സദാചാര ഗുണ്ടായിസം: 5 പേർക്കെതിരെ കേസ്; പ്രസ് ക്ലബ് സെക്രട്ടറിയെ KUWJ സസ്പെൻഡ് ചെയ്തു
Last Updated:
പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വനിതാ മാധ്യമ പ്രവര്‍ത്തകർ നല്‍കിയ പരാതിയെ തുടര്‍ന്ന് രാധാകൃഷ്ണനെ അംഗത്വത്തില്‍ നിന്നും സംസ്‌പെന്‍ഡ് ചെയ്തതായി പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. ഐ.പി.സി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകരുടെയും നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഇന്ത്യയുടെയും പരാതിയിലാണ് രാധാകൃഷ്ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെയും നിയമിച്ചിട്ടുണ്ട്. രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ ജോസഫിനും പരാതി നൽകിയിട്ടുണ്ടെന്ന് നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ നേതാക്കൾ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ നാളെ പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി യോഗം ചേരും. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ചില മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ വ്യക്തമാക്കി.
advertisement
ഇതിനിടെ പ്രസ്ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തെ അപലപിച്ച് ഇന്ത്യൻ ജേണലിസ്റ്റ് യൂണിയനും രംഗത്തെത്തി. പ്രസ് ക്ലബ് സെക്രട്ടറിയുടെ നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്ന് യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യുവതിയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയത്.
advertisement
ശനിയാഴ്ച രാത്രി പത്തു മണിയോടെ യുവതിയുടെ വീട്ടില്‍ വന്ന് മടങ്ങിയ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ചോദ്യം ചെയ്യുകയും വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. വീട്ടിലേക്ക് ഇവര്‍ അതിക്രമിച്ച് കയറിയെന്നും പരാതിയില്‍ പറയുന്നു.
സഹപ്രവര്‍ത്തകനായ സുഹൃത്ത് എന്തിനാണ് രാത്രി വീട്ടിലെത്തിയെന്ന് ചോദിച്ച രാധാകൃഷ്ണന്‍ മോശം ഭാഷയിലാണ് തന്നോട് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു. ഇതിനിടെ സഹപ്രവര്‍ത്തകനെ രാധാകൃഷ്ണനും സംഘവും മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തുടര്‍ന്ന് തന്നെയും മക്കളേയും മറ്റൊരു മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. ഭര്‍ത്താവിനെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്‌നം ഒതുക്കിതീര്‍ക്കാമെന്ന് പറഞ്ഞെന്നും യുവതി ആരോപിക്കുന്നു.
advertisement
'വീടിന്റെ വാതിലില്‍ മുട്ടുകേട്ട് വാതില്‍ തുറന്നു നോക്കി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കുറച്ചു പേര്‍ മുറ്റത്ത് നില്‍ക്കുന്നു. അല്‍പം മുന്‍പ് വീട്ടില്‍ നിന്നും മടങ്ങിയ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, ഇയാള്‍ എപ്പോഴും ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ എത്തിയിരുന്നതെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. ഇതും പറഞ്ഞ് രാധാകൃഷ്ണനും സംഘവും അതിക്രമിച്ച് കയറി. സുഹൃത്തിനെ തല്ലുകയും എന്നേയും മക്കളേയും റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ചെയ്തു.' - പരാതിക്കാരി പറയുന്നു.
advertisement
'മുറിയിലെ കസേരയില്‍ ഇരുത്തിയ ശേഷം സഹപ്രവര്‍ത്തകനെ രാധാകൃഷ്ണനും സംഘവും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും രാധാകൃഷ്ണന്‍ അതിന് അനുവദിച്ചില്ല. ഇതിനു ശേഷം വീടിന്റെ അടുക്കളയിലും കിടപ്പുമുറികളിലും അതിക്രമിച്ചു കയറി പരിശോധന നടത്തിയ ശേഷമാണ് രാധാകൃഷ്ണനും സംഘവും മടങ്ങിയത്.'
Location :
First Published :
December 04, 2019 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സദാചാര ഗുണ്ടായിസം: 5 പേർക്കെതിരെ കേസ്; പ്രസ് ക്ലബ് സെക്രട്ടറിയെ KUWJ സസ്പെൻഡ് ചെയ്തു