HOME /NEWS /Buzz / 1961ൽ അവസരം നഷ്ടമായി; ഇപ്പോൾ 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക്; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്

1961ൽ അവസരം നഷ്ടമായി; ഇപ്പോൾ 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക്; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക്

വാലി ഫങ്ക്

വാലി ഫങ്ക്

അന്ന് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതി നഷ്‌ടമായ വാലിക്ക് നിലവിൽ സ്വന്തമാകാൻ പോകുന്നത് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന അംഗീകാരമാണ്.

  • Share this:

    സ്‌ത്രീയായതിന്‍റെ പേരിൽ അവസരങ്ങൾ നഷ്‌ടപ്പെട്ട ഒരുപാടുപേരുണ്ട്. ആ കൂട്ടത്തിലുള്ള ഒരു വനിതയാണ് വാലി ഫങ്ക്. 1961ൽ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു വാലി. അന്ന് 21 വയസായിരുന്നു അവരുടെ പ്രായം. 'മെർക്കുറി 13' എന്ന പേരിലുള്ള ബഹിരാകാശ യാത്രാപദ്ധതിയിലായിരുന്നു വാലി അംഗമായിരുന്നത്. 13 സ്‌ത്രീകളുടെ സംഘമായിരുന്നു അത്. മെർക്കുറി 13ന് പുറമെ പുരുഷന്മാരുടെ സംഘമായ മെർക്കുറി 7ഉം പരിശീലനങ്ങൾക്കുണ്ടായിരുന്നു. കർശനമായ പരിശീലന പരിപാടികളായിരുന്നു ഇരു സംഘങ്ങൾക്കും. എന്നാൽ, അവസാനം സ്‌ത്രീകളുടെ സംഘത്തെ ബഹിരാകാശത്ത് അയക്കേണ്ടെന്ന് നാസ തീരുമാനിച്ചു. സ്‌ത്രീ ആയി ജനിച്ചതിനാൽ അവസരം നഷ്‌ടപ്പെട്ട 21 കാരിയായിരുന്ന വാലി ഫങ്കിന് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കേണ്ടി വന്നത് 61 വർഷങ്ങള്‍.

    82 വയസായ വാലി ഫങ്ക് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതി നഷ്‌ടമായ വാലിക്ക് നിലവിൽ സ്വന്തമാകാൻ പോകുന്നത് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന അംഗീകാരമാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ ജൂലൈ 20ന് ടെക്‌സസിൽ നിന്നും ലോഞ്ച് ചെയ്യുന്ന ബ്ലൂ ഒറിജിന്‍റെ ബഹിരാകാശ പേടകത്തിൽ വാലിയും പറക്കും. അമേരിക്കയിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്‌ട്രക്‌ടർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്‌പെക്‌ടർ എന്നീ അംഗീകാരങ്ങളെല്ലാം വാലിയുടെ പേരിലാണ്.

    തന്‍റെ സ്വന്തം പേടകമായ ന്യൂ ഷെപ്പേഡ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ വിശിഷ്‌ടാതിഥിയായി വാലി ഫങ്കും കൂടെയുണ്ടാകുമെന്നാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെയാണ് നേരത്തെ ലോകത്തെ അറിയിച്ചത്. ബെസോസ് ഇൻസ്റ്റഗ്രാമിൽ നടത്തിയ പ്രഖ്യാപനം അത്ഭുതത്തോടെ കേട്ടുനിൽക്കുന്ന വാലിയുടെ ദൃശ്യങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 'മറ്റാരും ഇത്രമാത്രം കാത്തിരുന്നിട്ടില്ല, സമയമെത്തിയിരിക്കുന്നു, ബഹിരാകാശ സംഘത്തിലേക്ക് സ്വാഗതം വാലി, ഞങ്ങളുടെ വിശിഷ്‌ടാതിഥിയായി ബഹിരാകാശ യാത്രയ്ക്കൊരുങ്ങിക്കോളൂ'- ബെസോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

    പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിതകളിൽ ഒരാൾ

    അമേരിക്കയിൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിതകളിൽ ഒരാളാണ് വാലി ഫങ്ക്. എന്നാൽ വിമാനം പറത്താനുള്ള അവസരം പെണ്ണാണെന്ന കാരണത്താൽ നിഷേധിക്കപ്പെട്ടു. മൂന്ന് വിമാനക്കമ്പനികളാണ് പെണ്ണാണെന്ന കാരണത്താൽ അപേക്ഷകൾ നിരസിച്ചത്. എന്നാൽ അതൊന്നും വാലിയെ തളർത്തിയില്ല. അമേരിക്കയിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്‌ട്രക്‌ടർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്‌പെക്‌ടർ എന്നീ അംഗീകാരങ്ങള്‍ വാലിയുടെ പേരിലാണ്. 19,600 മണിക്കൂറാണ് വാലി വിമാനം പറത്തിയിട്ടുള്ളത്. ഇതിനുപുറമെ 3000ത്തിലധികം പേർക്ക് വാലി പൈലറ്റ് പരിശീലനവും നൽകി.

    കഠിന പരിശീലനം

    മെർക്കുറി 13ലെ അതികഠിന പരിശീലനങ്ങളിൽ പുരുഷന്മാരെക്കാൾ മികവ് പുലർത്തിയിരുന്നത് വാലിയായിരുന്നു. തുടർന്ന് ബഹിരാകാശ യാത്രയ്ക്ക് താത്പര്യമുണ്ടെന്ന് നാസയെ അറിയിച്ചെങ്കിലും ആരും തന്നെ അംഗമാക്കാൻ തയാറായില്ലെന്നും അവര്‍ ഓർത്തെടുക്കുന്നു. ഒരിക്കലും ഇനി ബഹിരാകാശത്തേക്ക് പോകാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വാലി പറയുന്നു. 1963ലാണ് ആദ്യമായി ഒരു വനിത ബഹിരാകാശത്തെത്തുന്നത്. സോവിയറ്റ് യൂണിയനായിരുന്നു ആ ചരിത്രം കുറിച്ചത്. വാലന്‍റീന തെരഷ്കോവയായിരുന്നു അത്. ഇത് കണക്കിലെടുത്തെങ്കിലും തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ വാലി മൂന്ന് തവണ കൂടി നാസയെ സമീപിക്കുന്നുണ്ട്. പക്ഷേ നിരാശയായിരുന്നു ഫലം.

    വീണ്ടും 20 വർഷങ്ങൾക്ക് ശേഷം 1983ലാണ് ആദ്യമായി ഒരു അമേരിക്കൻ വനിത ബഹിരാകാശത്തേക്ക് പോകുന്നത്. അന്ന് നറുക്ക് വീണത് സാലി റൈഡിനായിരുന്നു. 1995 ൽ ആദ്യമായി എലീൻ കോളിൻസ് എന്ന അമേരിക്കൻ വനിത ബഹിരാകാശ പേടകത്തിന്‍റെ കമാൻഡറുമായി. ഡിസ്‌കവറി സ്പേസ് ഷട്ടിലിന്‍റെ കമാൻഡറായിട്ടായിരുന്നു എലീൻ കോളിൻസ് ബഹിരാകാശത്ത് പോയത്. അന്നത്തെ വിക്ഷേപണം വീക്ഷിക്കാനായി മെർക്കുറി 13ലെ സ്‌ത്രീകളിൽ മിക്കവരും ഒത്തുകൂടിയിരുന്നു.

    ബഹിരാകാശ യാത്ര?

    വിക്ഷേപണത്തറയിൽ നിന്നും അതിഭീകര വേഗതയിൽ മുകളിലേക്ക് ഉയരുന്ന ന്യൂ ഷെപ്പേഡ് 65 മൈൽ സഞ്ചരിച്ച് ബഹിരാകാശത്തിന്‍റെ അരികിലെത്തും. അവിടെവച്ച് സീറ്റ് ബെൽറ്റ് ബന്ധം വിഛേദിക്കുന്ന യാത്രികർക്ക് ഏകദേശം നാല് മിനിട്ട് ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കാൻ കഴിയും. പത്ത് മിനിട്ട് മാത്രം നീളുന്ന ഒരു യാത്രയായിരിക്കും ഇത്.

    First published:

    Tags: Jeff Bezos, Space mission