Explained | കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം
- Published by:user_57
- news18-malayalam
Last Updated:
ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം, ഉപയോഗം എന്നിവയെക്കുറിച്ചും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും കൂടുതലറിയാം
രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. കൂടുതൽ ആളുകൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തേണ്ട സാഹചര്യമാണ് പല സംസ്ഥാനങ്ങളിലുമുള്ളത്. ഈ അവസരത്തിൽ ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം, ഉപയോഗം എന്നിവയെക്കുറിച്ചും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും കൂടുതലറിയാം.
ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത് എങ്ങനെ?
നിരവധി മാർഗങ്ങളിലൂടെ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാം. എന്നാൽ പൊതുവെ അവലംബിക്കുന്ന മാർഗം എയർ സെപ്പറേഷൻ യൂണിറ്റ് എന്ന സംവിധാനം ഉപയോഗിച്ചുകൊണ്ട് ഓക്സിജനെ വേർതിരിച്ചെടുക്കലാണ്. അംശിക സ്വേദനം എന്ന മാർഗത്തിലൂടെ വലിയ അളവിലുള്ള അന്തരീക്ഷവായുവിൽ നിന്ന് ഈ സംവിധാനം ശുദ്ധ ഓക്സിജനെ വേർതിരിച്ചെടുക്കുന്നു. 78% നൈട്രജൻ, 21% ഓക്സിജൻ, 1% മറ്റു വാതകങ്ങൾ എന്നിവയാണ് അന്തരീക്ഷ വായുവിലുള്ളത്. അന്തരീക്ഷവായു തണുപ്പിച്ച് ദ്രവീകരിച്ചതിന് ശേഷം ഈ ഘടകങ്ങളോരോന്നും വേർതിരിച്ചു മാറ്റുകയും പിന്നീട് ദ്രവീകൃത ഓക്സിജനെ പ്രത്യേകമായി അരിച്ചു മാറ്റുകയുമാണ് ചെയ്യുന്നത്.
advertisement
ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ ഉപയോഗം എങ്ങനെ?
അന്തരീക്ഷവായു ആദ്യം -181 ഡിഗ്രി സെൽഷ്യസ് താപനിലയിലേക്ക് തണുപ്പിക്കുന്നു. ഓക്സിജൻ ഈ താപനിലയിൽ ദ്രവീകരിക്കപ്പെടും. നൈട്രജന്റെ തിളനില -196 ഡിഗ്രി സെൽഷ്യസ് ആയതിനാൽ അത് വാതകാവസ്ഥയിൽ തന്നെ തുടരുകയാണ് ചെയ്യുക. എന്നാൽ, ഓക്സിജന്റേതിന് സമാനമായ തിളനിലയുള്ള ആർഗണും ഓക്സിജനോടൊപ്പം ദ്രവീകരിക്കപ്പെടും.
ഓക്സിജന്റെയും ആർഗണിന്റെയും മിശ്രിതം കൂടുതൽ ശുദ്ധീകരിക്കുന്നതിനായി താഴ്ന്ന മർദ്ദമുള്ള ഒരു പാത്രത്തിലൂടെ കടത്തിവിടുന്നു. ഈ പ്രക്രിയയുടെ ഒടുവിൽ നമുക്ക് ശുദ്ധീകരിക്കപ്പെട്ട ദ്രവീകൃത ഓക്സിജൻ ലഭിക്കും. ഇത് ക്രയോജനിക് കണ്ടയിനറുകളിൽ വേണ്ട സ്ഥലങ്ങളിൽ എത്തിക്കും.
advertisement
എന്താണ് ക്രയോജനിക് കണ്ടയിനറുകൾ?
ദ്രവീകരിച്ച വാതകങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാനും കുറഞ്ഞ ചെലവിൽ കൊണ്ടുപോകാനുമൊക്കെ പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണ് ക്രയോജനിക് കണ്ടയിനറുകൾ. -90 ഡിഗ്രി സെൽഷ്യസിന് താഴെയുള്ള താപനിലയിലാണ് ഇവയിൽ ഓക്സിജൻ സൂക്ഷിക്കുക.
എന്താണ് പ്രെഷർ സ്വിങ് അബ്‌സോർപ്‌ഷൻ സംവിധാനം?
വാതകാവസ്ഥയിൽ തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. ഉയർന്ന മർദ്ദത്തിൽ വാതകങ്ങൾ ഖര പ്രതലങ്ങളിലേക്ക് ആകർഷിക്കപ്പെടും എന്ന തത്വത്തെ മുൻനിർത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. മർദ്ദം കൂടുന്നതിനനുസരിച്ച് വാതകം കൂടുതലായി ആഗിരണം ചെയ്യപ്പെടും.
advertisement
വായു പോലുള്ള ഒരു വാതകമിശ്രിതം സിയോലൈറ്റ് ഉൾക്കൊള്ളുന്ന ഒരു പാത്രത്തിലൂടെ കടത്തിവിടുക. സിയോലൈറ്റ് ഓക്സിജനേക്കാൾ നൈട്രജനെ ആകർഷിക്കുന്നതിനാൽ ഭൂരിഭാഗം വരുന്ന നൈട്രജനെ സിയോലൈറ്റ് ആഗിരണം ചെയ്യും. തുടർന്ന് പാത്രത്തിന്റെ മറുവശത്തുകൂടി പുറത്തേക്ക് വരുന്ന വാതകത്തിൽ ഓക്സിജന്റെ അളവ് താരതമ്യേന വളരെ കൂടുതലായിരിക്കും. ആശുപത്രികളിൽ ഉൾപ്പെടെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. നേരിട്ട് ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
പിന്തുടരേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെ?
താപനില അധികമായാൽ ഒരുപാട് പദാർത്ഥങ്ങൾ ഓക്സിജനിൽ കത്താൻ സാധ്യതയുണ്ട്. അതിനാൽ മെഡിക്കൽ ഓക്സിജൻ കൈകാര്യം ചെയ്യുന്നവരെല്ലാം ഇക്കാര്യത്തിൽ അതീവശ്രദ്ധ പുലർത്തുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. കോവിഡ് പ്രതിസന്ധി കാരണം ആശുപത്രികളിൽ ഓക്സിജന്റെ സംഭരണവും ഉപയോഗവും കൂടിയതിനാൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
advertisement
Keywords: Covid 19, Oxygen Crisis, Liquid Meidcal Oxygen, Cryigenic Containers, കോവിഡ് 19, ഓക്സിജൻ ക്ഷാമം, ദ്രവീകൃത മെഡിക്കൽ ഓക്സിജൻ, ക്രയോജനിക് കണ്ടയിനറുകൾ
Location :
First Published :
May 07, 2021 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Explained | കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം










