ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി തട്ടിയ യുവതി അറസ്റ്റൊഴിവാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു
- Published by:meera_57
- news18-malayalam
Last Updated:
താന്‍ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നത്. ആഡംബരപൂര്‍ണമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്
എയര്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയ കേസില്‍ ചൈനീസ് സ്വദേശിയായ 30കാരി പിടിയിലായി. രണ്ടുവര്‍ഷത്തിന് ശേഷമാണ് തായ്‌ലാന്‍ഡില്‍വെച്ച് സീയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി രൂപമാറ്റം വരുത്താന്‍ യുവതി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. വലിയ തുക നല്‍കുന്നവർക്ക് എയർലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് അവര്‍ ആസൂത്രണം ചെയ്തത്. ഇവരെ തായ്‌ലാന്‍ഡില്‍നിന്ന് ചൈനയിലേക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. അസാധാരണമായ രീതിയില്‍ മുഖം മറയ്ക്കുകയും മാസ് ധരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കോക്കിലെ പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അനധികൃത കുടിയേറ്റമാണെന്ന് കരുതി തായ് ഇമിഗ്രേഷന്‍ പോലീസ് ഒക്ടോബര്‍ 7ന് ഇവരെ തടഞ്ഞുവെച്ചു.
ഭക്ഷണം എടുക്കുന്നതിനായി തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിയ സീയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ മുന്നില്‍ സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ സീയ്ക്ക് കഴിഞ്ഞില്ല. കൂടാതെ 15 ദിവസത്തെ വിസയിലാണ് 2022ല്‍ തായ്‌ലാന്‍ഡില്‍ എത്തിയത്. എന്നാല്‍, 650 ദിവസത്തോളം അവര്‍ തായ്‌ലാന്‍ഡില്‍ താമസിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഏകദേശം പത്ത് വര്‍ഷത്തോളമായി സീ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2016നും 2019നും ഇടയില്‍ വിമാനക്കമ്പനികളുമായി തനിക്ക് ബന്ധമുണ്ടെന്ന് സീ ഉദ്യോഗാര്‍ഥികളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് ശേഷം ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 1.5 മില്ല്യണ്‍ യുവാന്‍ തട്ടിയെടുക്കുകയായിരുന്നു. കുറഞ്ഞത് ആറ് പേരില്‍ നിന്നെങ്കിലും അവര്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
താന്‍ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നത്. ആഡംബരപൂര്‍ണമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം തോന്നാതിരിക്കാനും തന്റെ പദ്ധതിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുമായി പല വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് നല്‍കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ കസിനും തട്ടിപ്പില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018ല്‍ തന്റെ കസിനോട് സീ 6.13 ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. തന്റെ സുഹൃത്തിന് ജപ്പാനില്‍ നിന്ന് വാച്ച് വാങ്ങുന്നതിനാണ് ഈ പണമെന്നും സീ കസിനെ ധരിപ്പിച്ചു. സഹകരിച്ചാല്‍ 5000 യുവാന്‍ പാരിതോഷികമായി നല്‍കുമെന്നും അവര്‍ കസിനോട് പറഞ്ഞു. എന്നാല്‍, നിരവധി തവണ ചോദിച്ചതിന് ശേഷം കടമായി നല്‍കിയ തുകയില്‍ ചെറിയൊരു ഭാഗം സീ കസിന് തിരിച്ചു നല്‍കി. ഇതിനുശേഷം ഫ്‌ളൈറ്റ് അറ്റന്‍ഡ് ആണെന്ന ഷീയുടെ അവകാശവാദം കളവാണെന്ന് കസിന്‍ മനസ്സിലാക്കി.
advertisement
തട്ടിപ്പുകഥകള്‍ പുറത്തുവന്നതോടെ സീ തായ്‌ലാന്‍ഡിലേക്ക് കടന്നു. ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ ബ്ലൂനോട്ടീസ് പുറപ്പെടുവിച്ചതായി തായ് പോലീസ് കണ്ടെത്തി. 2014 മുതല്‍ സീ തട്ടിപ്പുനടത്തിയതായി കണ്ടെത്തി. തുടർന്ന് ചൈനീസ് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനായി സീ താന്‍ തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിസ നിയമലംഘനത്തിന് സീയെ തായ് നിയമപ്രകാരം ശിക്ഷിക്കുകയും തുടര്‍ന്ന് ചൈനയിലേക്ക് നാടുകടത്തുകയും ചെയ്യുമെന്ന് തായ് ഇമിഗ്രേഷന്‍ ബ്യൂറോ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2024 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി തട്ടിയ യുവതി അറസ്റ്റൊഴിവാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു