കേരളത്തിൽ ഈ മാസം 15നുശേഷം സ്കൂളുകൾ തുറന്നേക്കും; തുടക്കത്തിൽ 10, പ്ലസ് ടു ക്ലാസുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്കൂളുകൾ തുറക്കുമ്പോൾ സുരക്ഷിതമായ അകലം ഉറപ്പാക്കിയാകും ക്ലാസുകളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക
തിരുവനന്തപുരം; കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ് വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം സ്കൂളുകൾ തുറക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. ഈ മാസം 15നു ശേഷം സ്കൂളുകൾ തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തുടക്കത്തിൽ 10, പ്ലസ് ടു ക്ലാസുകളായിരിക്കും തുടങ്ങുക.
ഒക്ടോബർ 15നുശേഷം നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മടി കാട്ടിയിരുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. 10, പ്ലസ് ടു പ്രവേശന പരീക്ഷകൾക്ക് അധിക കാലം ബാക്കിയില്ലാത്തതിനാൽ രക്ഷിതാക്കളുടെ കൂടി ആശങ്ക പരിഗണിച്ചാണ് സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
കർശന നിയന്ത്രണങ്ങളോടെയാകും സ്കൂളുകൾ തുറക്കുക. ഒരു ക്ലാസിലെ വിദ്യാർഥികളെ തന്നെ രണ്ടോ മൂന്നോ ബാച്ചുകളായി തിരിച്ചു, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസിൽ ഇരുത്തുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. സുരക്ഷിതമായ അകലം ഉറപ്പാക്കിയാകും ക്ലാസുകളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതിനൊപ്പം മാസ്ക്കുകളും സാനിറ്റൈസളുകളുടെയും ഉപയോഗം നിർബന്ധമായും നടപ്പാക്കും.
advertisement
അതേസമയം സ്കൂളുകൾ തുറക്കുന്ന കാര്യവും കുട്ടികളെ പ്രവേശിപ്പിക്കുന്നതുസംബന്ധിച്ചും ആരോഗ്യവകുപ്പിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്തശേഷമായിരിക്കും തീരുമാനിക്കുക. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലെ സ്കൂളുകൾ തുറക്കില്ല.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് വിശകലനം ചെയ്തശേഷമായിരിക്കും ഏതൊക്കെ പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക. അടുത്ത മന്ത്രിസഭാ യോഗം സ്കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
Location :
First Published :
November 02, 2020 10:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കേരളത്തിൽ ഈ മാസം 15നുശേഷം സ്കൂളുകൾ തുറന്നേക്കും; തുടക്കത്തിൽ 10, പ്ലസ് ടു ക്ലാസുകൾ