിഭാഗത്തിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം അറിയിച്ചുകൊണ്ട് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തിരുന്നു, ''മേഘാലയയിലെ വിസില്‍ ഗ്രാമമായ കോങ്തോംഗ് രാജ്യത്തെ രണ്ട് ഗ്രാമങ്ങള്‍ക്കൊപ്പം യുഎന്‍ഡബ്ല്യുടിഒയുടെ മികച്ച ടൂറിസം വില്ലേജിലേക്ക്' തിരഞ്ഞെടുക്കപ്പെട്ടു'' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. യുഎന്‍ഡബ്ല്യുടിഒയുടെ മികച്ച ടൂറിസം ടൂറിസം ഗ്രാമമത്തെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകള്‍ക്കുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 15 വരെയാണ്.
മേഘാലയയിലെ പര്‍വ്വത പ്രദേശങ്ങളായ സോഹ്റയ്ക്കും പൈനുര്‍സ്ലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കോങ്തോംഗ് ഗ്രാമം മനോഹരമായ കാഴ്ചകളാലും ഹൃദയം നിറയ്ക്കുന്ന പച്ചപ്പും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ ഗ്രാമത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്, ഇവിടെയുള്ള ആളുകള്‍ ചൂളമടിക്കുന്നതുപോലെ പാടിക്കൊണ്ടാണ് പരസ്പരം ആശയവിനിമയം നടത്തുന്നു എന്നതാണ്. കോങ്തോംഗ് ഗ്രാമം അറിയപ്പെടുന്നത് തന്നെ 'വിസിലിംഗ് വില്ലേജ്' എന്നാണ്.
advertisement
ഈ ഗ്രാമത്തിലെ ഓരോ ആളുകളുടെയും പേര് ഒരു പാട്ടുമായി ബന്ധപ്പെട്ടതായിരിക്കും എന്നതാണ് കൂടുതല്‍ ആകര്‍ഷകമായ മറ്റോരു കാര്യം. ഇവിടെ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും അമ്മമാർ അവർക്കായി താരാട്ട് പാട്ടുകൾ രചിക്കുന്നു. അത് ആ കുട്ടിയുടെ ജീവിതത്തിന്റെ തനതായ വ്യക്തിത്വമായി മാറുന്നു. മാത്രമല്ല, തരാട്ടിന് വാക്കുകളുണ്ടാവില്ല, അത് ഒരു ഈണം മാത്രമാണ്. ഗ്രാമവാസികള്‍ക്ക് മാത്രം തിരിച്ചറിയാനും ഓര്‍മ്മിക്കാനും കഴിയുന്ന ഒരു തരം മൂളല്‍ ആണത്.
ലോകമെങ്ങും സ്ഥിരതയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കലും വികസിപ്പിക്കലും പ്രധാന ലക്ഷ്യമായി കണ്ട് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഒരു പ്രത്യേക ഏജന്‍സിയാണ് UNWTO. 1974 നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങിയ സംഘടനയുടെ ആസ്ഥാനം സ്‌പെയിനിലെ മാഡ്രിഡ് ആണ്. ടൂറിസം മേഖലയിലെ മുന്‍നിര അന്താരാഷ്ട്ര സംഘടനയായ UNWTO, ഉത്തരവാദിത്തമുള്ളതും സുസ്ഥിരവും എല്ലാവര്‍ക്കും സാധ്യമാകുന്നതുമായ വിനോദസഞ്ചാരത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.
advertisement
ലോകമെമ്പാടുമുള്ള വിജ്ഞാന, ടൂറിസം നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നേതൃത്വവും പിന്തുണയും നല്‍കുന്നതിനോടൊപ്പം സാമ്പത്തിക വളര്‍ച്ച, സമഗ്ര വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്കായി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഈ സംഘടന ശ്രദ്ധ ചെലുത്തുന്നു. ടൂറിസം നയ പ്രശ്നങ്ങള്‍ക്കായുള്ള ആഗോള ഫോറമായും ടൂറിസം ഗവേഷണത്തിന്റെയും അറിവിന്റെയും പ്രായോഗിക ഉറവിടമായും ഇത് പ്രവര്‍ത്തിക്കുന്നു. വിനോദസഞ്ചാരത്തിനായുള്ള ആഗോള കോഡ് ഓഫ് എത്തിക്‌സ് നടപ്പാക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു. അതേസമയം ടൂറിസം മൂലം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള നടപടികളും സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2021 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഐക്യരാഷ്ട്രസഭയുടെ 'മികച്ച ടൂറിസം വില്ലേജ്' പട്ടികയിൽ ഇടം കണ്ടെത്താനൊരുങ്ങി മേഘാലയയിലെ 'ചൂളമടി ഗ്രാമം'